ന്യൂഡല്‍ഹി: 71-ാം റിപ്പബ്ലിക് ദിനാഘോഷത്തിനു മുന്നോടിയായി പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പത്മ പുരസ്കാരങ്ങളിൽ മലയാളികൾക്ക് അംഗീകാരം. ആത്മീയ ആചാര്യൻ ശ്രീഎമ്മിനും എൻ.ആർ.മാധവമേനോനും പത്മ ഭൂഷൺ ലഭിച്ചു. എന്‍.ചന്ദ്രശേഖരന് നായര്‍, എം.കെ.കുഞ്ഞോള്, കെ.എസ്.മണിലാല്‍, മൂഴിക്കല്‍ പങ്കജാക്ഷിയമ്മ, സത്യനാരായണന് മുണ്ടൂര്‍ എന്നിവരാണ് പത്മശ്രീ ലഭിച്ച മലയാളികള്‍. ആകെ 116 പേര്‍ക്കാണ് പത്മശ്രീ പുരസ്കാരം ലഭിച്ചത്.
നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, അരുണാചലിലെ ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തകനും മലയാളിയുമായ സത്യനാരായണന് മുണ്ടയൂര്‍ എന്നിവരുടെ പത്മശ്രീ നേട്ടത്തിന് തിളക്കമേറെയാണ്.
Read Also: Bigg Boss Malayalam 2, January 25 Written Live Updates: ഫുക്രുവിനോട് ദേഷ്യപ്പെട്ട് മോഹൻലാൽ
അന്യംനിന്നു പോകുന്ന ഒരു പാരമ്പര്യ കലാരൂപമാണ് നോക്കുവിദ്യ പാവകളി. കൈകള്‍ കൊണ്ട് പാവകളെ നിയന്ത്രിക്കുന്ന തോല്‍പ്പാവകളിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് നോക്കുവിദ്യ പാവകളി. മൂക്കിനും മേല്ച്ചുണ്ടിനും ഇടയിലുള്ള ഇത്തിരി സ്ഥലത്ത് കുത്തി നിര്‍ത്തിയ ഒരു വടിയിലാണ് നോക്കുവിദ്യ പാവകളിയില്‍ പാവകളെ നിയന്ത്രിക്കുന്നത്. നോക്കുവിദ്യ പാവകളിയിൽ ഏറെ വെെദഗ്ധ്യമുള്ള പങ്കജാക്ഷി വിദേശ രാജ്യങ്ങളിലും ഇത് അവതരിപ്പിച്ചിട്ടുണ്ട്.

1979- മുതല്‍ അരുണാചലിലെ ഗ്രാമങ്ങളില്‍ വായനാശാലകള്‍ തുറക്കാനും വിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്താനും നിർണായക പങ്കുവഹിച്ച വ്യക്തിയാണ് സത്യനാരായണൻ മുണ്ടയൂർ. മലയാളിയായ സത്യനാരായണൻ കഴിഞ്ഞ നാല് പതിറ്റാണ്ടായി അരുണാചൽ പ്രദേശിലാണ് സേവനം ചെയ്യുന്നത്. മുംബൈയില്‍ റവന്യു ഓഫീസറായി ജോലി നോക്കുന്ന അദ്ദേഹം അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ക്കിടയില്‍ മൂസ അങ്കിൾ എന്നാണ് അറിയപ്പെടുന്നത്.
ജഗദീഷ് ലാല്‍ അഹുജ( പഞ്ചാബ്), മുഹമ്മ ഷരീഫ്( യുപി), ജാവേദ് അഹമ്മദ് ടക് ( ജമ്മു കശ്മീര്‍),തുളസി ഗൗഡ (കര്‍ണാടക ), അബ്ദുള്‍ ജബ്ബാര്‍ (മധ്യപ്രദേശ്) തുടങ്ങിയവരടക്കം 21 പേര്‍ക്ക് പത്മശ്രീ ലഭിച്ചു.
ഇത്തവണ ഏഴുപേരാണ് പത്മവിഭൂഷൺ നേടിയത്. ഒന്നാം മോദി മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന അരുൺ ജെയ്റ്റ്ലിക്കും സുഷമ സ്വരാജിനും പത്മവിഭൂഷൺ ലഭിച്ചു. ഇരുവർക്കും മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷൺ ലഭിച്ചത്. കായികരംഗത്തെ മികച്ച സംഭാവനകൾക്ക് മേരി കോമിനും പത്മവിഭൂഷൺ ലഭിച്ചു. 16 പേർക്കാണ് പത്മഭൂഷൺ ലഭിച്ചത്. കായികരംഗത്തു നിന്ന് പി.വി.സിന്ധുവിന് പത്മഭൂഷൺ ലഭിച്ചിട്ടുണ്ട്.