ന്യൂഡല്‍ഹി: ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ നാവികസേനയുടെ ടാംബ്ലേയായി 1946 ലെ ഇന്ത്യന്‍ നാവികരുടെ പ്രക്ഷോഭവും തദ്ദേശീയ നിര്‍മിത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ മാതൃകയും ചിത്രീകരിക്കും.
മോശപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കും ഭക്ഷണത്തിനുമെതിരെ 1946 ഫെബ്രുവരിയില്‍ ഏകദേശം 1,100 നാവികരാണ് പ്രതിഷേധിച്ചത്. ഇത് നാവിക കലാപം എന്നും അറിയപ്പെടുന്നു.
ബോംബെ തീരത്തു നങ്കൂരമിട്ട എച്ച്എംഐഎസ് തല്‍വാർ എന്ന കപ്പലിലും ബോംബെയിലെ തന്നെ റോയല്‍ ഇന്ത്യന്‍ നേവി സിഗ്‌നല്‍ സ്‌കൂളിലും ആരംഭിച്ച പണിമുടക്ക് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും അതിവേഗം വ്യാപിച്ചു.
പണിമുടക്കില്‍ രോഷാകുലനായ എച്ച്എംഐഎസ് തല്‍വാറിന്റെ കമാന്‍ഡര്‍ എഫ്എം കിങ്, ഇന്ത്യന്‍ നാവികരെ ‘കൂലികളുടെയും തെണ്ടികളുടെയും മക്കള്‍’ എന്ന് വിളിച്ചു. ഇത് നാവികരെ കൂടുതല്‍ പ്രകോപിതരാക്കി. അടുത്ത ദിവസമായപ്പോഴേക്കും കല്‍ക്കട്ട മുതല്‍ കറാച്ചി വരെ ഇരുപതിനായിരത്തിലധികം ഇന്ത്യന്‍ നാവികര്‍ പണിമുടക്കില്‍ ചേര്‍ന്നു.
Also Read: വര്‍ധിതശേഷിയുമായി ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍; പരീക്ഷണം വിജയം
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന സമരംസായുധ സേനയ്ക്കുള്ളില്‍ ദേശീയതയുടെ ആവേശം ഉയര്‍ത്താനും കാരണമായി. ഒടുവില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഇടപെടലിനെത്തുടര്‍ന്നാണു സമരം പിന്‍വലിച്ചത്.
ടാബ്ലോയുടെ മുന്‍ഭാഗം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനു സംഭാവന നല്‍കിയ 1946 ലെ നാവിക കലാപത്തെ ചിത്രീകരിക്കുമെന്നു ഐഎന്‍എസ് രജാലി എയര്‍ സ്റ്റേഷനില്‍ നാവിക വ്യോമയാന ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് മായങ്ക് ഭാഗൂര്‍ പറഞ്ഞു,
പിന്‍ഭാഗത്ത് 1983 മുതല്‍ 2021 വരെയുള്ള തദ്ദേശീയ പ്രതിരോധ നിര്‍മാണത്തിന്റെ നിരവധി സംരംഭങ്ങള്‍ ഇടംപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയ വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെയും വായുവിലുള്ള ചെറു യുദ്ധവിമാനത്തിന്റെ മാതൃക നടുവില്‍ ഇടംപിടിക്കും. സമീപത്തായി തദ്ദേശീയ മിസൈല്‍ കപ്പല്‍ കോറ, വിശാഖപട്ടണം ക്ലാസ് ഡിസ്‌ട്രോയര്‍ എന്നിവയുടെ മാതൃക. ഇടതുവശത്ത് ശിവാലിക് എന്ന പടക്കപ്പല്‍. പി-75 അന്തര്‍വാഹിനി കാല്‍വരി, പടക്കപ്പല്‍ ഗോദാവരി, ഡല്‍ഹി ക്ലാസ് ഡിസ്‌ട്രോയര്‍ എന്നിവ ഇടതുഭാഗത്തും ഇടംപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കപ്പല്‍നിര്‍മാണ ശാലയില്‍ നിര്‍മിച്ച ഐഎന്‍എസ് വിക്രാന്ത് വിമാനവാഹിനിക്കപ്പല്‍ ഇതുവരെ കമ്മിഷന്‍ ചെയ്തിട്ടില്ല. കപ്പലിന്റെ മൂന്നാം ഘട്ട സമുദ്രപരീക്ഷണം അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു.
Also Read: ഐഎന്‍എസ് വിക്രാന്ത് മൂന്നാം ഘട്ട സമുദ്ര പരീക്ഷണം പൂര്‍ത്തിയാക്കി
96 നാവികരും മൂന്ന് പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാരും ഒരു കണ്ടിജന്റ് കമാന്‍ഡറും ഉള്‍പ്പെടുന്ന നാവികസേനാ സംഘമാണു റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കുക.
നാവികസേനയുടെ പ്രശസ്തമായ 72 പേരടങ്ങുന്ന ബ്രാസ് ബാന്‍ഡ് പരേഡില്‍ ഒമ്പത് ട്യൂണുകള്‍ വായിക്കും. മാസ്റ്റര്‍ ചീഫ് പ്രെറ്റി ഓഫിസര്‍ വിന്‍സെന്റ് ജോണ്‍സണ്‍ 18-ാം തവണ ബാന്‍ഡിനെ നയിക്കും. സിഡ്നി, മൗറീഷ്യസ്, സെന്റ് പീറ്റേഴ്സ്ബര്‍ഗ്, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി പരിപാടികളില്‍ അദ്ദേഹം നേവി ബാന്‍ഡിനെ നയിച്ചിട്ടുണ്ട്.