മുംബൈ: മുതിർന്ന പത്രപ്രവർത്തകൻ വിനോദ് ദുവയ്ക്ക് റെഡ്ഇങ്ക് പുരസ്കാരം. ലൈഫ്റ്റൈം അചീവ്മെന്റ് ഇൻ ജേർണലിസത്തിനുളള റെഡ്ഇങ്ക് പുരസ്കാരമാണ് ലഭിച്ചത്. 2017 ലെ ജേർണലിസ്റ്റ് ഓഫ് ദി ഇയർ അവാർഡിന് ദി ഇന്ത്യൻ എക്സ്പ്രസിന്റെ ചീഫ് എഡിറ്റർ രാജ് കമൽ ഝാ അർഹനായി. മുംബൈ പ്രസ് ക്ലബാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. ജൂൺ ഏഴിന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഭഡ്നാവിസ് പുരസ്കാരങ്ങൾ വിതരണം ചെയ്യും.

പത്രപ്രവർത്തനമേഖലയിൽ നൽകിയ സമഗ്ര സംഭാവനകൾക്കാണ് വിനോദ് ദുവ പുരസ്കാരത്തിന് അർഹനായതെന്ന് മുംബൈ പ്രസ് ക്ലബ് സെക്രട്ടറി ധർമേന്ദ്ര ജോർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വ്യക്തമാർന്ന റിപ്പോർട്ടിങ്ങിലൂടെയും കുറ്റാന്വേഷണ റിപ്പോർട്ടിങ്ങിലൂടെയും ദി ഇന്ത്യൻ എക്സ്പ്രസ് പത്രത്തെ മുന്നിൽനിന്നു നയിച്ചതിനാണ് രാജ് കമൽ ഝാ പുരസ്കാരത്തിന് അർഹനായത്.

ഈ രണ്ടു പുരസ്കാരങ്ങൾക്കു പുറമേ 11 വിഭാഗങ്ങളിലായി 30 പത്രപ്രവർത്തകർക്കും റെഡ്ഇങ്ക് പുരസ്കാരം നൽകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ