/indian-express-malayalam/media/media_files/2025/11/11/red-fort-blast-i20-car-2025-11-11-02-17-13.jpg)
Delhi Blast Updates: സ്ഫോടനം ഉണ്ടായ ഐ20 കാർ (Express Photo)
Delhi Redfort Blast Updates: ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്ത് സ്‌ഫോടനം ഉണ്ടായ കാറിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സ്‌ഫോടനത്തിന് മുമ്പ് ഏകദേശം മൂന്ന് മണിക്കൂറോളം ഹ്യുണ്ടായ് ഐ20 കാർ ചെങ്കോട്ടയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി.
Also Read:ഡൽഹി സ്‌ഫോടനം; അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; പരിക്കേറ്റവരെ സന്ദർശിച്ച് അമിത് ഷാ
സിസിടിവി ദൃശ്യങ്ങളിൽ കാർ തിങ്കളാഴ്ച ഉച്ചയ്ക്ക് 3.19-ന് ചെങ്കോട്ടയോട് ചേർന്നുള്ള പാർക്കിംങ് ഏരിയയിൽ പ്രവേശിക്കുന്നുണ്ട്. മൂന്ന് മണിക്കൂറോളം കാർ പാർക്കിംങ് ഏരിയയിൽ ഉണ്ട്. വൈകിട്ട് 6.48-ഓടെ കാർ പാർക്കിംങ് ഏരിയയിൽ നിന്ന് പുറത്തേക്കിറങ്ങുന്നു. ഈ സമയം പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കുള്ളതും സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിയും.
Also Read: രാജ്യത്തെ ഞെട്ടിച്ച് ഡൽഹി സ്ഫോടനം; എട്ട് മരണം, 20 പേർ ചികിത്സയിൽ, എങ്ങും ജാഗ്രതാ നിർദേശം
ദാര്യ ഗഞ്ച്, ചെങ്കോട്ട പ്രദേശം, കശ്മീരി ഗേറ്റ്, സുനേരി മസ്ജിദ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളിലും കാർ കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്നവരെ തിരിച്ചറിയാൻ പരിശോധനകൾ നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. വാഹനത്തിന്റെ അവശിഷ്ടങ്ങൾ ഫോറൻസിക് സംഘം പരിശോധിക്കുകയാണ്. ഇതിനുപുറമേ ബോംബ് നീർവീര്യ വിദഗ്ധരും സ്ഥലത്ത് പരിശോധനകൾ നടത്തിവരികയാണ്. നേരത്തെ കാറിൽ ഒന്നിലധികം പേരുണ്ടായിരുന്നെന്ന് ഡൽഹി സിറ്റി പോലീസ് കമ്മിഷണർ സതീഷ് ഗോൽച വ്യക്തമാക്കിയിരുന്നു.
അതേസമയം, ചെങ്കോട്ടയിലെ പാർക്കിംങ് സ്ഥലത്ത് എത്തുന്നതിന് മുമ്പേയുള്ള കാറിന്റെ സഞ്ചാരപഥം കണ്ടെത്തുന്നതിന് സ്പെഷ്യൽ സെൽ, ക്രൈം ബ്രാഞ്ച്, ദേശീയ അന്വേഷണ ഏജൻസി എന്നിവയിൽ നിന്നുള്ള ഒന്നിലധികം സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ഡൽഹി പോലീസ് പറഞ്ഞു. സമീപ പ്രദേശങ്ങളിലെ റോഡുകളിലെയും ടോൾ പ്ലാസകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
കാറിന്റെ ഉടമസ്ഥനെ സംബന്ധിച്ചുള്ള ദുരൂഹത ഇപ്പോഴും തുടരുകയാണ്. നേരത്തെ കാറിന്റെ ആദ്യത്തെ ഉടമയെ പോലീസ് കണ്ടെത്തിയിരുന്നു. ഹരിയാന ഗുഡ്ഗാവ് സ്വദേശിയായിരുന്നു കാറിന്റെ ആദ്യത്തെ ഉടമ. ഇയാൾ കാർ വിറ്റെന്നും നിലവിൽ ഒന്നിലധികം തവണ കാർ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഗുഡ്ഗാവ് നിവാസിയിൽ നിന്ന് കാർ ആദ്യം വാങ്ങിയത് ഓഖ്ലയിലുള്ള വ്യക്തിയാണ്. ഇയാൾ പിന്നീട് അംബാലയിലുള്ള മറ്റൊരു വ്യക്തിക്ക് കാർ കൈമാറിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. നിലവിലെ കാറിന്റെ ഉടമയെ കണ്ടെത്തുന്നതിനുള്ള ഊർജ്ജിത ശ്രമങ്ങൾ അന്വേഷണ സംഘം തുടരുകയാണ്. ചെങ്കോട്ടയ്ക്ക് സമീപത്തെ മെട്രോ ഗേറ്റിന് സമീപത്തുള്ള റെഡ് സിഗ്‌നലിൽ എത്തിയപ്പോൾ കാർ പതിയെ നിർത്തുകയായിരുന്നെന്നും ഇതിനുപിന്നാലെയാണ് സ്ഫോടനം ഉണ്ടായതെന്നും പറഞ്ഞു.
Also Read:ഡൽഹി സ്‌ഫോടനം; ഉഗ്ര ശബ്ദത്തോടെ തീഗോളം, പിന്നാലെ ചിതറിയ കൈ കണ്ടെന്ന് ദൃക്സാക്ഷി
തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ചെങ്കോട്ടയ്ക്ക് സമീപമുള്ള മെട്രോ സ്‌റ്റേഷൻ ഒന്നാം ഗേറ്റിന് സമീപം സ്‌ഫോടനം ഉണ്ടായത്. ഉഗ്രശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സ്‌ഫോടനത്തിൽ ഇതുവരെ എട്ട് മരണം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാളെ മാത്രമാണ് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞത്. 20 പേർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
സ്‌ഫോടനത്തിന് പിന്നാലെ ചെങ്കോട്ടയുടെ നിയന്ത്രണം എൻഎസ്ജി ഏറ്റെടുത്തു. എൻഐഎ ഉൾപ്പടെയുള്ള രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസികളെല്ലാം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഉന്നതതല അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. സ്‌ഫോടനം സംബന്ധിച്ചുള്ള എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആഭ്യന്തര മന്ത്രി സന്ദർശിച്ചിരുന്നു. സ്‌ഫോടനം ഉണ്ടായ സ്ഥലത്തും അമിത് ഷാ സന്ദർശനം നടത്തി.
സ്‌ഫോടനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായി രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ചികിത്സയിലുള്ളവർക്ക് എല്ലാവിധ ചികിത്സയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രിയും പറഞ്ഞു.
Read More:ഡൽഹി സ്‌ഫോടനം ഉണ്ടായത് ഐ20 കാറിൽ; വാഹനം പലതവണ കൈമാറി, ആദ്യത്തെ ഉടമയെ കണ്ടെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us