ഹൈദരാബാദ്: ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ മക്ക മസ്ജിദ് സ്ഫോടന കേസിൽ വിധി പറഞ്ഞ ശേഷം രാജിവച്ച ജഡ്‌ജി രവീന്ദർ റെഡ്ഡിയോട് ജോലിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടു. ഇദ്ദേഹം സമർപ്പിച്ച രാജിക്കത്ത് ആന്ധ്രപ്രദേശ് ചീഫ് ജസ്റ്റിസ് തളളി. സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട ജഡ്ജി വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി സമർപ്പിച്ചത്.

ആന്ധ്രപ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് രമേഷ് രംഗനാഥൻ രാജിക്കത്തിന് പുറമേ, എൻഐഎ ജഡ്‌ജിയുടെ 15 ദിവസത്തെ അവധി അപേക്ഷയും റദ്ദാക്കി.

ഹൈദരാബാദിലെ എൻഐഎ കോടതിയിലെ നാലാമത്തെ അഡീഷണൽ സെഷൻസ് കോടതി ജഡ്ജായ ഇദ്ദേഹം ഏപ്രിൽ 16 ന് മക്ക മസ്ജിദ് സ്ഫോടന കേസിൽ വിധി പറഞ്ഞ ഉടനാണ് രാജിവച്ചത്. കേസിൽ സ്വാമി അസീമാനന്ദയടക്കം എല്ലാ പ്രതികളെയും ഇദ്ദേഹം വെറുതെ വിട്ടിരുന്നു.

കേസിൽ തെളിവുകളുടെ അഭാവത്തിലാണ് പ്രതികളായവരെ വെറുതെ വിട്ടുകൊണ്ടുകൊണ്ട് എൻഐഎ കോടതി വിധി പ്രസ്താവിച്ചത്. അസീമാനന്ദയടക്കം അഞ്ച് പേരായിരുന്നു കേസിലെ പ്രതികൾ.

ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ മക്ക മസ്ജിദിൽ 2007 മെയ് 18 നാണ് സ്ഫോടനം നടന്നത്. ഇതിൽ എട്ട് പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. ഇതിനെ തുടർന്ന് നടന്ന പൊലീസ് വെടിവയ്‌പിൽ അഞ്ചു പേരും കൊല്ലപ്പെട്ടിരുന്നു.

പ്രാഥമിക​ അന്വേഷണത്തിന് ശേഷം, കേസ് സിബിഐക്ക് കൈമാറിയിരുന്നു. സിബിഐ കുറ്റപത്രം നൽകിയ ശേഷം, 2011 ഏപ്രിലിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു. 230 സാക്ഷികളും 411 രേഖകളും കേസിലുണ്ടായിരുന്നെങ്കിലും വിചാരണയ്ക്കിടയിൽ ലഫ്റ്റനന്റ് കേണൽ ശ്രീകാന്ത് പുരോഹിത് അടക്കമുളള 35സാക്ഷികൾ കൂറുമാറിയത് പ്രതികൾക്ക് സഹായകരമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ