ന്യൂഡൽഹി: കർഷക പ്രക്ഷോഭം നാൽപ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ, കൃഷിഭൂമി വാങ്ങി കോര്‍പ്പറേറ്റ് കൃഷി നടത്താന്‍ ഉദ്ദേശമില്ലെന്നും കമ്പോളവിലയില്‍ കുറച്ച് കാർഷിക വിളകൾ സംഭരിക്കില്ലെന്നും കർഷകർക്ക് ഉറപ്പ് നൽകി, മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പ്. കരാര്‍ കൃഷിയിലേക്ക് തങ്ങളില്ലെന്നും കര്‍ഷകരോട് തങ്ങള്‍ക്ക് അങ്ങേയറ്റം ബഹുമാനമാണെന്നും റിലയന്‍സ് പറഞ്ഞു.

വിതരണക്കാർ കർഷകരിൽ നിന്ന് വാങ്ങുന്ന ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കും. കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വാങ്ങാനായി ദീർഘകാല കരാറുകളിൽ ഏർപ്പെട്ടിട്ടില്ല. കർഷകരിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങൾ ഏറ്റെടുക്കില്ലെന്നും റിലയൻസ് വിശദീകരിച്ചു. കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള ഏഴാംവട്ട ചർച്ചയ്ക്ക് തൊട്ടുമുൻപാണ് റിലയൻസിന്റെ വിശദീകരണം.

“കോർപ്പറേറ്റ് അല്ലെങ്കിൽ കരാർ കൃഷിക്കായി റിലയൻസോ ഞങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളോ പഞ്ചാബ് / ഹരിയാനയിലോ ഇന്ത്യയിലെ മറ്റെവിടെയെങ്കിലുമോ നേരിട്ടോ അല്ലാതെയോ ഒരു കാർഷിക ഭൂമിയും വാങ്ങിയിട്ടില്ല. ഞങ്ങൾക്ക് അത്തരത്തിലൊരു പദ്ധതിയും ഇല്ല,” കമ്പനി പ്രസ്താവനയിൽ പറഞ്ഞു. പുതിയ കാർഷിക നിയമങ്ങളിൽ നിന്ന് നേട്ടമുണ്ടാകുമെന്ന് കർഷക ഗ്രൂപ്പുകൾ വിശ്വസിക്കുന്ന രണ്ട് കമ്പനികളിൽ ഒന്നാണ് ആർ‌ഐ‌എൽ. ഗൌതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പാണ് മറ്റൊരു കമ്പനി.

Read More: കർഷക പ്രക്ഷോഭം 40-ാം ദിവസത്തിലേക്ക്: ഇന്ന് വീണ്ടും ചർച്ച, നിർണായകം

സെപ്റ്റംബറിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ഭൂരിഭാഗം കർഷകരും പുതിയ നിയമങ്ങൾ വൻകിട കരാർ കാർഷിക കമ്പനികൾക്ക് അനാവശ്യ നേട്ടമുണ്ടാക്കുമെന്നാണ് അവകാശപ്പെടുന്നത്.

കഠിനാധ്വാനത്തിലൂടെയും അർപ്പണ ബോധത്തിന്റെയും ഫലമാണ് ഭക്ഷ്യോത്പന്നങ്ങൾ. അതിന് ന്യായവും ലാഭകരവുമായ വില ലഭിക്കണമെന്ന കർഷകരുടെ ആഗ്രഹത്തെ റിലയൻസും തങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളും പൂർണമായി അനുകൂലിക്കുന്നു. മിനിമം താങ്ങുവില സംവിധാനത്തിലൂടെയോ കാർഷികോത്പ്പന്നങ്ങൾക്ക് ന്യായമായി വില ലഭിക്കുന്ന മറ്റേതെങ്കിലും സംവിധാനത്തിലൂടെയോ മാത്രമേ ഉത്പന്നങ്ങളെ വാങ്ങാവൂയെന്ന് കർശനമായി വിതരണക്കാരെ അറിയിച്ചിട്ടുണ്ടെന്നും റിലയൻസ് പ്രസ്താവനയിൽ വ്യക്തമാക്കി.

റിലയന്‍സ് ജിയോക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കമ്പനി പ്രതികരണവുമായി എത്തിയിരിക്കുന്നത്. പഞ്ചാബില്‍ ജിയോ ടവറുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇത് റിലയന്‍സിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷകരെ അനുനയിപ്പിക്കാനുള്ള നീക്കം കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

അതേസമയം, ഇന്ന് കേന്ദ്ര സർക്കാരും കർഷക യൂണിയൻ പ്രതിനിധികളും തമ്മിൽ ചർച്ച നടക്കും. ഇത് ഏഴാം തവണയാണ് ഇരുകൂട്ടരും തമ്മിൽ ചർച്ച. ഇതുവരെ നടന്ന ചർച്ചകളൊന്നും പൂർണമായി വിജയം കണ്ടില്ല. സർക്കാരുമായുള്ള ഇന്നത്തെ ചർച്ച പരാജയപ്പെട്ടാൽ, ഹരിയാനയിലെ എല്ലാ മാളുകളും പെട്രോൾ പമ്പുകളും അടയ്‌ച്ച് പ്രതിഷേധം ശക്തമാക്കുമെന്ന് കർഷക പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.

കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും വിളകളുടെ കുറഞ്ഞ താങ്ങു വിലയ്ക്ക് (എംഎസ്‌പി) നിയമപരമായ ഉറപ്പ് വേണമെന്നുമാണ് കർഷകരുടെ പ്രധാന ആവശ്യം.

ഡിസംബർ 30 നാണ് കർഷക യൂണിയൻ പ്രതിനിധികളും കേന്ദ്രവും തമ്മിൽ അവസാന ചർച്ച നടന്നത്. ഈ ചർച്ചയിൽ കർഷകർ മുന്നോട്ടുവച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണത്തിൽ ഏകദേശ ധാരണയായെന്നാണ് സൂചന. നാല് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് കർഷകർ കേന്ദ്രത്തിനു മുന്നിൽവച്ചത്. കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക, കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുക, താങ്ങുവില ഉറപ്പാക്കുമെന്ന് നിയമപരമായ പരിരക്ഷ നൽകുക, വൈക്കോൽ കത്തിക്കുന്ന കര്‍ഷകര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കുക എന്നിവയാണ് കർഷകരുടെ ആവശ്യങ്ങൾ. ഇതിൽ വെെദ്യുതി ബിൽ, വെെക്കോൽ കത്തിക്കുന്ന കർഷകർക്കെതിരെയുള്ള നടപടി എന്നിവയിലാണ് കേന്ദ്രം വഴങ്ങിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook