scorecardresearch
Latest News

‘റിമോട്ട് കണ്‍ട്രോളിലായിരിക്കും എന്ന് പറയുന്നത് അപമാനിക്കുന്നതിന് തുല്യം’; അധ്യക്ഷ തിര‍ഞ്ഞെടുപ്പ് ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധി

രാജസ്ഥാനില്‍ ഗൗതം അദാനിയുടെ നിക്ഷേപം സ്വീകരിച്ച മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ തീരുമാനത്തെ രാഹുല്‍ ന്യായീകരിച്ചു

‘റിമോട്ട് കണ്‍ട്രോളിലായിരിക്കും എന്ന് പറയുന്നത് അപമാനിക്കുന്നതിന് തുല്യം’; അധ്യക്ഷ തിര‍ഞ്ഞെടുപ്പ് ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധി

ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കുന്ന വ്യക്തി ഗാന്ധി കുടുംബത്തിന്റെ നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക എന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ഇത്തരം പ്രസ്താവനകള്‍ ശശി തരൂരിനേയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.

“ഒരു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ഞാന്‍ ഈ സാഹചര്യത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. രണ്ട് സ്ഥാനാര്‍ഥികളും നിലപാടുള്ളവരാണ്. ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ അവരെ അധിക്ഷേപിക്കുന്നതിന് സമമാണ്,” രാഹുല്‍ വ്യക്തമാക്കി.

രാജസ്ഥാനില്‍ ഗൗതം അദാനിയുടെ നിക്ഷേപം സ്വീകരിച്ച മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ തീരുമാനത്തെ രാഹുല്‍ ന്യായീകരിച്ചു. ഭാരത് ജോഡൊ യാത്രയിലുടനീളം അദാനിക്കെതിരെ രാഹുല്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

“കുത്തകകള്‍ക്കെതിരെയാണ് നിലപാട് എടുക്കുന്നത്, നിക്ഷേപത്തിനെതിരെയല്ല. രാജസ്ഥാനില്‍ 60,000 കോടി രൂപ നിക്ഷേപിക്കാമെന്നാണ് അദാനി പറഞ്ഞത്. ഒരു മുഖ്യമന്ത്രിക്കും അത് നിരസിക്കാന്‍ കഴിയില്ല,” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

“ഞാന്‍ വ്യവസായത്തിനും കോര്‍പറേറ്റുകള്‍ക്കും എതിരല്ല. ഇന്ത്യന്‍ വ്യവസായത്തെ സമ്പൂർണ്ണമായി കുത്തകവൽക്കരിക്കുന്നതിന് ഞാൻ എതിരാണ്. ഇന്ന് കുറച്ച് ആളുകളെ സഹായിച്ച് എല്ലാ വ്യവസായത്തിന്റേയും സമ്പൂർണ്ണ കുത്തകവത്കരണം ബിജെപി നടത്തിയിരിക്കുകയാണ്. ഒരു രാഷ്ട്രീയ സംവിധാനം രണ്ടോ മൂന്നോ പേരെ സഹായിക്കാൻ തുനിഞ്ഞാൽ അത് രാജ്യത്തിന് ദോഷം ചെയ്യും,” രാഹുല്‍ പറഞ്ഞു.

ഒക്ടോബര്‍ 17-നാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്. 19-നാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Remote control allegations insulting to congress presidential candidates rahul