ന്യൂഡല്‍ഹി: രാജ്യത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പരേഡില്‍ കരുത്തുകാട്ടി സേനാവിഭാഗങ്ങള്‍. രാവിലെ പത്ത് മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം ആര്‍പ്പിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു ദേശീയ പതാക ഉയര്‍ത്തി. ശേഷമാണ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങും ഉള്‍പ്പെടെയുള്ളവര്‍ കര്‍ത്തവ്യ പഥില്‍ എത്തിയത്.
റിപ്പബ്ലിക് ദിനത്തില്‍ ഇത്തവണ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസിയാണ് മുഖ്യാതിഥിയായി എത്തിയത്. ദ്രൗപതി മുര്‍മുവിനൊപ്പം അബ്ദേൽ ഫത്താഹും പരേഡ് കാണുവാനെത്തിയ കാണികളെ അഭിവാദ്യം ചെയ്തു. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കരസേന, നാവികസേന, വ്യോമസേന, വിവിധ അര്‍ധസൈനിക വിഭാഗങ്ങളും പരേഡില്‍ അണിനിരന്നു. ഈജിപ്ത് സായുധ സേനയും ബാൻഡ് സംഘവും കര്‍ത്തവ്യ പഥിലെ പരേഡിന്റെ ഭാഗമായി. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേതുമായി 17 ഫ്ലോട്ടുകളും വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേതുമായി ആറ് ഫ്ലോട്ടുകളും പരേഡിന്റെ ആകര്‍ഷണങ്ങളായി.
തദ്ദേശീയ യുദ്ധോപകരണങ്ങളുടെ പ്രദര്‍ശനവും പരേഡില്‍ ഉണ്ടായിരുന്നു. വജ്ര സെല്‍ഫ് പ്രൊപ്പല്‍ഡ് ഗണ്‍സ്, അക്ഷയ് നാഗ് മിസൈല്‍ സിസ്റ്റം തുടങ്ങി ഇന്ത്യന്‍ സേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധോപകരണങ്ങള്‍ പരേഡില്‍ പ്രദര്‍ശിപ്പിച്ചു. 105 എംഎം ഇന്ത്യന്‍ ഫീല്‍ഡ് തോക്കുപയോഗിച്ചായിരുന്നു 21 ഗണ്‍ സല്യൂട്ട്.
പരേഡ് കാണുന്നതിനായി ഇത്തവണ പ്രത്യേക അതിഥികളായി പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണ തൊഴിലാളികളും, വഴിയോരക്കച്ചവടക്കാരും, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവരുമുണ്ടായിരുന്നു. പരേഡ് ഗ്രൗന്‍ഡില്‍ വിഐപി സീറ്റിലിരുന്നായിരിക്കും പരേഡ് കാണാന്‍ ഇവര്‍ക്ക് അവസരമൊരുക്കിയിരുന്നത്.
സംസ്ഥാനത്തും റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണുണ്ടായത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പത് മണിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. ജില്ലാതല പരിപാടികള്‍ക്ക് മന്ത്രിമാരാണ് നേതൃത്വം നല്‍കിയത്.