ന്യൂഡല്‍ഹി: ഏത് ചടങ്ങിലും കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ പോന്ന താരമാണ് കോണ്‍ഗ്രസ് എംപിയും നടിയുമായ രേഖ. ഇന്നും അതിന് യാതൊരു മാറ്റവും ഉണ്ടായില്ല. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്താന്‍ രാവിലെ 11.15ഓടെയാണ് രേഖ പാര്‍ലമെന്റിലെത്തിയത്.

പുഞ്ചിരി തൂകി ക്രീം കളര്‍ സാരി ധരിച്ചെത്തിയ രേഖ ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചു. സാരിയിലെ സവിശേഷമായ എംബ്രോയിഡറിയാണ് ഏവരേയും അത്ഭുതപ്പെടുത്തിയത്. ഒറ്റനോട്ടത്തില്‍ താമര പോലെ തോന്നിച്ച എംബ്രോയിഡറി ക്യാമറക്കണ്ണുകളും ഒപ്പിയെടുത്തു. രേഖ ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വ്യക്തമല്ല.

കോണ്‍ഗ്രസ് പ്രതിനിധിയായി 2012ലാണ് രേഖ രാജ്യസഭയില്‍ എത്തിയത്. വോട്ട് ചെയ്യാനായി എംപിയും ക്രിക്കറ്റ് താരവുമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറോടൊപ്പമാണ് രേഖ എത്തിയത്. കൂടാതെ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയും കൂടെ ഉണ്ടായിരുന്നു.

എന്നാല്‍ രേഖയുടെ സാരിയിലെ താമര കണ്ട ചിലര്‍ മറ്റു ചില സംശയങ്ങളും ഉന്നയിച്ചു. ബിജെപിയിലേക്കുളള കാലുമാറ്റത്തിനാണോ രേഖ സൂചന തരുന്നതെന്ന ചോദ്യം ഉയര്‍ന്നു. രാജ്യത്ത് കാലുവാരലും ചാക്കിട്ടുപിടിത്തവും ശക്തമായിരിക്കെ അതിന്റെ സാധ്യതയും തളളിക്കളയാന്‍ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ