ന്യൂഡൽഹി: കോവിഡ് 19 വാക്സിനായ കോവോവാക്സ് കുട്ടികളിൽ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾ നടത്തുന്നതിന് സന്നദ്ധപ്രവർത്തകരുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചു. രണ്ട് മുതൽ 17 വയസുവരെയുള്ളവരിലാണ് കോവോവാക്സ് വാക്സിൻ പരീക്ഷിക്കുന്നത്.
പത്ത് കേന്ദ്രങ്ങളിലായി 920 കുട്ടികളിലാണ് പരീക്ഷണം നടത്തുന്നത്. 12-17, 2-11 പ്രായത്തിലുള്ള 460 വീതം പേരിലാണ് പരീക്ഷണം നടത്തുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
അമേരിക്കൻ മരുന്നുനിർമാണ കമ്പനിയായ നോവോവാക്സ് വികസിപ്പിച്ച കോവോവാക്സ് ഇന്ത്യയിൽ പൂണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്ഐഐ)യാണ് ഉത്പാദിപ്പിക്കുന്നത്. കോവോവാക്സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് എസ്ഐഐയ്ക്കു ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) ജൂലൈയിൽ അനുമതി നൽകിയിരുന്നു. സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റിയുടെ (എസ്ഇസി) ശുപാർശയുടെ അടിസ്ഥാനത്തിൽ, ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരുന്നു അനുമതി.
18 വയസിനു മുകളിലുള്ളവർക്കു നൽകിക്കൊണ്ടിരിക്കുന്ന കോവിഷീൽഡ് വാക്സിൻ രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും എസ്ഐഐയാണ്. അസ്ട്രസെനക്കയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്നാണ് കോവിഷീൽഡ് വികസിപ്പിച്ചത്.
2020 ഓഗസ്റ്റിലാണ്, നോവാവാക്സ് അവരുടെ കോവിഡ് 19 വാക്സിനായ എൻവിഎക്സ്-കോവ്2373 കോവോവാക്‌സിന്റെ വികസനത്തിനും വാണിജ്യവൽക്കരണത്തിനും സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പിട്ടത്.
കോവോവാക്സിന്റെ സുരക്ഷ സംബന്ധിച്ച് നോവോവാക്സ് ഇതിനകം വിവിധ രാജ്യങ്ങളിൽ പരിശോധനകൾ നടത്തിയിട്ടുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡിജിസിഐയെ അറിയിച്ചു. ഓസ്ട്രേലിയ, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലായി അൻപതിനായിരത്തോളം പേരിൽ നടത്തിയ പരീക്ഷണത്തിന്റെ സുരക്ഷ, കാര്യക്ഷമത, പ്രതിരോധശേഷി എന്നിവ തെളിയിക്കുന്ന ഡേറ്റ ലഭ്യമാണെന്നും 2,248 കുട്ടികളിൽ നടത്തിയ പരീക്ഷണത്തിന്റെ പ്രാഥമിക സുരക്ഷാ ഡേറ്റ ലഭ്യമാണെന്നും എസ്ഐഐ അറിയിച്ചിയിരുന്നു.
Also Read: കോവിഡ് ബാധിച്ചവരിൽ ഒരു ഡോസ് കോവാക്സിൻ രണ്ടു ഡോസുകൾക്ക് സമാനമായ പ്രതിരോധശേഷി നൽകും: ഐസിഎംആർ പഠനം
രണ്ടു മുതൽ 17 വയസുവരെയുള്ള കുട്ടികളിൽ സൈഡസ് കാഡിലയുടെ സൂചിരഹിത കോവിഡ്-19 വാക്സിനായ സൈകോവ്-ഡി (ZyCoV-D) യുടെ അടിയന്തര ഉപയോഗത്തിന് ഓഗസ്റ്റ് 20നു ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിജിസിഐ) അംഗീകാരം ലഭിച്ചിരുന്നു. രാജ്യത്ത് 12നും 18നും ഇടയിലുള്ളവർക്ക് നൽകാൻ അനുമതി ലഭിക്കുന്ന ആദ്യ വാക്സിനും ഇതാണ്.