ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയതിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും രംഗത്ത്. ആഭ്യന്തര മന്ത്രി എന്ന നിലയ്ക്ക് 370-ാം വകുപ്പ് റദ്ദാക്കുന്നതിൽ തനിക്ക് ഒരു ആശയകുഴപ്പവും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ അമിത് ഷാ കേന്ദ്ര സർക്കാരിന്റെ പുതിയ നടപടി കശ്മീരിൽ ഭീകരവാദം കുറയ്ക്കുമെന്നും കൂട്ടിച്ചേർത്തു. ഇത് വികസനത്തിലേക്കുള്ള വഴി തെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഭരണഘടനയിലെ 370-ാം വകുപ്പ് നേരത്തെ റദ്ദാക്കേണ്ടതായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന നിലയ്ക്ക് 370-ാം വകുപ്പ് റദ്ദാക്കി കഴിഞ്ഞുള്ള കാര്യങ്ങളെ ഓർത്ത് ഒരു ആശയകുഴപ്പവും ഉണ്ടായിരുന്നില്ല. എനിക്കുറപ്പാണ് കശ്മീരിൽ ഭീകരവാദം അവസാനിക്കും, ഇത് വികസനത്തിലേക്കുള്ള വഴിയൊരുക്കും,” അമിത് ഷാ ചെന്നൈയിൽ നടന്ന ഒരു ചടങ്ങിൽ വ്യക്തമാക്കി.

Also Read: കേരളത്തെ ഉദാരമായി സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ദിവസങ്ങൾക്ക് മുമ്പാണ് പാർലമെന്റ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കുന്ന പ്രമേയം പാസാക്കിയത്. രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് പ്രമേയം പാസാക്കിയത്. ലോക്‌സഭയിലും സർക്കാരിന് കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. ഇതോടൊപ്പം തന്നെ ജമ്മു കശ്മീരിനെ വിഭജിച്ച രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റാനുള്ള ബില്ലും പാർലമെന്റ് പാസാക്കിയിരുന്നു.

അതേസമയം, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന വകുപ്പ് ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയെയും അതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയ ആഭ്യന്തര മന്ത്രി അമിത് ഷായേയും പുകഴ്ത്തി നടൻ രജനീകാന്ത് രംഗത്തെത്തി. അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, മഹാഭാരതത്തിലെ അർജുനനും ശ്രീകൃഷ്ണനുമായാണ് രജനീകാന്ത് താരതമ്യപ്പെടുത്തിയത്. എന്നാൽ ഇതിൽ അർജുനൻ ആരാണെന്നും കൃഷ്ണൻ ആരാണെന്നും മോദിക്കും ഷായ്ക്കും മാത്രമേ അറിയുകയുള്ളൂവെന്നും രജനീകാന്ത് പറഞ്ഞു.

Also Read: മോദിയും അമിത് ഷായും കൃഷ്ണനേയും അർജുനനേയും പോലെ: രജനീകാന്ത്

ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു എഴുതിയ “ലിസണിങ്, ലേണിങ്, ലീഡിങ്” എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. ഇന്ന് രാവിലെയായിരുന്നു പുസ്തക പ്രകാശനം. വാർത്താ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ അമിത് ഷായാണ് പുസ്തകം പുറത്തിറക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook