ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ അലിഗഡ് മുസ്ലിം സർവകലാശാലയിൽ വിദ്യാർഥികൾക്കു നേരെ പൊലീസ് സ്റ്റൺ ഗ്രനേഡുകൾ പ്രയോഗിച്ചതായി വസ്തുതാന്വേഷണ സമിതി റിപ്പോർട്ട്. യുദ്ധ സമാനമായ സാഹചര്യങ്ങളിലോ തീവ്രവാദത്തിനെതിരായ പ്രവർത്തനങ്ങളിലോ ആണ് സാധാരണഗതിയിൽ സ്റ്റൺ ഗ്രനേഡുകൾ പ്രയോഗിക്കുക.
സംഭവസമയത്ത് ക്യാമ്പസിലുണ്ടായിരുന്ന അധ്യാപകരുടെയും വിദ്യാർഥികളുടെയും മറ്റുള്ളവരുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ക്യാമ്പസിൽ നടന്നതെന്നും അവിടെയുള്ളവരെ ഉത്തർപ്രദേശ് പൊലീസിന്റെ ക്രൂരതയിൽനിന്നു സംരക്ഷിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, റിപ്പോർട്ട് തള്ളിയ അലിഗഡ് സിറ്റി എസ്പി അഭിഷേക് വിദ്യാർഥികളാണ് അക്രമത്തിന് തുടക്കമിട്ടതെന്നും പൊലീസ് ആത്മരക്ഷയ്ക്കായി മിനിമം ഫോഴ്സ് ഉപയോഗിക്കുകയായിരുന്നുവെന്നും ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
“പോലീസ് ഉദ്യോഗസ്ഥർ സ്റ്റൺ ഗ്രനേഡുകൾ ഉപയോഗിച്ചിരിക്കാം. എത്ര സ്റ്റൺ ഗ്രനേഡുകൾ ഉപയോഗിച്ചുവെന്ന് അന്വേഷണത്തിനുശേഷം മാത്രമേ പറയാനാവൂ. കണ്ണീർ വാതക ഷെല്ലുകൾ വലിച്ചെറിയുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. സ്റ്റൺ ഗ്രനേഡുകൾ മാരകമല്ല, മാത്രമല്ല അവ ശബ്ദമുണ്ടാക്കുക മാത്രമേ ചെയ്യൂ. ഇതു ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സഹായിക്കും,” എസ്പി പറഞ്ഞു.
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഹർഷ് മന്ദർ, അക്കാദമിക് നന്ദിനി സുന്ദർ, അവകാശ പ്രവർത്തകൻ ജോൺ ദയാൽ, എഴുത്തുകാരൻ നതാഷ ബദ്‌വാർ എന്നിവർ ഉൾപ്പെട്ട 13 അംഗ സമിതിയാണു റിപ്പോർട്ട് തയാറാക്കിയത്. ‘അലിഗഡ് മുസ്‌ലിം സർവകലാശാല ഉപരോധം’ എന്ന തലക്കെട്ടിലാണ് റിപ്പോർട്ട് തയാറാക്കിയത്.
കണ്ണീർ വാതക ഷെല്ലാണെന്ന് കരുതി സ്റ്റൺ ഗ്രനേഡ് എടുത്ത വിദ്യാർഥിക്ക് കൈ നഷ്ടപ്പെട്ടതായും എന്നിട്ടും കോളേജ് ഇതിനെ ന്യായീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. “പൊലീസിന്റെ നടപടി അനിവാര്യവും സംയമനത്തോടു കൂടിയതുമാണെന്നാണ് രജിസ്ട്രാർ ന്യായീകരിച്ചത്. സ്റ്റൺ ഗ്രനേഡ് ഉപയോഗിച്ചതിനെക്കുറിച്ച് വളരെ സ്വാഭാവികമായാണ് അദ്ദേഹം സംസാരിച്ചത്. ഇവ ശത്രുവിനെ താൽക്കാലികമായി അന്ധരാക്കുകയും ബധിരരാക്കുകയും ചെയ്യുന്ന ഉപകരണങ്ങളാണ്, ചിലപ്പോൾ പരുക്കേൽക്കുകയും തീജ്വാലകൾ പുറത്തുവരികയും ചെയ്യും. ഇത് വിദ്യാർഥിയുടെ കൈ നഷ്ടപ്പെടാൻ ഇടയാക്കിയിരിക്കാം. ഹോസ്റ്റൽ മുറികളിലെ തീപിടിത്തവും ഒരുപക്ഷെ കാരണമായിരിക്കാം,” റിപ്പോർട്ടിൽ പറയുന്നു.
“സൈനികരും പോലീസുകാരും തങ്ങളെ അക്രമിക്കുമ്പോഴും സ്കൂട്ടറുകൾക്കും വാഹനങ്ങൾക്കും തീയിടുമ്പോഴും ജയ് ശ്രീറാം എന്ന് മുദ്രാവാക്യം വിളിച്ചിരുന്നതായി വിദ്യാർഥികൾ പറഞ്ഞു,” എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തീവ്രവാദി എന്ന് അർഥം വരുന്ന തരത്തിലുള്ള മതപരമായ വാക്കുകളും പൊലീസുകാർ ഉപയോഗിച്ചതായി കുട്ടികൾ പറയുന്നു.