ന്യൂഡൽഹി: ഇന്ത്യയിലെ  ഉപഭോക്തൃ വില സൂചിക പ്രകാരം ( കൺസ്യൂമർ പ്രൈസ് ഇൻഡക്സ്, സിപിഐ)  നാണയപ്പെരുപ്പം ജൂണിൽ അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ അഞ്ച്  ശതമാനത്തിലെത്തി. സാധാരണ ജൂൺ മാസത്തിൽ താഴ്ന്ന് നിൽക്കേണ്ട വിലനിലവാരം ഉയർന്നത് പൊതുവിപണിയിൽ വരും ദിനങ്ങൾ സാധാരണക്കാരനെ വലയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മെയ് മാസത്തിൽ ഇത് 4.87 ശതമാനമായിരുന്നു. കഴിഞ്ഞ ജൂണിൽ വെറും 1.46 ശതമാനമായിരുന്നതാണ് ജൂണിൽ  അഞ്ച് ശതമാനം ആയത്. ഇക്കഴിഞ്ഞ ജനുവരിയിൽ 5.17 ശതമാനമായിരുന്നു  സിപിഐ പ്രകാരം നാണയപ്പെരുപ്പത്തിന്റെ നില.

നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ​വരുന്ന വ്യതിയാനം  ചില്ലറ വ്യാപാരമേഖലയിലെ നാണയപ്പെരുപ്പത്തിന്റെ തോതിനെ ഏറ്റവും അധികം സ്വാധീനിക്കുന്നത്.  ഉപഭോക്തൃ വില സൂചികയിൽ ഉണ്ടാകുന്ന മാറ്റം ഏറ്റവും അടിത്തട്ടിലായി രേഖപ്പെടുത്തുന്ന ചില്ലറ വിപണിയിലെ വിലക്കയറ്റം  ​ഇത് വ്യക്തമാക്കുന്നു.   പെട്രോൾ-ഡീസൽ വിലയിൽ ഉണ്ടായ കുതിച്ചുകയറ്റമാണ് ഇതിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കഴിഞ്ഞ മാസങ്ങളിലെല്ലാം തോത് ഉയർന്നുനിന്നത് നോട്ട് നിരോധനത്തിന് ശേഷം പല വ്യവസായ മേഖലകളും തകർന്നതിന്റെ കൂടി സൂചനയാണെന്ന് അവർ വിശദീകരിച്ചു.

വിലക്കയറ്റം നാല് ശതമാനത്തിൽ പിടിച്ചുനിർത്താൻ റിസർവ് ബാങ്കിന് കേന്ദ്രസർക്കാർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് സാധ്യമാകാത്ത സാഹചര്യത്തിൽ ഈ മാസം അവസാന വാരം വീണ്ടും റിസർവ് ബാങ്ക് യോഗം ചേർന്ന് പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കും.

വസ്ത്ര – ചെരുപ്പ് വിപണികളിൽ 5.67 ശതമാനമാണ് ഈ നിരക്ക്. ഇതും കഴിഞ്ഞ മാസത്തേക്കാൾ ഉയർന്നതായിരുന്നു. ജൂണിൽ യോഗം ചേർന്ന് റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം ഉയർത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ