ന്യൂഡല്‍ഹി: കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും രാജ്യം കൈവരിച്ച സാമ്പത്തിക വളര്‍ച്ചയെ പ്രശംസിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ”സമ്പദ്‌വ്യവസ്ഥയുടെ ഒട്ടുമിക്ക മേഖലകളും മഹാമാരിയുടെ പ്രത്യാഘാതത്തില്‍നിന്ന് മുക്തിനേടി. അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. സര്‍ക്കാരിന്റെ സമയോചിതവും സജീവവുമായ ഇടപെടലുകളാണ് ഇത് സാധ്യമാക്കിയത്,” 74-ാമതു റിപ്പബ്ലിക് ദിനത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടു രാഷ്ട്രപതി പറഞ്ഞു.
ദാരിദ്ര്യം, നിരക്ഷരത തുടങ്ങിയ എണ്ണമറ്റ വെല്ലുവിളികളാല്‍ ‘ഇന്ത്യയുടെ ആത്മാവ്’ തളര്‍ന്നില്ല. നിരവധി മതങ്ങളും നിരവധി ഭാഷകളും നമ്മെ ഭിന്നിപ്പിച്ചില്ല. അവ നമ്മെ ഒന്നിപ്പിക്കുക മാത്രമാണ് ചെയ്തത്. അതുകൊണ്ടാണ് ഒരു ജനാധിപത്യ റിപ്പബ്ലിക്കായി നാം വിജയിച്ചത്. . ഭരണഘടനയുടെ കാതല്‍ ആ സത്തയായിരുന്നു. അതു കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചു.
ഭരണഘടനയുടെ കരട് തയാറാക്കിയ സമിതിയുടെ അധ്യക്ഷനായ ഡോ. ബി ആര്‍ അംബേദ്കറോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും. ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികതയുടെ മാനവിക തത്ത്വചിന്തയില്‍നിന്നും സമീപകാല ചരിത്രത്തില്‍ ഉയര്‍ന്നുവന്ന പുതിയ ആശയങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് ഇന്ത്യയുടെ സ്ഥാപക രേഖ.
Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer
ആധുനിക ഇന്ത്യന്‍ മനസിനെ രൂപപ്പെടുത്തിയവര്‍ ”ആനോ ഭദ്ര കൃതവോ യന്തു വിശ്വതഃ” (എല്ലാ ദിശകളില്‍ നിന്നും ശ്രേഷ്ഠമായ ചിന്തകള്‍ നമ്മിലേക്ക് വരട്ടെ) എന്ന വേദോപദേശം പിന്തുടര്‍ന്ന് വൈദേശിക പുരോഗമന ആശയങ്ങളെ സ്വാഗതം ചെയ്തു. ദീര്‍ഘവും അഗാധവുമായ ഒരു ചിന്താപ്രക്രിയയാണു നമ്മുടെ ഭരണഘടനയിലേക്കു നയിച്ചത്.
ഭരണഘടന നിലവില്‍ വന്ന ദിവസം മുതല്‍ ഇന്നുവരെ, മറ്റു പല രാജ്യങ്ങളെയും പ്രചോദിപ്പിച്ച ഒരു അത്ഭുതകരമായ യാത്രയാണിത്. ഓരോ പൗരനും ഇന്ത്യന്‍ ചരിത്രത്തില്‍ അഭിമാനിക്കാന്‍ കാരണമുണ്ട്.
ബാബാസാഹെബ് അംബേദ്കറും മറ്റുള്ളവരും മനമുക്ക് ഒരു ഭൂപടവും ധാര്‍മ്മിക ചട്ടക്കൂടും നല്‍കി. ആ വഴിയിലൂടെ സഞ്ചരിക്കാനുള്ള ചുമതല നമ്മുടെ ഉത്തരവാദിത്തമായി തുടരുന്നു. അവരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ നാം ഏറെക്കുറെ സത്യമായി തുടര്‍ന്നു. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. എല്ലാവരുടെയും ഉന്നമനത്തിനുവേണ്ടിയുള്ള ‘സര്‍വോദയ’ എന്ന ഗാന്ധിജിയുടെ ആദര്‍ശം തിരിച്ചറിയണം.
ഇന്ത്യയുടെ ദൗത്യമായ ‘സര്‍വോദയ’ സാമ്പത്തിക രംഗത്ത് ശ്രദ്ധേയമായ പുരോഗതിയാണ്. കഴിഞ്ഞ വര്‍ഷം, ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി. ലോകമെമ്പാടും ഉയര്‍ന്ന സാമ്പത്തിക അനിശ്ചിതത്വങ്ങളുണ്ടായ സാഹചര്യത്തിലാണ് ഈ നേട്ടമെന്നത് അടിവരയിടേണ്ടതുണ്ട്.
ആത്മനിര്‍ഭര്‍ ഭാരത്, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന, പുതിയ വിദ്യാഭ്യാസ നയം (എന്‍ ഇ പി), ഡിജിറ്റല്‍ ഇന്ത്യ മിഷന്‍ എന്നീ സര്‍ക്കാര്‍ പരിപാടികളെ രാഷ്ട്രപതി പരാമര്‍ശിച്ചു. എന്‍ ഇ പി അഭിലഷണീയമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നു രാഷ്ട്രപതി പറഞ്ഞു.
ഗ്രാമ-നഗര വിഭജനം നിയന്ത്രിച്ച് വിവര വിനിമയ സാങ്കേതിക വിദ്യയെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ ഡിജിറ്റല്‍ ഇന്ത്യ മിഷന്‍ ശ്രമിക്കുന്നു. വിദൂര സ്ഥലങ്ങളില്‍ കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റിന്റെ നേട്ടങ്ങള്‍ കൊയ്യുന്നുണ്ട്.
ബഹിരാകാശ സാങ്കേതികവിദ്യയിലെ പ്രധാനശക്തികളിലൊന്നാണ്് ഇന്ത്യ. ഈ മേഖലയിലെ അന്വേഷണങ്ങളില്‍ ചേരാന്‍ സ്വകാര്യ സംരംഭങ്ങളെ ക്ഷണിക്കുകയാണ്. ഇന്ത്യന്‍ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്കു കൊണ്ടുപോകുന്ന കന്നിസംരമായ ഗഗന്‍യാന്‍ പദ്ധതി പുരോഗമിക്കുകയാണ്.
‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ കാമ്പെയ്നിലെ ജനങ്ങളുടെ പങ്കാളിത്തത്തോടെ, എല്ലാ പ്രവര്‍ത്തന മേഖലകളിലും സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ചൊവ്വാ ദൗത്യം അസാധാരണമായ സ്ത്രീകളുടെ ഒരു സംഘമാണ്.
ജനാധിപത്യവും ബഹുമുഖത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമാണ് ജി 20 അധ്യക്ഷ പദവി. കൂടുതല്‍ സമത്വവും സുസ്ഥിരവുമായ ലോകക്രമം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ജി20യ്ക്കു കഴിയുമെന്നും രാഷ്ട്രപതി പറഞ്ഞു.
ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയാണ് ഇത്തവണ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി. അദ്ദേഹത്തിന് ഇന്ന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം നല്‍കി.