ന്യൂഡൽഹി: ചരിത്ര സ്മാരകമായ ചെങ്കോട്ട ഡാൽമിയ സിമന്റിന് ലീസിന് നൽകിയ സംഭവത്തിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ട്വിറ്ററിൽ ഇതുമായി ബന്ധപ്പെട്ട അഭിപ്രായ വോട്ടെടുപ്പിനാണ് കോൺഗ്രസ് തുടക്കമിട്ടിരിക്കുന്നത്.

കേന്ദ്രസർക്കാർ അടുത്തതായി ലോക് കല്യാൺ മാർഗ്, പാർലമെന്റ്, സുപ്രീം കോടതി ഇവയിലേതാണ് സ്വകാര്യവത്കരിക്കാൻ പോകുന്നതെന്ന് ചോദിക്കുന്ന വോട്ടെടുപ്പിൽ നാലാമത്തെ ഓപ്ഷനായി നൽകിയിരിക്കുന്നത് ഇതെല്ലാം എന്ന ഓപ്ഷനാണ്.

ഏറ്റവും അധികം പേരും വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് ബിജെപി സർക്കാർ എല്ലാ ചരിത്രസ്മാരകങ്ങളും സ്വകാര്യ വത്കരിക്കുമെന്ന അഭിപ്രായത്തിന് നേർക്കാണ്.

അടുത്ത അഞ്ച് വർഷത്തേക്ക് ഡാൽമിയ സിമന്റ് ചരിത്രസ്മാരകം സംരക്ഷിക്കും. 25 കോടി ചിലവഴിച്ച് ഇതിന് ചുറ്റും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ആറ് മാസത്തിനുളളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നാണ് കരാർ.

“ഇന്ത്യയുടെ പ്രധാനപ്പെട്ട ചരിത്ര സ്മാരകമാണ് സ്വകാര്യമേഖലയ്ക്ക് കൈമാറിയിരിക്കുന്നത്. ഇന്ത്യയോടും അതിന്റെ ചരിത്രത്തോട് എന്ത് ആത്മാർത്ഥതയാണ് കേന്ദ്രസർക്കാരിനുളളത്? ഒന്നുമില്ലെന്ന് ഞങ്ങൾക്കറിയാം, എന്നാലും ചോദിക്കുന്നതാണ്,” എന്നാണ് കോൺഗ്രസ് വക്താവ് പവൻ ഖേര നേരത്തെ പറഞ്ഞത്.

അതേസമയം ലാഭേച്ഛയില്ലാത്ത പ്രവർത്തനങ്ങളാണ് ചെങ്കോട്ടയിൽ നടപ്പാക്കുകയെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ