ന്യൂഡൽഹി: കർഷകരുടെ പോരാട്ടവീര്യത്തിനു സാക്ഷ്യംവഹിച്ച് രാജ്യതലസ്ഥാനം. റിപ്പബ്ലിക് ദിനത്തിൽ കർഷകർ സംഘടിപ്പിച്ച ട്രാക്ടർ റാലിയിൽ പരക്കെ സംഘർഷം. പൊലീസും കർഷകരും ഏറ്റുമുട്ടി. ചരിത്രത്തിൽ ആദ്യമായാണ് റിപ്പബ്ലിക് ദിനത്തിൽ ഇത്തരം സംഭവവികാസങ്ങൾ അരങ്ങേറുന്നത്.

വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഉപാധികളോടെ പൊലീസ് ഇതിനു അനുമതി നൽകി. രാജ്‌പഥിലെ റിപ്പബ്ലിക് ദിന ഔദ്യോഗിക പരേഡിന് ശേഷം മാത്രമേ ട്രാക്ടർ റാലി ആരംഭിക്കാവൂ എന്ന് പൊലീസ് നിർദേശിച്ചിരുന്നു. പൊലീസ് നിർദേശത്തെ തുടർന്ന് രാജ്‌പഥിലെ പരേഡിന് ശേഷം കർഷകർ ട്രാക്ടർ റാലി ആരംഭിച്ചു. ട്രാക്ടർ റാലി നടത്താനുള്ള പ്രത്യേക റോഡുകൾ പൊലീസ് നേരത്തെ തന്നെ നിർദേശിച്ചിരുന്നു.

Read Also: ഡൽഹിയിൽ പ്രതിഷേധക്കടൽ; കർഷകർ ചെങ്കോട്ട പിടിച്ചെടുത്തു: ചിത്രങ്ങൾ, വീഡിയോ

രണ്ട് മാസത്തിലേറെയായി പ്രതിഷേധിക്കുന്ന ഡൽഹിയിലെ വിവിധ അതിർത്തികൾ കടന്ന് കർഷകർ ട്രാക്ടർ റാലി ആരംഭിച്ചു. പൊലീസ് ഏർപ്പെടുത്തിയ ബാരിക്കേഡുകൾ മറികടന്ന് കർഷകർ മുന്നേറി. സിംഘു, ഗാസിപൂർ, തിക്രി അതിർത്തികളിൽ കർഷക പ്രക്ഷോഭത്തെ തുടർന്ന് വലിയ ഗതാഗത കുരുക്ക് രൂപപ്പെട്ടു.

പൊലീസ് അനുവദിച്ച റൂട്ടുകളിൽ നിന്ന് വ്യതിചലിച്ച് കർഷകരുടെ റാലി സെൻട്രൽ ഡൽഹിയിലേക്ക് പ്രവേശിച്ചു. ഡൽഹി ഐടിഒ പരിസരത്ത് കർഷക പ്രക്ഷോഭം സംഘർഷാവസ്ഥയിലേക്ക് കടന്നു. കർഷകർ ബസ് പിടിച്ചെടുത്തു. പൊലീസ് ബാരിക്കേഡുകൾ തകർത്തു. ഡൽഹിയിൽ യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെട്ടു. പൊലീസ് കർഷകർക്കെതിരെ ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഐടിഒയിലെ സംഘർഷത്തിനിടെ ഒരു കർഷകൻ കൊല്ലപ്പെട്ടു. പൊലീസ് വെടിവയ്‌പ്പിലാണ് കർഷകൻ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

Read More: അക്രമ സംഭവങ്ങളെ അപലപിക്കുന്നു; സാമൂഹ്യ വിരുദ്ധർ നുഴഞ്ഞുകയറിയതായി കിസാൻ സംഘർഷ് മോർച്ച

പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡുകൾ മറികടന്ന് ചെങ്കോട്ടയിലേക്ക്

കർഷകർ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. പൊലീസ് നിയന്ത്രണങ്ങൾ മറികടന്നാണ് കർഷകർ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചത്. 20 ലേറെ ട്രാക്ടറുകൾ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചു. കർഷക യൂണിയന്റെ കൊടികളും ഇന്ത്യൻ പതാകയുമേന്തിയാണ് കർഷകർ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചത്. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ഇന്ത്യൻ പതാക ഉയർത്തുന്ന മുഗൾ ഫോർട്ടിൽ കർഷക സംഘടനകളുടെ പതാക ഉയർത്തി പ്രതിഷേധിച്ചു. ചെങ്കോട്ടയിൽ പ്രവേശിച്ച കർഷകരോട് പൊലീസ് സംസാരിച്ചു. പ്രതിഷേധം ചെങ്കോട്ടയിൽ നിന്ന് മാറ്റണമെന്നായിരുന്നു പൊലീസ് അധികൃതർ ആവശ്യപ്പെട്ടത്. ഒടുവിൽ പൊലീസിന്റെ ആവശ്യം പ്രതിഷേധക്കാർ അംഗീകരിക്കുകയായിരുന്നു. പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ് കർഷകരോട് ആവശ്യപ്പെട്ടു.

Read More: വീഡിയോ: ഐടിഒയിലെ സംഘർഷാവസ്ഥയും ചെങ്കോട്ടയിൽ കൊടി ഉയർത്തിയ കർഷകരും

ഇതിനിടയിൽ കർഷകർ മറ്റൊരു പ്രഖ്യാപനവും നടത്തി. ഫെബ്രുവരി ഒന്നിന്, ബജറ്റ് അവതരിപ്പിക്കുന്ന ദിവസം പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് കർഷക നേതാക്കൾ പ്രഖ്യാപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook