ചെന്നൈ: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച്, ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തമിഴ്നാട്ടിലെ പ്രചാരണത്തിൽ നിന്ന് രാഹുൽ ഗാന്ധിയെ വിലക്കണമെന്ന് ബിജെപി തമിഴ്‌നാട് ഘടകം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. യുവാക്കളെ മറ്റൊരു സ്വാതന്ത്ര്യസമരത്തിന് പ്രേരിപ്പിച്ചതിന് രാഹുലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഇസി പൊലീസിന് നിർദേശം നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു.

കന്യാകുമാരി ജില്ലയിലെ മുളകും മൂട് സെന്റ് ജോസഫ് മെട്രിക് സ്‌കൂളില്‍ നടത്തിയ പ്രചാരണത്തെ അടിസ്ഥാനമാക്കിയാണ് ബിജെപിയുടെ പരാതി. രാജ്യത്ത് ഇപ്പോഴുള്ളത് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പുള്ള സാഹചര്യമാണെന്ന് രാഹുല്‍ ഗാന്ധി അവിടെ പ്രസംഗിച്ചിരുന്നു. ഇതിനെ മറികടക്കാന്‍ ബ്രിട്ടീഷുകാരെ നേരിട്ട രീതിയില്‍ യുവതലമുറ സമരത്തിനിറങ്ങണം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. ഈ പരാമര്‍ശങ്ങളെ ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ പരാതി. തമിഴ്‌നാട് ബിജെപി തിരഞ്ഞെടുപ്പ് ഘടകത്തിന് വേണ്ടി വി.ബാലചന്ദ്രനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

രാജ്യത്ത് ധാരാളം വെറുപ്പ് പടരുന്നു, വളരെയധികം ഭയമുണ്ട്, അതിനെതിരെയാണ് നമ്മൾ പോരാടേണ്ടത്. വിഭജനത്തോടും വെറുപ്പിനോടും ഭയത്തോടും പോരാടേണ്ടതുണ്ട്, വീണ്ടും ഇന്ത്യയെ സന്തോഷിപ്പിക്കുകയും ഐക്യം വളർത്തുകയും ചെയ്യണമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

Read More: ഇ.ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി

രാഹുല്‍ ഗാന്ധിയുടെ നിലപാട് രാജ്യവിരുദ്ധവും പെരുമാറ്റ ചട്ട ലംഘനവുമാണെന്നാണ് ആരോപണം. സംഭവത്തില്‍ രാഹുലിനെതിരെ രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് രാഹുല്‍ ഗാന്ധി പ്രചാരണം നടത്തുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് രഹുല്‍ ഗാന്ധിക്കെതിരായ ബിജെപിയുടെ പരാതി. രാഹുലിന്റെ പ്രസ്താവന ഐപിസിയുടെ 124 എ വകുപ്പ് ലംഘിക്കുന്നതായി പരാതിയിൽ ബാലചന്ദ്രൻ അവകാശപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook