ന്യൂഡൽഹി: പ്രമുഖ ശാസ്ത്രജ്ഞനും വിദ്യാഭ്യാസവിചക്ഷണനുമായ പ്രൊഫ. യശ്‌പാൽ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലിരിക്കെയാണ് പത്മവിഭൂഷൺ യശ്‌പാൽ അന്തരിച്ചത്. ഇന്ന് വൈകിട്ട് 3 മണിക്കാണ് അദ്ദേഹത്തിന്റെ സംസ്കാരം. സാധാരണക്കാരില്‍ ശാസ്ത്രീയാവബോധം വളര്‍ത്തുന്നതിന് പ്രൊഫ. യശ്‌പാൽ നടത്തിയിട്ടുള്ള ഇടപെടലുകൾ മഹത്തരമാണ്.

ശാസ്ത്രലോകത്തെ സമഗ്രസംഭാവനയ്ക്ക് 1976 ൽ രാജ്യം യശ്‌പാലിനെ പത്മഭൂഷൺ നൽകി ആചരിച്ചിട്ടുണ്ട്. 2013ൽ രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകി രാജ്യം ഇദ്ദേഹത്തെ ആചരിച്ചിട്ടുണ്ട്.

പ്ലാനിങ്ങ് കമ്മീഷന്റെ മുഖ്യഉപദേഷ്ടാവ് (1983-84), ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സെക്രട്ടറി (1984-86) എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുന്നതിനായി യുജിസി അധ്യക്ഷന്‍ എന്ന നിലയിലും ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ അദ്ധ്യക്ഷന്‍ എന്ന നിലയിലും പ്രൊഫ. യശ്‌പാൽ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്.

ശാസ്ത്ര-വൈജ്ഞാനിക-വിദ്യാഭ്യാസ മേഖലകളില്‍ നികത്തുവാനാകാത്ത വിടവാണ് അദ്ദേഹത്തിന്റെ അഭാവം സൃഷ്ടിക്കുക. പ്രൊഫ. യശ്പാലിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ