ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ ശാസ്ത്രജ്ഞരും വിദഗ്ധരും നിര്‍ദേശിച്ച മുന്‍കരുതലുകള്‍ പാലിക്കാന്‍ അഭ്യര്‍ത്ഥിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. വൈറസ് ഇപ്പോഴും വ്യാപകമാണെന്നും ജാഗ്ര കൈവിടരുതെന്നും 73-ാമത് റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ രാഷ്ട്രപതി പറഞ്ഞു.
”കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ശാസ്ത്രജ്ഞരും വിദഗ്ധരും നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ പാലിക്കേണ്ടത് ഓരോ പൗരന്റെയും പവിത്രമായ ദേശീയ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. പ്രതിസന്ധി നമ്മുടെ പിന്നില്‍ മാറുന്നതുവരെ ഈ കടമ നിറവേറ്റണം. ജാഗ്രത കൈവിടരുത്. ഇതുവരെ സ്വീകരിച്ച മുന്‍കരുതലുകള്‍ തുടരേണ്ടതുണ്ട്. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കോവിഡിനെതിരായ ഉചിതമായ പെരുമാറ്റത്തിന്റെ പ്രധാന ഭാഗമാണ്,” രാഷ്ട്രപതി പറഞ്ഞു.
കോവിഡിന്റെ ആദ്യ വര്‍ഷത്തില്‍ നാം ആരോഗ്യ സംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുകയും രണ്ടാം വര്‍ഷത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ കാമ്പെയ്ന്‍ വിജയകരമായി നടത്തുകയും ചെയ്തുവെന്നു രാഷ്ട്രപതി പറഞ്ഞു.
കോവിഡ് രോഗികളെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി പ്രയാസകരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്ത ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു.
Also Read: സംസ്ഥാനത്ത് രണ്ടില്‍ ഒരാള്‍ക്ക് കോവിഡ്; 55,475 പുതിയ കേസുകള്‍; 70 മരണം
സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുകയും അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്ത എല്ലാവരെയും ഓര്‍മിക്കാനുള്ള അവസരമാണ് റിപ്പബ്ലിക് ദിനമെന്ന് രാഷ്ട്രപതി പറഞ്ഞു. ര്‍ണ സ്വരാജ് ദിനം ആഘോഷിച്ചതുപോലെ റിപ്പബ്ലിക് ദിനം ആഘോഷിക്കണമെന്ന് മഹാത്മാഗാന്ധി ആഗ്രഹിച്ചിരുന്നു. സ്വാതന്ത്ര്യത്തിനായുള്ള നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അന്വേഷണം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ്.
സ്വച്ഛ് ഭാരത് അഭിയാന്റെയും കോവിഡ് -19 നയങ്ങളുടെ വിജയം ഇന്ത്യക്കാര്‍ ഉറപ്പാക്കി. ലോകത്തെ ഏറ്റവും മികച്ച 50 നൂതന സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യ ഇടം നേടി. പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജത്തെക്കുറിച്ചുള്ള നിലപാടിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തില്‍ ഇന്ത്യ നേതൃത്വ പാത സ്വീകരിച്ചു.
നാവികസേനയുടെയും കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെയും സമര്‍പ്പിത സംഘങ്ങള്‍ ചേര്‍ന്ന് തദ്ദേശീയമായി നിര്‍മിച്ച അത്യാധുനിക വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് നാവികസേനയില്‍ ഉള്‍പ്പെടുത്തും. ഇത്തരം ആധുനിക സൈനിക കഴിവുകള്‍ കാരണം ഇന്ത്യ
ലോകത്തിലെ പ്രമുഖ നാവിക ശക്തികളിലൊന്നായി കണക്കാക്കപ്പെടുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.