ന്യൂഡൽഹി: ബിജെപി മുക്ത ഇന്ത്യ 2019 ൽ ഉണ്ടാകുമെന്ന് ആം ആദ്മി പാർട്ടി. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെ ചൂണ്ടിക്കാട്ടിയാണ് എഎപിയുടെ പ്രതികരണം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി നടന്ന സെമിഫൈനൽ പോരാട്ടത്തിൽ ബിജെപി പതറുന്ന കാഴ്ചയാണ് കാണാനായത്.

ബിജെപിയുടെ പൊളളയായ വാഗ്‌ദാനങ്ങൾ കേട്ടു മനം മടുത്ത ജനങ്ങൾ നൽകിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും 2019 ൽ ബിജെപി മുക്ത ഇന്ത്യ ഉണ്ടാവുമെന്നും എഎപി മുതിർന്ന നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് സിങ് പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് പറഞ്ഞല്ല, വോട്ടുകൾ ചേദിക്കേണ്ടതെന്നും, മറിച്ച് പ്രവൃത്തികൾ ചെയ്തായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ പദ്ധതികളിൽ കർഷകരും യുവാക്കളും വ്യാപാരികളും സ്ത്രീകളും സന്തുഷ്ടരല്ല. അതിനാലാണ് ഭരണത്തിലിരുന്ന സംസ്ഥാനങ്ങളിൽപ്പോലും ബിജെപിക്ക് അടിപതറിയതെന്നും സിങ് പറഞ്ഞു.

രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിക്ക് കനത്ത പ്രഹരമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. മൂന്നിടങ്ങളിലും കോൺഗ്രസ്സാണ് മുന്നേറിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ