ന്യൂഡൽഹി: അതിർത്തി കടന്നെത്തിയ ‘ചാരപ്രാവി’നെ ഒടുവിൽ ഇന്ത്യ പാകിസ്താന് തിരികെ കൈമാറി. ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ കണ്ടെത്തിയ പ്രാവിനെ പാകിസ്താനിൽ നിന്നും ചാരവൃത്തിക്ക് അയച്ചതല്ലെന്ന് കണ്ടെത്തിയ ശേഷമാണ് തിരിച്ചതച്ചത്.

പ്രാവിനെ ചാരപ്രവർത്തനത്തിന് അയച്ചതല്ലെന്ന് കണ്ടെത്തിയതായി കശ്മീരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അധികരിച്ച് റോയിറ്റേഴ്സ് വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. പാകിസ്താനിലെ ഒരു മത്സ്യബന്ധനത്തൊഴിലാളിയായ ഹബീബുള്ളയുടേതാണ് പ്രാവ് എന്നും പ്രാവിനെ വിട്ടുനൽകണമെന്ന് അദ്ദേഹം ഇന്ത്യൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായും റിപോർട്ടിൽ പറയുന്നു.

Read Here: ‘Spy’ pigeon caught flying along International Border along J&K’s Kathua

അന്വേഷണത്തിനൊടുവിൽ വ്യാഴാഴ്ചയാണ് പ്രാവിനെ തിരികെ കൈമാറിയത്. പാക്കിസ്ഥാനുമായി അതിർത്തി  കത്വ ജില്ലയിൽ നിന്നും കഴിഞ്ഞ ഞായറാഴ്ചയാണ് പ്രാവിനെ നാട്ടുകാർ പിടികൂടിയത്. നാട്ടുകാർ പ്രാവിനെ പൊലീസിന് കൈമാറുകയായിരുന്നു. കോഡ് ചെയ്ത സന്ദേശവുമായി എത്തിയതാണ് പ്രാവ് എന്ന സംശയത്തെത്തുടർന്നായിരുന്നു നാട്ടുകാർ പ്രാവിനെ പിടികൂടിയതും പൊലീസിലേൽപിച്ചതും.

ഹിരാനഗർ സെക്ടറിലെ മന്യാരി ഗ്രാമത്തിൽ വച്ചാണ് പ്രാവിന്റെ സാനിധ്യം ശ്രദ്ധയിൽപ്പെട്ടതെന്നാണ് അന്ന് സൂനിയർ പൊലീസ് സൂപ്രണ്ട് ശലിന്ദർ കുമാർ മിശ്ര പറഞ്ഞത്. പ്രാവിന്റെ കാലുകളിലൊന്നിൽ ഘടിപ്പിച്ചിരിക്കുന്ന മോതിരത്തിൽ എഴുതിയ ‘കോഡ് ചെയ്ത സന്ദേശം’ മനസിലാക്കാൻ ശ്രമം നടത്തിയതായും പൊലീസ് അന്ന് പറഞ്ഞിരുന്നു. പ്രാവിന്റെ ചിറകുകളിലൊന്നിൽ ചുവപ്പ് നിറത്തിലാണ് അടയാളപ്പെടുത്തിയതും പ്രാവിന്റെ കാലിലുള്ള ചുവന്ന മോതിരവും ചാരപ്രവർത്തനത്തിന് സംശയിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു.

 എന്നാൽ ഈ സംശയങ്ങളെല്ലാം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. പ്രാവിന്റെ കാലിൽ രേഖപ്പെടുത്തിയ നമ്പറുകൾ ചാരപ്രവർത്തനത്തിന്റെ ഭാഗമാണെന്നും ആരോപണമുണ്ടായിരുന്നു. ഈ ആരോപണം നിഷേധിച്ച പ്രാവിന്റെ ഉടമസ്ഥൻ “അത് ഒന്നുമറിയാത്ത ഒരു പക്ഷി മാത്ര”മാണെന്ന് പറഞ്ഞതായി റോയിറ്റേഴസ് റിപോർട്ട് ചെയ്തു. തന്റെ പ്രാവിനെ ഒരു പറക്കൽ മത്സരത്തിനായി അയച്ചതായിരുന്നെന്നും കാലിൽ രേഖപ്പെടുത്തിയത് തന്റെ ഫോൺ നമ്പറാണെന്നുമാണ് ഹബീബുള്ള പറഞ്ഞത്.

Read Here: Covid-19 Kerala India Live Updates: രോഗികളുടെ എണ്ണം വർധിക്കുന്നത് അതിവേഗം, 24 മണിക്കൂറിനിടെ 8,380 പോസിറ്റീവ് കേസുകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook