ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി 200 രൂപയുടെ നോട്ട് പുറത്തിറക്കിയതിന് പിന്നാലെ പിന്‍വലിച്ച 1000 രൂപ നോട്ടുകളും പുതിയ രൂപത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്നു. കൂടുതല്‍ സുരക്ഷാ മുന്‍കരുതലോടും പുതിയ രൂപത്തിലുമാണ് 1000 രൂപ നോട്ട് പുറത്തിറക്കുക. നിലവിലുളള 500, 2000 നോട്ടുകള്‍ക്ക് ഇടയിലുളള വിടവ് നികത്താന്‍ ഉടന്‍ തന്നെ പുതിയ നോട്ട് അച്ചടിച്ച് തുടങ്ങുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നോട്ട് നിരോധനത്തിന് പിന്നാലെ തന്നെ 1000 രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ 2000, 500 തുടങ്ങിയ പുതിയ നോട്ടുകള്‍ മാത്രമാണ് കേന്ദ്രം പുറത്തിറക്കിയത്. മൈസൂരിലേയും സാല്‍ബോനിയിലേയപം അച്ചടി കേന്ദ്രങ്ങളില്‍ 1000 രൂപ നോട്ടുകള്‍ അച്ചടിച്ച് തുടങ്ങിയതായാണ് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബറോടെ പുതിയ നോട്ടുകള്‍ പുറത്തിറങ്ങുമെന്നാണ് സൂചന.

അഞ്ഞൂറിനും രണ്ടായിരത്തിനും ഇടയിൽ നോട്ടുകൾ ലഭ്യമല്ലാത്തതിനാൽ, വിനിമയത്തിനായി കറൻസികളെ ആശ്രയിക്കുന്ന സാധാരണക്കാരന് വളരെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായി നോട്ട് അസാധുവാക്കലിന്റെ സമയം മുതലേ പരാതിയുണ്ട്. തുടർന്ന് രണ്ടായിരത്തിന് പകരം ആയിരം രൂപ നോട്ടുകൾ വിപണിയിൽ തിരിച്ചു കൊണ്ടുവരണമെന്നും വ്യാപകമായി ആവശ്യമുയർന്നിരുന്നു..

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ