Republic Day 2020 Parade Full Schedule: ജനുവരി 26 ന് ഇന്ത്യ 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസം, രാജ്യം റിപ്പബ്ലിക്കായി മാറിയ ദിവസത്തെ ഇത് അടയാളപ്പെടുത്തുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം ലംഘിച്ച്, ഈ വർഷത്തെ റിപ്പബ്ലിക് ദിന നടപടികൾ ഇന്ത്യാ ഗേറ്റിൽ നിന്ന് ആരംഭിക്കില്ല, പകരം ദേശീയ യുദ്ധസ്മാരകത്തിൽ നിന്ന് ആരംഭിക്കും, അവിടെ പ്രധാനമന്ത്രി മോദി റീത്ത് സമർപ്പിക്കും.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്ത്, കരസേന മേധാവി എം.എം.നരവനെ, നാവിക മേധാവി അഡ്മിറൽ കരംബീർ സിങ്, വ്യോമസേന മേധാവി എയർ മാർഷൽ ആർ.കെ.എസ്.ബദൗരിയ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ സഹമന്ത്രി ശ്രീപദ് യെസോ നായിക്, പ്രതിരോധ സെക്രട്ടറി അജയ് ഗഡ് എന്നിവർ ചടങ്ങിൽ പ്രധാനമന്ത്രിയെ അനുഗമിക്കും.
Republic Day 2020: റിപബ്ലിക് ദിന പരേഡിന് മുമ്പുള്ള ഫുൾ ഡ്രസ് റിഹേഴ്സൽ, ചിത്രങ്ങൾ
പുഷ്പാർച്ചയ്ക്കുശേഷം പ്രധാനമന്ത്രി രാവിലെ 10 ന് ആരംഭിച്ച് 90 മിനിറ്റ് നീണ്ടുനിൽക്കുന്ന റിപ്പബ്ലിക് ഡേ പരേഡിനായി രാജ്പഥിലേക്ക് പോകും. ബ്രസീലിയൻ പ്രസിഡന്റ് ജെയ്ര് ബോല്സൊനാരോ ആണ് പരേഡിലെ മുഖ്യാതിഥി. റിപ്പബ്ലിക് ദിന പരേഡിൽ ഒരു ബ്രസിലീയൻ പ്രസിഡന്റ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ഇത് മൂന്നാം തവണയാണ്.

പരേഡിലെ പ്രധാന പരിപാടികൾ ഇവയാണ്
പരേഡിൽ ഇന്ത്യൻ സൈന്യത്തിലെ 61 കുതിരപ്പടയുടെ നിര, എട്ട് യന്ത്രവത്കൃത നിരകൾ, ആറ് മാർച്ചിങ് സംഘങ്ങൾ, രുദ്ര, ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, ആർമി ഏവിയേഷൻ എന്നിവ പ്രതിനിധീകരിക്കും. മൂന്ന് പരം വീർ ചക്രവും നാല് അശോക് ചക്ര അവാർഡ് നേടിയവരും ഈ വർഷത്തെ പരേഡിൽ പങ്കെടുക്കും.
റിപ്പബ്ലിക് ദിന പരേഡിലും ഇവയും ഉൾപ്പെടും
> എംഐ -17, രുദ്ര സായുധ ഹെലികോപ്റ്ററുകളുടെ പരേഡ്
> ഏറ്റവും പുതിയ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനം
> സായുധ സേന, പാരാ മിലിട്ടറി ഫോഴ്സ്, ഡൽഹി പൊലീസ്, എൻസിസി, എൻഎസ്എസ് എന്നിവർക്കൊപ്പം 13 സൈനിക ബാൻഡുകളുടെ മാർച്ചിങ് പരേഡ്. ആർമി സിഗ്നൽ കോർപ്സ് സംഘത്തെ ക്യാപ്റ്റൻ തന്യ ഷെർഗിൽ നയിക്കും
> സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിലെ (സിആർപിഎഫ്) വനിത ടീമിന്റെ മോട്ടോർസൈക്കിൾ പ്രകടനം
> ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളുടെ പരേഡ്
> ലഫ്റ്റനന്റ് ജനറൽ അസിത് മിസ്ട്രിയാണ് പരേഡ് കമാൻഡർ. സ്റ്റാഫ് ഡൽഹി ഏരിയ ചീഫ് മേജർ ജനറൽ അലോക് കാക്കർ ആയിരിക്കും സെക്കൻഡ് ഇൻ കമാൻഡ്.
രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്നതിനായി ഈ വർഷത്തെ പരേഡിൽ മൊത്തം 22 നിശ്ചല ദൃശ്യങ്ങൾ അണിനിരക്കും. ഛത്തീസ്ഗഡ്, തമിഴ്നാട്, രാജസ്ഥാൻ, തെലങ്കാന, അസം, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഗോവ, ഒഡീഷ, മേഘാലയ, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഉത്തർ പ്രദേശ്, കർണാടക, ജമ്മു കശ്മീർ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുളള നിശ്ചദൃശ്യങ്ങൾ ഇതിലുൾപ്പെടും.
വ്യവസായ, ആഭ്യന്തര ട്രേഡ്, ധനകാര്യ സേവന വകുപ്പ്, എൻഡിആർഎഫ്, ജൽ ശക്തി മന്ത്രാലയം, ഷിപ്പിങ് മന്ത്രാലയം, സിപിഡബ്ല്യുഡി തുടങ്ങിയ ഡിപ്പാർട്മെന്റുകളെ പ്രതിനിധീകരിക്കുന്ന നിശ്ചലദൃശ്യങ്ങളും പരേഡിൽ പ്രദർശിപ്പിക്കും.
പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാർ വിജയികളും തുറന്ന ജീപ്പുകളിൽ പരേഡിൽ പങ്കെടുക്കും. സ്പോർട്സ്, അക്കാദമിക്സ്, ധൈര്യം, ഇന്നൊവേഷൻസ് തുടങ്ങി വിവിധ മേഖലകളിലായി 49 കുട്ടികൾക്ക് അവാർഡ് നൽകും. ഇതിനുശേഷം സ്കൂൾ കുട്ടികളുടെ സാംസ്കാരിക ഇനങ്ങൾ അരങ്ങേറും.
കേന്ദ്ര റിസർവ് പൊലീസ് സേനയിലെ വനിതാ സംഘമാണ് ഈ വർഷം മോട്ടോർ സൈക്കിൾ പ്രദർശനം നടത്തുക.