ഗുവാഹത്തി: ലവ് ജിഹാദ് ആരോപണത്തെ തുടർന്ന് അസമീസ് ഭാഷയിലെ ടെലിവിഷൻ സീരിയലിന് വിലക്ക്. ഒരു പ്രത്യേക മത വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ഹിന്ദു നായികയും മുസ്ലിം നായകനും മുഖ്യ കഥാപാത്രങ്ങളായ ബീഗം ജാൻ എന്ന സീരിയലിന് പൊലീസ് വിലക്കേർപ്പെടുത്തിയത്. സീരിയലിനെതിരെ ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകൾ ഒരുമാസത്തിലധികമായി പ്രതിഷേധം നടത്തിവരികയാണ്.
കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് (റെഗുലേഷൻ) ആക്റ്റ്, 1995 പ്രകാരം നിരോധനത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് ഗുവാഹത്തി പോലീസ് കമ്മീഷണർ എംപി ഗുപ്ത റെംഗോണി ടിവിക്ക് കത്തെഴുതി.
“ആരോപണത്തിന്റെ സാരം ഇതാണ്… ബീഗം ജാൻ എന്ന സീരിയൽ സമൂഹത്തിലെ ചില വിഭാഗങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ട്, ഒരു പ്രത്യേക മതത്തെയും സമൂഹത്തിലെ ഒരു വിഭാഗത്തെയും അവഹേളിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ ദൃശ്യങ്ങൾ അല്ലെങ്കിൽ വാക്കുകൾ സീരിയലിൽ അടങ്ങിയിരിക്കുന്നു, അത് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ഉത്തേജിപ്പിക്കുകയോ ചെയ്യും.”
ഹിന്ദു ജാഗരൺ മഞ്ച, ഓൾ അസം ബ്രാഹ്മണ യൂത്ത് കൗൺസിൽ, യുണൈറ്റഡ് ട്രസ്റ്റ് ഓഫ് അസം എന്നീ സംഘടനകളും ഗുണജിത് അധികാരി എന്ന വ്യക്തിയും നൽകിയ പരാതിയിലാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി.
Read More: ബ്ലാക് പാന്തർ നായകൻ ചാഡ്വിക് ബോസ്മാൻ അന്തരിച്ചു
താൽക്കാലികമായി ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ച സീരിയൽ നിർമ്മാതാക്കൾ, നിരോധനത്തിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
ഓൺലൈനിൽ ബലാത്സംഗ, കൊലപാതക ഭീഷണികൾ നേരിടുന്നുണ്ടെന്ന് ബീഗം ജാനിൽ നായികയായി അഭിനയിക്കുന്ന പ്രീതി കൊങ്കണ നേരത്തെ പറഞ്ഞിരുന്നു. സീരിയൽ ‘ലവ് ജിഹാദിനെ’ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം നിഷേധിച്ച അവർ, പ്രശ്നങ്ങൾ നേരിടുന്ന ഒരു ഹിന്ദു യുവതിയെ ഒരു മുസ്ലിം യുവാവ് സഹായിക്കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനമെന്നും വ്യക്തമാക്കി.
കേബിൾ നിയമപ്രകാരം ജില്ലാതല നിരീക്ഷണ സമിതിയുടെ മുമ്പാകെ പരാതികൾ നൽകിയിട്ടുണ്ടെന്ന് പോലീസ് ഉത്തരവിൽ പറയുന്നു.
“1994 ലെ കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് ചട്ടങ്ങളിലെ റൂൾ 6ൽ പറഞ്ഞിരിക്കുന്ന പ്രോഗ്രാം കോഡിന്റെ ലംഘനമാണ് മേൽപ്പറഞ്ഞ സീരിയൽ എന്ന് ബീഗം ജാൻ എന്ന സീരിയലിന്റെ വീഡിയോ ക്ലിപ്പുകൾ കണ്ട ശേഷം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ സീരിയൽ സമൂഹത്തിലെ ചില വിഭാഗങ്ങളുടെ മതവികാരത്തെ പ്രകോപിപ്പിക്കുന്നു എന്നതാണ് സമിതിയുടെ നിഗമനം. സീരിയലിന്റെ സംപ്രേഷണം ഉടനടി നിർത്തുന്നില്ലെങ്കിൽ ഇത് സമൂഹത്തിൽ ക്രമസമാധാനം ലംഘിക്കുന്നതിലേക്ക് നയിച്ചേക്കാം,” എന്ന് സമിതി അഭിപ്രായപ്പെട്ടതായും പൊലീസ് പറയുന്നു.
Read More: റിയ ചക്രവർത്തിക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കേസെടുത്തു
മൂന്നുമാസം മുമ്പാണ് റെംഗോണി ടിവി സീരിയൽ സംപ്രേഷണം ചെയ്യാൻ തുടങ്ങിയത്. എന്നാൽ ജൂലൈ ആദ്യം തന്നെ ഇതിനെതിരെ ഓൺലൈൻ കാമ്പെയ്ൻ ആരംഭിച്ചു. #BoycottBegumJaan, #BoycottRengoni തുടങ്ങിയ ട്വിറ്റർ ഹാഷ്ടാഗുകളോടെയായിരുന്നു ക്യാംപെയിൻ.
അതേ സമയം നടപടിക്കെതിരെ സീരിയല്‍ സംപ്രേഷണം ചെയ്ത പ്രാദേശിക ചാനല്‍ രെംഗോണി അധികൃതര്‍ രംഗത്തു വന്നു. മതവിദ്വേഷ പരമായി ഒന്നും സീരിയയില്‍ ഇല്ലെന്നാണ് ഇവര്‍ പറയുന്നത്.
“ഇതിന് ലവ് ജിഹാദുമായി ഒരു ബന്ധവുമില്ല. ഒരു മുസ്ലിം പ്രദേശത്ത് അകപ്പെട്ട് കുഴപ്പത്തിലായ ഹിന്ദു പെണ്‍കുട്ടിയെ ഒരു മുസ്ലിം പുരുഷന് രക്ഷപ്പെടുത്തുന്നതാണ് ഇതിന്റെ കഥ,” ചാനലിന്റെ മാനേജിംഗ് ഡയരക്ടറും ചെയര്‍ പേഴ്സണുമായ സജ്ഞീവ് നാരായണ്‍ പറഞ്ഞു.
Read More in English: Religious sentiments ‘hurt’, Assam Police bans TV serial for two months