scorecardresearch

പ്രവാചകനെതിരായ പരാമര്‍ശം സർക്കാരിന്റെ കാഴ്ചപ്പാടുകളുടെ പ്രതിഫലനമല്ല: വിദേശകാര്യ മന്ത്രാലയം

ബിജെപി മുന്‍ ദേശീയ വക്താവിന്റെ പരാമര്‍ശത്തില്‍ മുസ്ലിം രാജ്യങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭയും നിലപാട് വ്യക്തമാക്കിയിരുന്നു

BJP, Central Government

ന്യൂഡല്‍ഹി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശങ്ങളിൽ അറബ് രാജ്യങ്ങളിൽ നിന്ന് വ്യാപകമായ വിമര്‍ശനം നേരിടുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. പ്രസ്താവനകൾ സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.

“കാര്യങ്ങള്‍ വ്യക്തമായി അറിയിക്കേണ്ടവരെ ധരിപ്പിച്ചിട്ടുണ്ട്. കൂടാതെ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് എനിക്ക് കൂടുതലായി ഒന്നും പറയാനില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി മുന്‍ ദേശീയ വക്താവിന്റെ പരാമര്‍ശത്തില്‍ മുസ്ലിം രാജ്യങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭയും നിലപാട് വ്യക്തമാക്കിയിരുന്നു. എല്ലാ മതങ്ങളേയും ബഹുമാനിക്കുക എന്നതിനെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയൊ ഗുട്ടറസിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് വ്യക്തമാക്കി.

ബിജെപിയുടെ മുൻ ദേശീയ വക്താവ് നൂപുർ ശർമയും പാര്‍ട്ടിയുടെ ഡൽഹി മാധ്യമ മേധാവി നവീൻ കുമാർ ജിൻദാലുംലും പ്രവാചകനെതിരെ നടത്തിയ പരാമർശങ്ങളെ മുസ്ലീം രാജ്യങ്ങൾ അപലപിച്ചതിനെ കുറിച്ച് പാകിസ്ഥാൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പല മുസ്ലീം രാജ്യങ്ങളിൽ നിന്നും പ്രതിഷേധമുയർന്നതോടെ പ്രവാചകനെതിരായ പരാമർശത്തില്‍ ശർമ്മയെ ബിജെപി കഴിഞ്ഞ ഞായറാഴ്ച സസ്പെൻഡ് ചെയ്യുകയും ജിൻദലിനെ പുറത്താക്കുകയും ചെയ്തു.

മുസ്ലീം ഗ്രൂപ്പുകളുടെ പ്രതിഷേധവും കുവൈറ്റ്, ഖത്തർ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള രൂക്ഷമായ വിമര്‍ശനത്തിനുമിടയില്‍, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഏതെങ്കിലും മത വ്യക്തിത്വത്തെ അവഹേളിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും ബിജെപി പ്രസ്താവനയിറക്കിയിരുന്നു.

നയതന്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ശ്രമിക്കുകയാണെന്ന് ഖത്തറിലെയും കുവൈത്തിലെയും ഇന്ത്യൻ എംബസി വക്താക്കൾ അറിയിച്ചു. പരാമര്‍ശങ്ങള്‍ ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അംബാസഡർമാർ വ്യക്തമാക്കി.

Also Read: രാംനാഥ് കോവിന്ദിനു പിന്‍ഗാമി ആരാകും? രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Remarks on prophet do not reflect views of govt says mea

Best of Express