വാഷിങ്ടൺ: ലോകത്തെ ഞെട്ടിച്ച വാണക്രൈ സൈബർ ആക്രമണത്തിന് പിന്നിൽ നോർത്ത് കൊറിയയാണോ? സൈബർ സുരക്ഷാ വിദഗ്ധർ ഉത്തരകൊറിയയുടെ പങ്ക് തെളിയിക്കുന്ന സാങ്കേതിക തെളിവുകൾ പുറത്ത് വിട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാണക്രൈ 1.0 വൈറസുകളെ ഡീകോഡ് ചെയ്യാൻ അന്താരാഷ്ട്ര സൈബർ സുരക്ഷാ വിദഗ്ധർക്ക് സാധിച്ചിട്ടുണ്ട്. ഈ കോഡുകളെ വിശകലനം ചെയ്തതിൽ നിന്നാണ് നോർത്ത് കൊറിയൻ ഹാക്കേഴ്സ് മുൻപ് ഉപയോഗിച്ചിട്ടുള്ള കോഡുകളാണ് ഇതെന്ന് കണ്ടെത്തിയതെന്നാണ് വാർത്തകൾ.

ദക്ഷിണ കൊറിയയിലെ ഹൊറി ലാബിൽ നിന്നുള്ള വിദഗ്ധരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മറ്റ് ലാബുകളിൽ നിന്നും സമാന കണ്ടെത്തലാണ് ഉണ്ടായതെന്നും ഇവർ പറയുന്നു. സിമാന്റക് ലാബിൽ നിന്നും കാർസ്ബെർകി ലാബിൽ നിന്നും ഉത്തര കൊറിയൻ ഹാക്കേഴ്സ് മുൻപ് ഉപയോഗിച്ചിട്ടുള്ള കോഡുകൾ വാണക്രൈയിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ പുറത്തു വന്നിട്ടുള്ള റിപ്പോർട്ടുകൾ സത്യമാണെന്നും ഉത്തര കൊറിയയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു സൈബർ ആക്രമണം ഉണ്ടാകുമെന്ന് തങ്ങൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും കാസ്പേർസ്കി ലാബ് വിദഗ്ധർ അറിയിക്കുന്നു.

150 ലധികം ലോകരാഷ്ട്രങ്ങളിലായി രണ്ട് ലക്ഷത്തിലധികം കംപ്യൂട്ടർ ശൃംഖലകളിലാണ് ഇപ്പോൾ ഈ റാൻസംവെയർ കടന്നുകയറിയിരിക്കുന്നത്. ഇന്ത്യയുൾപ്പടെ സകല ലോക രാഷ്ട്രങ്ങൾക്കും തങ്ങളുടെ ഡിജിറ്റൽ വിവര ശേഖരത്തിന് മുകളിൽ യാതൊരു സുരക്ഷിതത്വവും ഇല്ലെന്ന ബോധ്യപ്പെടുത്തലാണ് വാണക്രൈ റാൻസംവെയറിന്റെ ഉപജ്ഞാതാക്കൾ നൽകിയത്.

വളരെ ഉപദ്രവകാരിയായ ഒരു മാല്‍വെയറാണ് റാൻസംവെയർ. നമ്മുടെ കംപ്യൂട്ടറിനകത്തേക്ക് നുഴഞ്ഞുകയറുന്ന ഈ മാല്‍വെയര്‍ പിന്നീട് ഫയലുകൾ ഒന്നൊന്നായി എൻക്രിപ്റ്റ് (encrrypt) ചെയ്യും. അവ കോഡ് രൂപത്തിലേക്ക് മാറ്റും. നമുക്ക് ഫയലുകളൊന്നും ഓപ്പൺ ചെയ്ത് വായിക്കാൻ സാധിക്കാത്ത സ്ഥിതിയിലാക്കിയ ശേഷം ഇത് പൂർവ്വാവസ്ഥയിലേക്ക് മാറ്റിയെടുക്കുന്നതിന് പണം ആവശ്യപ്പെടും. വിൻഡോസിന്റെ തകരാർ മനസിലാക്കിയാണ് റാൻസംവെയർ ലോകമാകെയുള്ള കംപ്യൂട്ടർ ശൃംഖലകളിലേക്ക് തുറന്നുവിട്ടത്. ഇന്നോളം ലോകം അഭിമുഖീകരിച്ച സൈബർ അറ്റാക്കുകളിൽ ഏറ്റവും മാരകമായതും ഏറ്റവും അധികം രാജ്യങ്ങളിലേക്ക് ആക്രമണം നടത്തിയതും ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന വാണക്രൈ റാൻസംവെയറാണ്.

റാൻസംവെയർ വ്യാപിക്കുന്നതിന്റെ വളർച്ചാ നിരക്കിൽ കുറവു വന്നതായാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഇത് സുരക്ഷാ നടപടികൾ കാര്യക്ഷമമായത് കൊണ്ടാണെന്ന് കരുതപ്പെടുന്നു. ഇന്ത്യ കനത്ത രീതിയിലുള്ള ആക്രമണം ഇന്നലെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നലെ ഇതുണ്ടായില്ല.

എന്നാൽ റഷ്യയിലും ചൈനയിലും ഇന്നലെയും രൂക്ഷമായ ആക്രമണം നടന്നു. ചൈനയിൽ 29000 സ്ഥാപനങ്ങളിൽ റാൻസംവെയർ ആക്രമിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ റാൻസംവെയർ ആക്രമണത്തിൽ ഏറ്റവും അധികം മുറിവേറ്റത് റഷ്യയ്ക്കാണെന്നാണ് പുറത്തുവരുന്ന വിവരം. ഇവിടെ നിന്നുള്ള കണക്കുകൾ ലഭ്യമായിട്ടില്ല.

ഇന്ന് രാവിലെ ബാങ്കുകളിലെ കംപ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റവും ആന്റിവൈറസും പുതുക്കിയ ശേഷം മാത്രം പ്രവർത്തനം ആരംഭിച്ചാൽ മതിയെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പുറത്തുനിന്നുള്ള മെയിലുകളിലെ ഉള്ളടക്കം തടയുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ