റാഞ്ചി: പ്രവാചക വിരുദ്ധ പരാമർശത്തിനെതിരായ പ്രതിഷേധത്തിനിടെ റാഞ്ചിയിൽ രണ്ടുപേർ വെടിയേറ്റ് മരിച്ചു. ജനക്കൂട്ടം കല്ലേറ് നടത്തുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. 12 പേർക്ക് പരുക്കേറ്റതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ബി.ജെ.പി മുൻ വക്താക്കളായ നൂപൂർ ശര്മയുടേയും നവീൻ കുമാർ ജിൻഡാലിന്റെയും വിവാദ പരാമർശത്തിനെതിരെ വെള്ളിയാഴ്ച രാജ്യവാപകമായി പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. യുപിയിലെ പ്രയാഗരാജന്ദിലും പശ്ചിമ ബംഗാളിലെ ഹൗറയിലും പ്രതിഷേധം അക്രമാസക്തമായി. ഡൽഹി, മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് റാഞ്ചിയിൽ ശനിയാഴ്ച രാവിലെ ആറ് വരെയും ഹൗറയിൽ തിങ്കളാഴ്ച രാവിലെ ആറ് വരെയും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.
ഡൽഹി ജുമാമസ്ജിദിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ആളുകൾ ഒത്തുകൂടി പ്രതിഷേധിച്ചിരുന്നു. 300 ഓളം പേർ പ്രതിഷേധത്തിൽ പങ്കെടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം. ഷാഹി ഇമാം പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കുകയും അനുരഞ്ജനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഉത്തർപ്രദേശിലെ വിവിധ ഇടങ്ങളിൽ ഉണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് 136 പേരെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ സോലാപൂർ, നവി മുംബൈ, നന്ദുർബാർ, ഔറംഗബാദ്, പർഭാനി, ജൽന തുടങ്ങി 14 ജില്ലകളിൽ സമാധാനപരമായ പ്രതിഷേധങ്ങൾ നടന്നു. കൊൽക്കത്തയിൽ, നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പ്രധാന റോഡിലെ ഗതാഗതം രണ്ട് മണിക്കൂറിലധികം തടഞ്ഞു.
ഗുജറാത്തിൽ, വഡോദരയിലും അഹമ്മദാബാദിലും പ്രതിഷേധം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ബിഹാറിലെ ഭോജ്പൂർ, മുസാഫർപൂർ, നവാഡ ജില്ലകളിലും പ്രതിഷേധങ്ങൾ നടന്നു. ഹൈദരാബാദിലെ മക്ക പള്ളിക്ക് പുറത്ത് ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധക്കാർ ഒത്തുകൂടിയതിനെ തുടർന്ന് സ്ഥലത്ത് അൽപ്പനേരം സംഘർഷാവസ്ഥ നിലനിന്നിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ജമ്മു കാശ്മീരിലും ജാർഖണ്ഡിലും കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: ‘ചരിത്രമെഴുതുന്നതിൽ നിന്ന് ആർക്കാണ് നമ്മളെ തടയാൻ കഴിയുക?’: അമിത് ഷാ