scorecardresearch
Latest News

ചൈന, യുക്രൈന്‍ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; പരീക്ഷ പാസാകാന്‍ രണ്ട് അവസരം നല്‍കും

വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരമാണ് സുപ്രീം കോടതി അനുമതി നല്‍കിയത്

Indian Students, Canada, IE Malayalam

ന്യൂഡല്‍ഹി: ബിരുദത്തിന്റെ അവസാന വര്‍ഷം യുക്രൈന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മടങ്ങി വരേണ്ടി വന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം. ഇന്ത്യയിലെ അവസാന വര്‍ഷ എംബിബിഎസ് പരീക്ഷ പാസാകുന്നതിനായി രണ്ട് അവസരങ്ങള്‍ നല്‍കും.

ഒരു വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരം പരീക്ഷ പാസാക്കാൻ കേന്ദ്രം ഒരു തവണ അവസരം നൽകുന്നതിന് സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. കേന്ദ്രം ഒരു അവസരം നല്‍കാമെന്നായിരുന്നു നിലപാട്, എന്നാല്‍ ജസ്റ്റിസുമാരായ ബി ആർ ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ഇത് അപര്യാപ്തമാണെന്ന് നിരീക്ഷിക്കുകയും രണ്ട് അവസരങ്ങള്‍ നല്‍കാമെന്ന് ഉത്തരവിടുകയുമായിരുന്നു.

സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കുന്നു. എന്നാല്‍ ഒരു അവസരമെന്നത് രണ്ട് എന്നാക്കി മാറ്റിയിട്ടുണ്ട്. തിയറിക്കും പ്രാക്ടിക്കലിനും ഇത് ബാധകമാണ്, കോവിഡിനെ തുടര്‍ന്നും യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും നാട്ടിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

വിദ്യാര്‍ഥികളുടെ പ്രതിസന്ധിക്ക് കൃത്യമായൊരു പരിഹാരം കാണണമെന്ന് 2022 ഡിസംബര്‍ ഒന്‍പതിന് കേസ് പരിഗണിക്കവെ ആരോഗ്യമന്ത്രാലയത്തിനും വിദേശകാര്യമന്ത്രാലയത്തിനും സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. നാഷണല്‍ മെഡിക്കല്‍ കമ്മിഷനുമായി (എന്‍എംസി) കൂടിയാലോചിച്ച് പരിഹാരം കാണാനായിരുന്നു നിര്‍ദേശം. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കാമെന്നും കോടതി പറഞ്ഞിരുന്നു.

നിർദ്ദേശത്തിന് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ഡയറക്ടർ ജനറൽ ഓഫ് ഹെല്‍ത്ത് സർവീസ് (ഡിജിഎച്ച്എസ്) ചെയർമാനായും എൻഎംസിയുടെയും മൂന്ന് മന്ത്രാലയങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

അവസാന വർഷത്തിൽ മടങ്ങിയെത്തുകയും അതിനുശേഷം ഓൺലൈൻ ക്ലാസുകൾ പിന്തുടരുകയും ചെയ്ത വിദ്യാർത്ഥികൾക്ക് എൻഎംസി സിലബസും മാർഗനിർദ്ദേശങ്ങളും അനുസരിച്ച് നിലവിലുള്ള ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ എൻറോൾ ചെയ്യാതെ എംബിബിഎസ് ഫൈനൽ, പാർട്ട് ഒന്ന്, പാർട്ട് രണ്ട് പരീക്ഷകൾ (തിയറിയും പ്രാക്ടിക്കലും) പാസാകാന്‍ ഒരു അവസരം നൽകാമെന്ന് ചർച്ചകൾക്ക് ശേഷം കമ്മിറ്റി ശുപാർശ ചെയ്തതു. പാര്‍ട്ട് ഒന്ന് പാസായവര്‍ക്കായിരിക്കും പാര്‍ട്ട് രണ്ട് എഴുതാന്‍ അവസരം ഒരുങ്ങുക.

ഈ രണ്ട് പരീക്ഷകളും വിജയിച്ചതിന് ശേഷം, വിദ്യാര്‍ഥികള്‍ രണ്ട് വർഷത്തെ നിർബന്ധിത റൊട്ടേട്ടറി ഇന്റേൺഷിപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. അതിന്റെ ആദ്യ വർഷം സൗജന്യവും രണ്ടാം വർഷം മുൻ കേസുകളിൽ എൻഎംസി തീരുമാനിച്ചതുപോലെ പണം നല്‍കേണ്ടതുമായിരിക്കും.

എന്നാൽ വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സമിതിയുടെ ശുപാർശകളെ ചോദ്യം ചെയ്യുകയും സർക്കാർ വിദ്യാർത്ഥികൾക്ക് മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു. ഇന്ത്യയിലും വിദേശത്തും പിന്തുടരുന്ന സിലബസുകളിലെ വ്യത്യാസം കണക്കിലെടുത്ത് ഒരു അവസരം മതിയാകുമോ എന്ന സംശയവും അവർ ഉന്നയിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Relief for mbbs students who came back from ukraine china sc grants two attempts to clear exam