കൊച്ചി: സിവിൽ സർവീസിൽ സംവരണം അട്ടിമറിക്കാൻ ലാറ്ററൽ എൻട്രി നിയമനവുമായി കേന്ദ്ര സർക്കാർ. സിവിൽ സർവീസിൽ ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തസ്തികളിലേക്കാണ് ലാറ്ററൽ എൻട്രിവഴിയുള്ള നിയമനം നടത്തുന്നത്.
ഈ നിയമന രീതിയിലൂടെ സംവരണവും യോഗത്യാ മാനദണ്ഡങ്ങളും അട്ടിമറിക്കപ്പെടുകയാണ് എന്ന് ആരോപണം ഉയർന്നു കഴിഞ്ഞു. ഡോ. വി. ശിവദാസൻ രാജ്യസഭയിൽ ലാറ്ററൽ എൻട്രി വഴിയുള്ള സിവിൽ സർവീസ് നിയമനത്തെ കുറിച്ച് ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം അട്ടിമറിക്കപ്പെടുന്ന വസ്തുതയിലേക്ക് വെളിച്ചം വീശുന്ന വിവരം പുറത്തുവന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രിയായ ഡോ. ജിതേന്ദ്ര സിങ് നൽകിയ മറുപടിയിലാണ് സിവിൽ സർവീസ് രംഗത്തെ നിലവിലെ മാനദണ്ഡങ്ങൾ അട്ടിമറിക്കുന്ന ഈ വിവരം പുറത്തുവന്നത്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണ് ലാറ്ററൽ എൻട്രി വഴി സിവിൽ സർവീസിലെ ഉയർന്ന തസ്തികളായ ജോയിന്റ് സെക്രട്ടറി, ഡയറ്ക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തസ്തികകളിലേക്ക് നിയമനം നടത്തുന്നതെന്ന് മറുപടിയിൽ വ്യക്തമാക്കുന്നു.
Also Read: ഒമിക്രോണ്‍: പ്രാദേശിക നിയന്ത്രണങ്ങള്‍ പരിഗണിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം
ലാറ്റൽ എൻട്രിവഴിയുള്ള നിയമനത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കോ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കോ ( എസ് സി , എസ് ടി, ഒ ബി സി) സംവരണം ഉണ്ടായിരിക്കുന്നതല്ലെന്നും ഉത്തരത്തിൽ വ്യക്തമാക്കുന്നു. മറ്റ് യോഗ്യരായ ഉദ്യോഗാർത്ഥികൾക്കൊപ്പമായിരിക്കും യോഗ്യതയുള്ള സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെയും പരിഗണിക്കുകയെന്ന് ഉത്തരത്തിൽ വ്യക്തമാക്കുന്നു.
2019ൽ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി ഒമ്പത് ജോയിന്റ് സെക്രട്ടറിമാരെ ലാറ്ററൽ എൻട്രിവഴി നിയമചിച്ചുവെങ്കിൽ 2021 ആയപ്പോൾ ലാറ്ററൽ എൻട്രിവഴിയുള്ള നിയമനം 31 ആയി വർദ്ധിച്ചു. ഇതിൽ മൂന്ന് പേരെ ജോയിന്റ് സെക്രട്ടറി തസ്തികയിലേക്കും 19 പേരെ ഡയറക്ടർ തസ്തികയിലും ഒമ്പത് പേരെ ഡെപ്യൂട്ടി സെക്രട്ടറി തസ്തികയിലുമാണ് നിയമിച്ചതെന്നും ഉത്തരത്തിൽ വിശദീകരിക്കുന്നു.
രണ്ട് വർഷം കൊണ്ട് സിവിൽ സർവീസിൽ നടന്ന 40 നിയമനങ്ങളിൽ ഒന്നിൽപോലും സംവരണം പാലിച്ചിട്ടില്ലെന്നതാണ് ഇത് വെളിപ്പെടുത്തുന്നത്. നിലവിലെ സംവരണ നിയമങ്ങളെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കമാണ് ഇതിന് പിന്നിലെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു.
Also Read: പുതിയ ജിഎസ്ടി വ്യവസ്ഥകൾ ജനുവരി ഒന്നുമുതൽ; വ്യവസ്ഥകളെക്കുറിച്ച് ആശങ്കകളും
സംവരണം അട്ടിമറിക്കുക മാത്രമല്ല, സർക്കാരിന്റെ ഇഷ്ടക്കാരെ സുപ്രധാനവും തന്ത്രപ്രധാനവുമായ തസ്തികളിൽ നിയമിക്കുന്നതിനുള്ള കുറുക്കുവഴിയാണ് ഇതെന്ന് ഡോ. വി. ശിവദാസൻ എം പി, ഐഇ മലയാളത്തോട് പറഞ്ഞു.
“ഇന്ത്യയുടെ നിത്യജീവിതത്തെ ബാധിക്കുന്ന നിരവധി വിഷയങ്ങളിൽ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് എക്സിക്യൂട്ടീവിന്റെ ഭാഗമായി നിൽക്കുന്നവരാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ അതിന് വേണ്ടി കടന്നുവരുന്നവർക്ക് പരിമിതകളുണ്ടെങ്കിൽ പോലും കൃത്യമായ പരീക്ഷയും പരിശീലനവും ഒക്കെ നൽകുന്നുണ്ട്. എന്നാൽ, അതൊക്കെ മറികടന്ന ലാറ്ററൽ എൻട്രി എന്ന ഓമനപ്പേരിൽ ഭരിക്കുന്ന പാർട്ടിയുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി അവരുടെ വിശ്വസ്തരെ തിരുകിക്കയറ്റുന്ന രീതിയാണ് ഇപ്പോഴത്തെ ഈ ലാറ്ററൽ എൻട്രി നിയമനം. അധ്വാനിച്ച് പഠിച്ച് മികച്ച പ്രകടനം കാഴ്ചവച്ച നിരവധിയാളുകൾക്ക് അർഹതയുള്ള നിയമനം ലഭിക്കില്ലെന്ന് മാത്രമല്ല, രാജ്യതാൽപ്പര്യത്തിന് മുകളിൽ ഒരു ചെറു വിഭാഗത്തിന്റെ കച്ചവട താൽപ്പര്യവും ഭരിക്കുന്ന പാർട്ടിയുടെ താൽപ്പര്യങ്ങളും മാത്രമായിരിക്കും ഇങ്ങനെ നിയമിക്കപ്പെടുന്നവർ സംരക്ഷിക്കുക. തങ്ങളെ നിയമിച്ച മുതലാളിയോട് മാത്രമായിരിക്കും ഇവരുടെ കടപ്പാട്. ഇങ്ങനെ നിയമിച്ച പലരുടെയും യോഗ്യതകൾ മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥർ അടക്കം ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ സാമൂഹിക പിന്നാക്കവസ്ഥയുടെ പശ്ചാത്തലത്തിലുള്ള സാമൂഹിക നീതി നടപ്പാക്കുന്നതിനുള്ള നിലവിലുള്ള സംവരണ മാനദണ്ഡങ്ങൾ പോലും ഇല്ലാതാക്കിയാണ് ലാറ്ററൽ എൻട്രിയിലൂടെ ഈ നിയമനങ്ങൾ നടത്തുന്നത്. എല്ലാ അർത്ഥത്തിലും സാമൂഹിക നീതി അട്ടിമറിക്കുകയും സിവിൽ സർവീസിനെ ആന്തരികമായി ദുർബലപ്പെടുത്തുകയും ചെയ്യുന്ന നടപടിയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ലാറ്ററൽ എൻട്രി നിയമനം” ശിവദാസൻ പറഞ്ഞു.