ലണ്ടൻ: ബഹിരാകാശത്ത് 150 കോടി പ്രകാശ വർഷം അകലെ നിന്നും ഭൂമിയിലേക്ക് റേഡിയോ തരംഗങ്ങൾ വരുന്നു. ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പ്രഭവകേന്ദ്രം കൃത്യമായി മനസിലാക്കാൻ സാധിച്ചിട്ടില്ലെങ്കിലും ഇത് ഭൂമിക്ക് പുറത്ത് നിന്നാണെന്ന് മനസിലായിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ കൈം (CHIME) ടീമാണ് ഈ കണ്ടെത്തലിന് പിന്നിൽ.
ഫാസ്റ്റ് റേഡിയോ ബേസ്റ്റസ് (എഫ്‌ആര്‍ബി) എന്ന് വിളിക്കുന്ന സിഗ്നലുകളാണ് ഭൂമിയിലേക്ക് എത്തുന്നത്. മുൻപും സമാനമായ റേഡിയോ തരംഗങ്ങൾ ഭൂമിയിലേക്ക് എത്തിയിട്ടുണ്ട്. ഇക്കുറി ഒരേ ദിശയിൽ നിന്ന് കുറഞ്ഞത് ആറ് തവണ സിഗ്നലുകൾ ലഭിച്ചെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഒരു മില്ലി സെക്കന്റിന്റെ ആയുസ് മാത്രമേ തരംഗത്തിന് ഉണ്ടായിരുന്നുളളൂ. എന്നാൽ സൂര്യൻ 12 മാസം കൊണ്ട് ഉൽപ്പാദിപ്പിക്കുന്ന ഊർജ്ജം അത്രയും ഈ തരംഗങ്ങൾക്ക് ഉണ്ടായിരുന്നു. ആറ് തവണ ഈ പ്രതിഭാസം അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ 60 സമാന സിഗ്നലുകൾ ലഭിച്ചു.
ഭൂമി ഉൾക്കൊളളുന്ന സൗരയൂഥത്തിന് പുറത്ത് ജീവന്റെ കണിക ഉണ്ടായിരിക്കാമെന്ന പഠനത്തിന് വളരെയേറെ കരുത്തുപകരുന്നതാണ് ഈ റേഡിയോ സിഗ്നലുകൾ. പഠന വിധേയമാക്കിയ തരംഗങ്ങളിൽ ആറെണ്ണത്തിന്റെ ആവൃത്തി 400 മെഗാ ഹെർട്സ് ആയിരുന്നു.