ഇസ്‌ലാമാബാദ്: ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനും മുന്‍ പാക് ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാൻ മൂന്നാമതും വിവാഹിതനായിരുന്നു. തന്‍റെ ആത്മീയ ഉപദേശകയായ ബുഷ്റ മനേകയെയാണ് ഇമ്രാൻ ഇത്തവണ ജീവിത സഖിയാക്കിയത്.
മൂന്നാമതും വിവാഹിതനായ ഇമ്രാനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഭാര്യ റെഹാം ഖാൻ. കഴിഞ്ഞ 3 വർഷമായി ബുഷ്റയുമായി ഇമ്രാൻ ഖാൻ അടുപ്പത്തിലായിരുന്നു. താൻ അദ്ദേഹത്തിന്‍റെ ഭാര്യയായിരുന്ന സമയത്തും ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നു. ഇമ്രാൻ സത്യസന്ധനായ വ്യക്തിയല്ലെന്നും ദി ടൈംസിനു നൽകിയ അഭിമുഖത്തിൽ റെഹാം ഖാൻ പറഞ്ഞു.
1995 ൽ ജെമിമ ഗോൾഡ്സ്മിത്തിനെയാണ് ഇമ്രാൻ ഖാൻ ആദ്യം വിവാഹം ചെയ്തത്. 9 വർഷത്തിനുശേഷം ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഇമ്രാന് രണ്ടു മക്കളുണ്ട്. 2015 ൽ ടിവി അവതാരക റെഹാം ഖാനെ വിവാഹം ചെയ്തു. ഈ ബന്ധം 10 മാസം മാത്രമാണ് നീണ്ടുനിന്നത്.
മൂന്നാം തവണ തന്‍റെ ആത്മീയ ഉപദേശകയായ ബുഷ്റ മനേകയെയാണ് അദ്ദേഹം ജീവിത സഖിയാക്കിയത്. ലാഹോറിലായിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. പിങ്കിൾ പിർ എന്നു വിളിപ്പേരുളള മനേകയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹ ബന്ധത്തിൽ 5 കുട്ടികളുണ്ട്.