ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ്, വ്യക്തിഗത സംഭാവനകളുടെ കാര്യത്തില്‍ തുടര്‍ച്ചയായ ഏഴാം വര്‍ഷവും ബിജെപി ഒന്നാമത്. 2019-20 വര്‍ഷത്തില്‍ കമ്പനികളില്‍നിന്നും വ്യക്തികളില്‍നിന്നും ഏകദേശം 750 കോടി രൂപയാണ് പാര്‍ട്ടിക്കു ലഭിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനു ബിജെപി സമര്‍പ്പിച്ച സംഭാവന റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിനു ലഭിച്ചതിനേക്കാള്‍ അഞ്ച് മടങ്ങ് കൂടുതലാണ് ഈ തുക.
ഈ കാലയളവില്‍ 139 കോടി രൂപയാണു കോണ്‍ഗ്രസിനു സംഭാവനയായി ലഭിച്ചത്. എന്‍സിപിക്ക് 59 കോടിയും തൃണമൂല്‍ കോണ്‍ഗ്രസിന് എട്ടു കോടിയും സിപിഎമ്മിനു 19.6 കോടി യും സിപിഐക്ക് 1.9 കോടിയും ലഭിച്ചു.
ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍, ഐടിസി ഗ്രൂപ്പ്, റിയല്‍ എസ്റ്റേറ്റ് കമ്പനികളായ മാക്രോടെക് ഡെവലപ്പേഴ്സ് (മുന്‍പ് ലോധ ഡവലപ്പേഴ്സ്), ബി ജി ഷിര്‍കെ കണ്‍സ്ട്രക്ഷന്‍ ടെക്നോളജി, പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റ്, ജന്‍കല്യാണ്‍ ഇലക്ടറല്‍ ട്രസ്റ്റ് എന്നിവയാണു ബിജെപിക്കു കൂടുതല്‍ തുക സംഭവാന നല്‍കിയത്.
പ്രധാനമായും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍നിന്ന് സ്വമേധയാ സംഭാവന സ്വീകരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിതരണം ചെയ്യുന്ന സെക്ഷന്‍ 25 പ്രകാരമുള്ള കമ്പനിയാണ് ഇലക്ടറല്‍ ട്രസ്റ്റ്. രാഷ്ട്രീയ സംഭാവന നല്‍കുന്നമ്പോള്‍ ദാതാക്കളുടെ പേര് മറച്ചുവയ്ക്കല്‍ ഇലക്ട്രല്‍ ട്രസ്റ്റ് വാഗ്ദാനം ചെയ്യുന്നു. ഭാരതി എന്റര്‍പ്രൈസസ്, ജിഎംആര്‍ എയര്‍പോര്‍ട്ട് ഡവലപ്പേഴ്സ്, ഡിഎല്‍എഫ് ലിമിറ്റഡ് എന്നിവര്‍ പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റിന്റെ പ്രധാന ദാതാക്കളായി. ജന്‍കല്യാണ്‍ ഇലക്ടറല്‍ ട്രസ്റ്റ്് ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ കമ്പനികളില്‍നിന്നും ഫണ്ട് സ്വീകരിച്ചു.
ബില്‍ഡര്‍ സുധാകര്‍ ഷെട്ടിയുമായി ബന്ധപ്പെട്ട റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഗുല്‍മാര്‍ഗ് റിയല്റ്റേഴ്സില്നിന്ന് ബിജെപിക്ക് 2019 ഒക്ടോബറില്‍ 20 കോടി രൂപ സംഭാവന ലഭിച്ചു. 2020 ജനുവരിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഷെട്ടിയുടെ വസതിയിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു.
Also Read: വാക്സിന് വില പുനക്രമീകരിക്കാന്‍ കേന്ദ്രം; നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തും
ബിജെപിക്കു സംഭാവന നല്കിയവരില് കുറഞ്ഞത് 14 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഡല്‍ഹിയിലെ മേവാര്‍ യൂണിവേഴ്സിറ്റി (രണ്ട് കോടി), കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് (10 ലക്ഷം രൂപ), ജിഡി ഗോയങ്ക ഇന്റര്‍നാഷണല്‍ സ്കൂള്‍, സൂറത്ത് (2.5 ലക്ഷം രൂപ), പത്താനിയ പബ്ലിക് സ്കൂള്‍, റോത്തക് (2.5 ലക്ഷം രൂപ), ലിറ്റില്‍ ഹാര്‍ട്ട്സ് കോണ്‍വെന്റ് സ്കൂള്‍, ഭിവാനി (21,000 രൂപ), അലന് കരിയര്‍, കോട്ട (25 ലക്ഷം രൂപ) തുടങ്ങിയവയാണ് അവ.
ബിജെപിക്കു സംഭാവന നല്കിയവരില് നിരവധി പാര്‍ട്ടി അംഗങ്ങളും എംപിമാരും എംഎല്‍എമാരും ഉണ്ട്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്തര്‍ അഞ്ച് ലക്ഷവും രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖര്‍ രണ്ട് കോടിയും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ടു 1.1 കോടിയും കിരണ്‍ ഖേര്‍ 6.8 ലക്ഷവും സംഭാവന നല്കി. മണിപ്പാല്‍ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ചെയര്മാന് ടി വി മോഹന്‍ദാസ് പൈ 15 ലക്ഷം രൂപ നല്കി.
വ്യക്തികള്‍, കമ്പനികള്‍, ഇലക്ടറല്‍ ട്രസ്റ്റുകള്‍, അസോസിയേഷനുകള്‍ എന്നിവ നല്കിയ 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ സംഭാവന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ഇങ്ങനെ, 2019-20 ല്‍ ബിജെപിക്ക് ലഭിച്ച ആകെ സംഭാവന 750 കോടിയിലധികം രൂപയാണ്്.
ബിജെപിയുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ തിരഞ്ഞെടുപ്പ് ബോണ്ടുകളില്‍നിന്നുള്ള വരുമാനം ഇതുവരെ അറിവായിട്ടില്ല. 2019-20 വര്‍ഷത്തെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 ആയി തിരഞ്ഞടുപ്പ് കമ്മിഷന് നീട്ടിയിട്ടുണ്ട്. 2018 ല്‍ നിലവില്‍ വന്ന തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവാണ് ബിജെപി.