റാഞ്ചി: ഇറാഖിന്റെ ധീരനായ ഭരണാധികാരി ആയിരുന്ന സദ്ദാം ഹുസൈനോടുള്ള ആരാധന മൂത്താണ് മുത്തച്ഛന്‍ കൊച്ചുമകന് സദ്ദാം ഹുസൈന്‍ എന്ന പേരിട്ടത്. എന്നാല്‍ ആ പേരൊരു പുലിവാലായി മാറുമെന്ന് ആരും കരുതിയില്ല.

തമിഴ്‌നാട്ടിലെ നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മറൈന്‍ എഞ്ചിനിയറിംഗ് രണ്ടാം റാങ്കോടെ പാസ്സായ സദ്ദാം ഹുസൈന്‍ ജോലിക്ക് വേണ്ടി കയറിയിറങ്ങിയ കമ്പനികളൊക്കെയും അദ്ദേഹത്തെ സംശയത്തോടെയാണ് വീക്ഷിച്ചത്. നാല്‍പതോളം കമ്പനികളാണ് അദ്ദേഹത്തെ ജോലി ഇല്ലെന്ന് പറഞ്ഞ് തിരിച്ചയച്ചത്.

അമേരിക്ക തൂക്കിലേറ്റിയ സദ്ദാം ഹുസൈന്റെ പേരുള്ള ഒരാളെ കമ്പനിയില്‍ എടുക്കാന്‍ ആരും തയ്യാറായില്ല. ഷാരുഖ് ഖാനെ പോലുള്ളവരെ പോലും വിവിധ രാജ്യങ്ങളില്‍ തടയുമ്പോള്‍ താങ്കളെ എങ്ങനെ ജോലിക്കെടുക്കുമെന്നാണ് എല്ലാവരും ചോദിച്ചത്.

മറൈന്‍ എഞ്ചിനീയര്‍ എന്ന നിലയില്‍ നിരവധി രാജ്യങ്ങളില്‍ സഞ്ചരിക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ് പേരു മാറ്റാന്‍ തന്നെ സദ്ദാം ഹുസൈന്‍ തീരുമാനിച്ചു. എല്ലായിടത്തും ഓടി നടന്ന് എല്ലാ രേഖകളിലും സദ്ദാം ഹുസൈന്‍ എന്ന പേരു മാറ്റി സാജിദ് എന്നാക്കി. പക്ഷേ സിബിഎസ്ഇ മാത്രം പേരു മാറ്റി നല്‍കാന്‍ തയ്യാറായിട്ടില്ല. തുടര്‍ന്ന് അദ്ദേഹം പേര് മാറ്റാനായി കോടതിയെ സമീപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ