ന്യൂഡൽഹി: ‘ദലിത്’ എന്ന വാക്ക് ഉപയോഗിച്ച് പട്ടികജാതിക്കാരെ വിശേഷിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ചു വിവര- വാർത്താവിനിമയ സാങ്കേതിക മന്ത്രാലയം രാജ്യത്തെ ടിവി ചാനലുകൾക്കു നിർദേശം നൽകി. ഭരണഘടനാപരമായി ഉപയോഗിക്കുന്ന ‘പട്ടികജാതിക്കാര്‍’ എന്ന് മാത്രമേ വിളിക്കാവൂ എന്നാണ് ഉത്തരവ്. എന്നാല്‍ ദലിത് എന്ന വാക്കിന് രാഷ്ട്രീയ മാനമുണ്ടെന്നും സ്വത്വത്തെ സംബന്ധിച്ച വാക്കാണിതെന്നും വാർത്താവിനിമയ മന്ത്രാലയത്തിന്റെ ഉത്തരവിനെ എതിര്‍ത്ത് ദലിത് അവകാശ സംരക്ഷണ സമിതികള്‍ വ്യക്തമാക്കി.
മാര്‍ച്ച് മാസം സാമൂഹ്യ നീതി വകുപ്പ് സമാനമായ ഉത്തരവ് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കിയിരുന്നു. എല്ലാ ഔദ്യോഗിക രേഖകളിലും ‘പട്ടികജാതിക്കാര്‍’ എന്ന് മാത്രം ഉപയോഗിക്കണമെന്നും ദലിത് എന്നത് ഭരണഘടനാപരമായി അംഗീകരിപ്പക്കെട്ട വാക്കല്ല എന്നുമാണ് കേന്ദ്രം അറിയിച്ചത്. ജൂണ്‍ മാസം ബോംബെ ഹൈക്കോടതി നടത്തിയ ഉത്തരവിനെ പരാമര്‍ശിച്ചാണ് വാര്‍ത്താവിനിമയ മന്ത്രാലയം ഓഗസ്റ്റ് ഏഴിനു സ്വകാര്യ ടെലിവിഷൻ ചാനലുകൾക്ക് കത്ത് അയച്ചത്.
രണ്ടു കോടതി വിധികളെ അടിസ്ഥാനമാക്കിയാണു കേന്ദ്രത്തിന്റെ ഉത്തരവെങ്കിലും നിരോധനം വിവാദമായിട്ടുണ്ട്. ഒരു വാക്കു നിരോധിച്ചതുകൊണ്ടു ദലിത് സമൂഹത്തിന്റെ നില മെച്ചപ്പെടുന്നില്ലെന്നു രാഷ്ട്രീയ നേതാക്കളും സാമൂഹ്യപ്രവർത്തകരും പറയുന്നു. പട്ടികജാതിക്കാർ നേരിടുന്ന അടിച്ചമർത്തലിനെക്കുറിച്ചുള്ള റിപ്പോർട്ടിങ്ങിനെ നിരോധനം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. മാധ്യമങ്ങൾ ഒരു പദം ഉപയോഗിക്കാതിരുന്നാൽ ദലിതുകൾ നേരിടുന്ന അടിച്ചമർത്തലുകൾ ഇല്ലാതാകുന്നില്ല. മാധ്യമങ്ങൾ തീർച്ചയായും ഈ വാക്ക് ഉപയോഗിക്കുന്നതു തുടരണം- എംഎൽഎയായ ഉദിത് രാജ് പറഞ്ഞു.ഭരണഘടനയിൽ പറഞ്ഞിട്ടില്ലാത്തതിനാൽ സർക്കാർ ദലിത് വാക്ക് ഉപയോഗിക്കരുതെന്ന് ജനുവരിയിൽ മധ്യപ്രദേശ് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.