ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച സമ്പദ്‌വ്യവസ്ഥയെ വളർച്ചയുടെ പാതയിലേക്ക് മടക്കി കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം നിരവധി മാർഗ്ഗങ്ങളും നടപടികളും ധനമന്ത്രി നിർമല സീതാരാമനും പ്രഖ്യാപിച്ചു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തില്‍ മാറ്റംവരുത്തി എന്നതാണ്.

അതായത് 12 ശതമാനമായിരുന്ന ഇപിഎഫ് വിഹിതം 10 ശതമാനമായി കുറച്ചു. ഓഗസ്റ്റ് വരെ മൂന്ന് മാസത്തേക്കാണ് ഇത്തരത്തിൽ തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നുള്ള പ്രൊവിഡന്റ് ഫണ്ട് വിഹിതവും തൊഴിലുടമ അടയ്ക്കേണ്ട വിഹിതവും കുറച്ചിരിക്കുന്നത്. അടിസ്ഥാന ശമ്പളം ഡിഎ എന്നിവ ഉള്‍പ്പടെയുള്ള തുകയുടെ 12ശതമാനമാണ് ഇപിഎഫ് വിഹിതമായി കിഴിവ് ചെയ്യുന്നത്.

Also Read: Explained: കോവിഡ്-19 ആഗോള സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചു?

ഇത്തരത്തിൽ ഇപിഎഫ് കുറയ്ക്കുന്നതോടെ തൊഴിലുടമയ്ക്കും തൊഴിലാളികൾക്കും കയ്യിൽ ലഭിക്കുന്ന പണം വർധിക്കും. വ്യക്തമായി പറഞ്ഞാൽ തൊഴിലാളികൾക്ക് അവരുടെ ശമ്പളത്തിന്റെ രണ്ട് ശതമാനം അധികമായി കയ്യിൽ ലഭിക്കും. അതായത് അടിസ്ഥാന ശമ്പളവും ഡിഎയും കൂടി 10,000 രൂപയാണ് ഒരാളുടെ ശമ്പളമെങ്കിൽ അതിൽനിന്ന് ജീവനക്കാരന്റെ വിഹിതമായി 12 ശതമാനത്തിനുപരം 10 ശതമാനമാണ് കിഴിവ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ ജീവനക്കാരന് 200 രൂപ കൂടുതലായി ലഭിക്കും. തൊഴിലുടമയുടെ ഇപിഎഫ് വിഹിതമായ 200 രൂപയും കൂടി ലഭിക്കുന്നതോടെ ജീവനക്കാരന്റെ ശമ്പളത്തില്‍ 400 രൂപയുടെ വര്‍ധനവുണ്ടാകും.

ഇത് സമ്പദ്‌വ്യവസ്ഥയ്ക്കും ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനങ്ങളിൽ പണലഭ്യത വർധിക്കുന്നതോടെ മാർക്കറ്റിലും അത് പ്രതിഫലിക്കും.

Also Read: യുഎഇയിലെ കോവിഡ്19 പ്രതിരോധത്തിന് മലയാളികളുടെ സംഘമെത്തി

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതും പൊതുമേഖലയിലുള്ളതുമായ സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമല്ല. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍നിന്ന് ഇപിഎഫ് വിഹിതമായി 12ശതമാനംതന്നെ കിഴിവുചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook