ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം അനാഥമായി കിടക്കുമ്പോഴും മുതിര്‍ന്ന നേതാക്കള്‍ കാര്യമായി പ്രതികരിക്കുന്നില്ല. പുതിയ അധ്യക്ഷനെ എന്ന് തിരഞ്ഞെടുക്കുമെന്നോ, ആരായിരിക്കും പുതിയ അധ്യക്ഷനെന്നോ തുടങ്ങി പ്രാഥമിക വിവരങ്ങള്‍ പോലും കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്ന് ലഭിക്കാത്ത സ്ഥിതി വിശേഷമാണ്. രാഹുല്‍ ഗാന്ധിക്ക് പകരം ആരെ അധ്യക്ഷനാക്കണം എന്ന കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഇതുവരെ ധാരണയായിട്ടില്ല. ചര്‍ച്ചകള്‍ തുടരുകയാണ്. ഈ ആഴ്ച തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാക്കളുടെ നിലപാട് സുപ്രധാനമായിരിക്കും. സോണിയ ഗാന്ധി, മന്‍മാഹൻ സിങ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കളുടെ നിലപാടിനായിരിക്കും മുന്‍തൂക്കം.

പ്രവര്‍ത്തക സമിതി യോഗത്തില്‍ പുതിയ അധ്യക്ഷനെ കുറിച്ച് ധാരണയാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതേസമയം, രാഹുല്‍ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. പ്രിയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്ന വലിയ വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുമുണ്ട്.

Read Also: അധ്യക്ഷൻ ആര്?; അണിയറയിൽ ചർച്ചകൾ സജീവം

എന്നാല്‍, പ്രിയങ്ക ഗാന്ധിക്കായി പരസ്യമായ ചര്‍ച്ചകളോ ധാരണകളോ പാര്‍ട്ടിയില്‍ നടന്നിട്ടില്ല. കാരണം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി രാജിവയ്ക്കുമ്പോള്‍ അടുത്ത അധ്യക്ഷന്‍ നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നാകരുത് എന്ന അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാത്ത ഒരാളായിരിക്കും പുതിയ അധ്യക്ഷനാകേണ്ടത് എന്നാണ് രാഹുല്‍ അന്ന് പറഞ്ഞത്. അതിനാല്‍ തന്നെ പ്രിയങ്കക്കായി സമ്മര്‍ദം ചെലുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധൈര്യമില്ല. സോണിയ ഗാന്ധിയും പ്രിയങ്ക അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനോട് യോജിക്കുന്നില്ല.

മുന്‍ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത് ഇങ്ങനെ: “നിരവധി പ്രവര്‍ത്തകരാണ് പ്രിയങ്ക അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്നത്. ഞാനും ആഗ്രഹിക്കുന്നത് പ്രിയങ്ക കോണ്‍ഗ്രസ് അധ്യക്ഷയാകണമെന്നാണ്. ഗാന്ധി കുടുംബത്തില്‍ നിന്നുള്ള നേതാവാണ് പ്രിയങ്ക. പാര്‍ട്ടിയെ നയിക്കാനുള്ള എല്ലാ കഴിവും യോഗ്യതയും പ്രിയങ്കക്കുണ്ട്. പ്രിയങ്ക മികച്ച ഭരണാധികാരിയാണ്.”

Read Also: ‘രാഹുലിന് പിന്നാലെ’; ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനും രാജിവച്ചു

ഇതുപോലെയാണ് മറ്റ് ചില നേതാക്കളും പ്രതികരിക്കുന്നത്. അവര്‍ക്കും പ്രിയങ്ക അധ്യക്ഷയാകണമെന്നാണ് ആഗ്രഹം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തോല്‍വിയില്‍ നിന്ന് കരകയറണമെങ്കില്‍ നല്ല നേതൃത്വം വേണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രിയങ്കക്കായി ചില നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചത്. ട്വിറ്ററിലൂടെ രാജിക്കത്ത് അദ്ദേഹം പുറത്തുവിടുകയായിരുന്നു.  2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി രാഹുൽ അറിയിച്ചു. പാര്‍ട്ടിയിലെ യുവ നേതാക്കളുടെ രാജി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ അഭ്യര്‍ഥന, ആയിരക്കണക്കിന് വരുന്ന അണികളുടെ വികാരം ഇതിനൊന്നിനും രാഹുല്‍ ഗാന്ധിയുടെ മനം മാറ്റാന്‍ സാധിച്ചില്ല.

പുതിയ അധ്യക്ഷനെ പാർട്ടി അധികം വൈകാതെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. അടുത്ത അധ്യക്ഷനെ ഞാൻ തന്നെ തിരഞ്ഞെടുക്കണമെന്ന് സഹപ്രവർത്തകർ ആവശ്യപ്പെട്ടു. പുതിയ ഒരാൾ പാർട്ടിക്ക് നേതൃത്വം നൽകുന്നത് പ്രധാനമാണെങ്കിലും, ആ വ്യക്തിയെ ഞാൻ തിരഞ്ഞെടുക്കുന്നത് ശരിയല്ല. ധൈര്യത്തോടും സ്നേഹത്തോടും വിശ്വസ്തതയോടും കൂടി തങ്ങളെ നയിക്കാൻ കഴിയുന്ന വ്യക്തിയെ പാർട്ടി തിരഞ്ഞെടുക്കുമെന്ന വിശ്വാസമുണ്ടെന്നും രാഹുൽ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook