സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് സര്‍വീസുകള്‍ താത്കാലികമായി അവസാനിപ്പിച്ച ജെറ്റ് എയര്‍വേയ്സിന്റെ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഒപ്പം പൊതുമേഖല എയര്‍ലൈന്‍സായ എയര്‍ ഇന്ത്യയിലും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സിന് താത്പര്യമുള്ളതായി റിപ്പോര്‍ട്ടുകള്‍.

അവസാന സാമ്പത്തിക വര്‍ഷത്തില്‍ ജെറ്റ് എയര്‍വേയ്സും എയര്‍ ഇന്ത്യയും നഷ്ടത്തിലായിരുന്നു. ഇരു കമ്പനികളുടേയും മാര്‍ക്കറ്റ് ഷെയര്‍ 25 ശതമാനത്തിലും താഴെയായിരുന്നു. 25 വര്‍ഷത്തെ സേവനമാണ് ബുധനാഴ്ച ജെറ്റ് എയര്‍വേയ്സ് അവസാനിപ്പിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിയന്തര ഇടക്കാല ഫണ്ടായി 983 കോടി രൂപ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

Read More: ജെറ്റ് എർവേയ്സിലെ 500 ജീവനക്കാർക്ക് തൊഴിൽ നൽകി സ്‌പൈസ് ജെറ്റ്

ജെറ്റ് എയര്‍വേയ്സ് ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചവരില്‍ നേരത്തേ റിലയൻസ് ഉണ്ടായിരുന്നില്ല. എന്നാല്‍ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എത്തിഹാദ് എയര്‍വേസുമായി ചേര്‍ന്ന് റിലയന്‍സ് ജെറ്റ് എയര്‍വേയ്സ് ഏറ്റെടുത്തേക്കാമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അടുത്തവൃത്തം പറയുന്നു. ജെറ്റ് എയര്‍വേസിന്റെ 24 ശതമാനം ഓഹരി കൈവശമുള്ള എത്തിഹാദ്, ജെറ്റ് എയര്‍വേസ് ഏറ്റെടുക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു.

നിലവിലെ വിദേശ നിക്ഷേപ മാനദണ്ഡങ്ങള്‍ പ്രകാരം ജെറ്റ് എയര്‍വേയ്സിന് ഓട്ടോമാറ്റിക് റൂട്ടിലൂടെ തങ്ങളുടെ ഓഹരി 24 ശതമാനത്തില്‍ നിന്നും 49 ശതമാനമാക്കി ഉയര്‍ത്താം. അതിനു മുകളിലേക്ക് പോകാന്‍ ഗവണ്‍മെന്റിന്റെ അനുമതി ആവശ്യമാണ്.

Read More: ജെറ്റ് എയര്‍വേയ്സ് ജീവനക്കാര്‍ക്ക് ജോലി നല്‍കി എയര്‍ ഇന്ത്യ

അതേസമയം മാധ്യമ വാര്‍ത്തകളോടും ഊഹാപോഹങ്ങളോടും തങ്ങളുടെ കമ്പനി പ്രതികരിക്കില്ലെന്നാണ് റിലയന്‍സ് വക്താവ് അറിയിച്ചത്. നിരവധി അവസരങ്ങളെ കുറിച്ചും സാധ്യകളെ കുറിച്ചും വിലയിരുത്തി വരികയാണ് കമ്പനി എന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ജെറ്റ് എര്‍വേയ്സ് സേവനങ്ങള്‍ അവസാനിപ്പിച്ചതോടെ തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ക്ക് സഹായവുമായി എയര്‍ ഇന്ത്യയും സ്‌പൈസ് ജെറ്റും രംഗത്തെത്തി. ജെറ്റ് എയര്‍വേസിലെ 150 ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യ ജോലി നല്‍കിയപ്പോള്‍ 100 പൈലറ്റുമാര്‍ ഉള്‍പ്പെടെ 500 ജീവനക്കാര്‍ക്ക് സ്‌പൈസ് ജെറ്റും തൊഴില്‍ നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook