ജയ്‌ ഷാക്കെതിരായ അഴിമതിയാരോപണം; ആയുധമാക്കി പ്രതിപക്ഷം, മാനനഷ്ടക്കേസ് നല്‍കി ജയ്‌

വാർത്ത നൽകിയ ഓൺലൈൻ മാധ്യമത്തിലെ എഡിറ്ററടക്കം ഏഴ് പേർ 100 കോടി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെ കേസ്

ന്യൂഡൽഹി: അമിത് ഷായുടെ മകന്‍ ജയ്‌ ഷായ്ക്ക് നേരെ വന്ന റിപ്പോര്‍ട്ട് പ്രതിപക്ഷം ആയുധമാക്കുന്നത്തിനിടയില്‍. തന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനം 16,000 മടങ്ങ് വർദ്ധിച്ചെന്ന വാർത്ത നൽകിയ സ്ഥാപനത്തിനെതിരെ അമിത് ഷായുടെ മകൻ ജയ് ഷാ മാനനഷ്ടക്കേസ് നൽകി. വാർത്ത നൽകിയ ഓൺലൈൻ മാധ്യമത്തിലെ എഡിറ്ററടക്കം ഏഴ് പേർ 100 കോടി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതിയിലാണ് ജയ് ഷാ പരാതി നൽകിയത്.

ദി വയര്‍ എന്ന വാര്‍ത്താ വെബ്സൈറ്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ടിനെ പിന്‍പറ്റി സിബിഐക്കോ എന്‍ഫോര്‍സ്മെന്‍റ ഡയരക്ടറേറ്റിനോ അന്വേഷണ ചുമതല നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് മുന്നോട്ടുവന്നപ്പോള്‍. റിപ്പോര്‍ട്ട് ‘വ്യാജമാണ്’ എന്നും ‘അപകീര്‍ത്തികരമാണ് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

” നോട്ടുനിരോധനത്തിന്‍റെ യതാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാണെന്ന് നമ്മള്‍ അവസാനം കണ്ടെത്തിയിരിക്കുന്നു. അത് ആര്‍ബിഐയോ പാവങ്ങളോ കര്‍ഷകരോ അല്ല. നോട്ടുനിരോധനത്തിന്‍റെ ഷാ-ഇന്‍ ഷാ ആയ ജയ് അമിത് ഷായാണ്.” എന്നായിരുന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തത്. റിപോര്‍ട്ടിനെ ആധാരമാക്കി സിപിഐഎം, എഏപി, സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി എന്നിവര്‍ ബിജെപിയേയും അമിത് ഷായേയും നരേന്ദ്ര മോദിയേയും കടന്നാക്രമിച്ചു.

മാര്‍ച്ച് 2015ല്‍ 50,000രൂപ ലാഭമുണ്ടായ ജയ്‌ ഷായുടെ കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിനു 2015-16 വര്‍ഷമാവുമ്പോഴേക്കും ലാഭം 16,000 ഇരട്ടിയായി വര്‍ദ്ധിച്ച് 80.5 കോടിയായി എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. കെഐഎഫ്എസ് എന്ന സാമ്പത്തിക സേവനദായകരില്‍ നിന്നും ഉറപ്പുപത്രം ഒന്നും വെക്കാതെ 15.78 കോടി രൂപയുടെ വായ്പ്പയും ലഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ടിനു മറുപടിയായി ജയ്‌ ഷായുടെ വക്കീല്‍ ദി വയറിനു മറുപടി നല്‍കി. ” ജയ്‌ ഷാ, ജിതേന്ദ്ര ഷാ, മറ്റു പങ്കാളികള്‍ എന്നിവര്‍ ഓഹരി മൂലധനവും ഉറപ്പുപത്രമില്ലാതെ ലഭിച്ച വായ്പയും ഈ കമ്പനിയില്‍ നിക്ഷേപിക്കുകയുണ്ടായി (ടെമ്പിള്‍ എന്റര്‍പ്രൈസസ്). പുതുതായുണ്ടായ കമ്പനിയെ മുന്നോട്ടു കൊണ്ടുപോകുവാനുള്ള മൂലധനം ഇല്ലാത്തതിനാല്‍ കിഫ്സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസില്‍ നിന്നും ഓരോതവണയും പലിശയോടുകൂടിയ വായ്പയായ ഇന്‍റര്‍ കോര്‍പ്പറേറ്റ് ഡിപ്പോസിറ്റ് എടുക്കുകയായിരുന്നു. കാലാനുസൃതമായി പതിവായി പലിശ അടച്ച തുകയില്‍ (ടിഡിഎസ്) നിന്നും നികുതി അടവ് കുറച്ചുവരികയും. മുതലും പലിശയും പൂർണമായും തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്.” ജയ്‌ ഷായുടെ വക്കീല്‍ ദി വയറിനയച്ച കത്തില്‍ പറയുന്നു.

റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ജയ്‌ അമിത്ഷായുടെ കമ്പനിക്കുണ്ടായ ലാഭത്തില്‍ അസ്വാഭാവികതകള്‍ ഒന്നുമില്ലെന്ന് പറഞ്ഞ വക്കീല്‍. കാര്‍ഷിക ഉത്പന്നങ്ങളായ കടല, സോയാ ബീന്‍, മല്ലി, അരി, ഗോതമ്പ്, ചോളം തുടങ്ങിയവയൊക്കെ കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയെ സംബന്ധിച്ച് 80 കോടി രൂപയുടെ വിപണി ‘അസ്വാഭാവികമേയല്ല’ എന്നും കൂട്ടിചേര്‍ത്തു.

ദി വയറിന്‍റെ റിപോര്‍ട്ടില്‍ ജയ്‌ ഷായുടെ തന്നെ മറ്റൊരു കമ്പനിയായ കുസും ഫിനിസര്‍വിനെ കുറിച്ചും പറയുന്നുണ്ട്. കുസും ഫിനിസര്‍വിനു 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 2.6 കോടി രൂപ നിക്ഷേപമായും മറ്റൊരു 4.9 കോടി രൂപ ഉറപ്പുപത്രം കൈപ്പറ്റാതെ കടമായി നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട് രാഷ്ട്രീയ വിവാദമായതോടെ വക്കീലിനു പുറമേ ജയ്‌ അമിത് ഷായും പ്രതികരണവുമായി മുന്നോട്ടുവന്നു. ” അത്യന്തം നിന്ദ്യവും വ്യാജവും അപകീര്‍ത്തികരവുമായ റിപ്പോര്‍ട്ട് നേര്‍വഴിക്ക് ചിന്തിക്കുന്നവര്‍ക്ക് കൂടി എന്‍റെ ബിസിനസിന്‍റെ ‘വിജയം’ എന്‍റെ പിതാവിന്‍റെ രാഷ്ട്രീയ സ്ഥാനവുമായി കടപ്പെട്ടുനില്‍ക്കുന്നതാണ് എന്ന തോന്നലുണ്ടാക്കുന്നതാണ്. ”

“എന്‍റെ കച്ചവടം പൂര്‍ണമായും നിയമപരമായി നടത്തിപോന്നിട്ടുള്ളതാണ്‌. അതെന്‍റെ നികുതി രേഖകളും ബാങ്ക് രേഖകളും പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഞാന്‍ എന്‍ബിഎഫ്സി, സഹകരണ ബാങ്ക് എന്നിവയില്‍ നിന്നുമായി തികച്ചും നിയമമനുശാസിക്കുന്ന വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് വാണിജ്യപരമായ നിബന്ധനകള്‍ മുന്‍നിര്‍ത്തി വായ്പ്പയെടുത്തിട്ടുമുണ്ട്. ”

“പലിശയുടെ വാണിജ്യവരുമാനം പരിശോധിച്ച്, നിശ്ചിത സമയത്തിനുള്ളിൽ ഞാൻ വായ്പ തിരിച്ചടച്ചിട്ടുണ്ട്. ക്രെഡിറ്റ് സൗകര്യങ്ങൾ ലഭ്യമാക്കാൻ സഹകരണ ബാങ്കില്‍ ഞാൻ എന്റെ കുടുംബത്തിന്‍റെ വസ്തു പണയം വെച്ചിട്ടുണ്ട്, ” ജയ്‌ അമിത്ഷാ ഒരു പ്രസ്താവനയിൽ അറിയിച്ചു.

അപകീര്‍ത്തിപ്പെടുത്തിയെന്ന പേരില്‍ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഉടമകള്‍, എഡിറ്റര്‍മാര്‍, റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്ക് നേരെ നൂറു കോടിരൂപയുടെ കേസ് നല്‍കുമെന്നും ജയ്‌ അമിത് ഷാ അറിയിച്ചു.

ഇന്നലെ ന്യൂഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ജയ്‌ ഷാക്കെതിരെ കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. റജിസ്ട്രാര്‍ ഓഫ് കമ്പനിയുടെ രേഖകള്‍ ചൂണ്ടിക്കാണിച്ച മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ വസ്തുക്കളോ ആസ്തിയോ ഇല്ലാത്ത കമ്പനിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 80.5 കോടി രൂപ ലാഭം ഉണ്ടായതില്‍ അസ്വാഭാവികതയുണ്ടെന്നും പറഞ്ഞു.

” ആസ്തിയോ വസ്തുക്കളോ ഇല്ലാത്ത കമ്പനിക്ക് എങ്ങനെയാണ് 80 കോടി രൂപയുടെ ലാഭം ലഭിക്കുക? അതൊരു അത്ഭുതമല്ലേ? ഒരു സര്‍ക്കാര്‍ മാറിയ ഉടനെ തന്നെയാണ് ഇത് സംഭവിക്കുന്നത്. ചങ്ങാത്ത മുതലാളിത്തമെന്നല്ലാതെ ഇതിനെയെന്താണ് വിളിക്കുക? ഇതിനെതിരെ പ്രതികരിക്കാന്‍ പ്രധാനമന്ത്രി സിബിഐക്ക് നിര്‍ദ്ദേശം നല്‍കുമോ? ഇതില്‍ എന്തെങ്കിലും അറസ്റ്റ് നടക്കുമോ? അമിത് ഷായുടെ മകനു മേല്‍ അന്വേഷണം നടത്താനുള്ള ആത്മാര്‍ത്ഥത പ്രധാനമന്ത്രിക്കുണ്ടോ? ” കബില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

അഴിമതിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്‌ദാനം ഓര്‍മിപ്പിച്ച കബില്‍ സിബല്‍ ” പ്രധാനമന്ത്രിയാണ് എങ്കില്‍ താങ്കള്‍ പൊതു സ്വത്തുക്കളുടെ സംരക്ഷകന്‍ കൂടിയാണ്. നിങ്ങള്‍ തിന്നുകയോ (അഴിമതി നടത്തുക) മറ്റുള്ളവരെ തിന്നാന്‍ അനുവദിക്കുകയോ ഇല്ലാ എന്ന് പറഞ്ഞത് നിങ്ങള്‍ തന്നെയാണ്” എന്നും പറഞ്ഞു.

അതിനിടയില്‍ ജയ്‌ അമിത് ഷായെ പിന്തുണച്ചുകൊണ്ട് കപില്‍ സിബലിനു മറുപടിയുമായി റെയില്‍വേ മന്ത്രി പിയുഷ് ഗോയാലും മുന്നോട്ടുവന്നു. തികച്ചും നിയമമാനുശാസിക്കുന്ന രീതിയിലാണ് ജയ്‌ ഷായുടെ കച്ചവടം എന്നും അദ്ദേഹത്തിനെതിരെ നടക്കുന്നത് പൊള്ളയായ അപകീര്‍ത്തിപ്പെടുത്തല്‍ ആണ് എന്നുമായിരുന്നു പിയുഷ് ഗോയല്‍ പറഞ്ഞത്. “നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ വ്യവസായത്തിനു നഷ്ടം സംഭവിക്കുകയും ഒക്ടോബര്‍ 2016 ഓടു കൂടി അത് നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്തു.” പിയുഷ് ഗോയാല്‍ കൂട്ടിചേര്‍ത്തു.

ഇതിനുപിന്നാലെ വീണ്ടും പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഒരു കേന്ദ്രമന്ത്രി എന്തിനാണ് ഒരു സ്വകാര്യവ്യക്തിയെ ഇതുപോലെ പ്രതിരോധിക്കുന്നത് എന്നും ആരാഞ്ഞു.

റിപ്പോര്‍ട്ടിനോട് പ്രതികരിച്ച സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ” അതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. ഉയര്‍ന്നതലത്തില്‍ തന്നെ അഴിമതി നടന്നിട്ടുണ്ട്. അമിത് ഷായുടെ മകന്‍ സര്‍ക്കാരിന്‍റെ അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്തുകൊണ്ട് വളരെ രഹസ്യമായ രീതിയില്‍ ധനം സമ്പാദിക്കുകയായിരുന്നു.” സീതാറാം യെച്ചൂരി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Report on amit shahs son congress wants a probe he says will sue for defamation

Next Story
ഹാദിയയുടെ ഭാഗം കേൾക്കണമെന്ന് സുപ്രീംകോടതി; അഭിഭാഷകന് കോടതിയുടെ താക്കീത്hadiya case, ഹാദിയകേസ്, മതം മാറ്റം, Convertion, Religion, Hindu, Muslim, ഹിന്ദു, ഇസ്ലാം, മതം,
The moderation of comments is automated and not cleared manually by malayalam.indianexpress.com