ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലഫ്റ്റനന്റ് ഗവർണറും തമ്മിലുളള വാക്ക് പോരുകൾ അവസാനിക്കുന്നില്ല. മുൻ ലഫ്റ്റനന്റ് ഗവർണർ നജീബ് ജങും കേജ്‌രിവാളും തമ്മിലുളള പോര് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നതാണ്. ഇപ്പോഴിതാ പുതിയ ഗവർണർ അനിൽ ബെയ്ജാലും കേജ്‌രിവാളുമായി പോരിലേക്ക് നീങ്ങുകയാണ്. പരസ്യ പ്രചരണത്തിനായി ആം ആദ്മി പാർട്ടി ചെലവഴിച്ച തുക തിരികെ വാങ്ങണമെന്ന ലഫ്റ്റനന്ര് ഗവർണറുടെ നിർദേശമാണ് വീണ്ടും ഡൽഹി സർക്കാരും ഗവർണറും തമ്മിലുളള ഏറ്റുമുട്ടലിന് കളമൊരുക്കിയിരിക്കുന്നത്.

പരസ്യ പ്രചാരണത്തിനായി എഎപി ചെലവഴിച്ച 97 കോടി രൂപ തിരികെ വാങ്ങണമെന്നാണ് ഗവർണർ അനിൽ ബെയ്‌ജാൽ ചീഫ് സെക്രട്ടറിക്ക് നൽകിയിരിക്കുന്ന നിർദേശം. 30 ദിവസത്തിനുളളിൽ പണം വാങ്ങണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ മാർഗ നിർദേശങ്ങൾ ലംഘിച്ച് പരസ്യങ്ങൾക്കായി എഎപി അനധികൃതമായി പണം ചെലവാക്കിയതിനെക്കുറിച്ച് അന്വേഷിക്കാൻ മൂന്നുപേരടങ്ങിയ സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചിരുന്നു. കമ്മിറ്റി വിശദമായ റിപ്പോർട്ട് കഴിഞ്ഞ സെപ്റ്റംബറിൽ ചീഫ് സെക്രട്ടറിക്കു കൈമാറി. പ്രത്യേക വിഭാഗത്തിലുളള പരസ്യങ്ങൾക്കായാണ് പണം ചെലവാക്കിയിരിക്കുന്നതെന്നും പാർട്ടിയിൽനിന്നും ഈ പണം തിരികെ വാങ്ങണമെന്നും കമ്മിറ്റി റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണറുടെ നിർദേശം.

പണം എത്രയും പെട്ടെന്ന് തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് എഎപിക്ക് നോട്ടീസ് അയച്ചതായി ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഇത്തരത്തിലുളള ഒരു നോട്ടിസും മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നോ ഉപ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നോ ലഭിച്ചിട്ടില്ലെന്ന് എഎപി വക്താവ് ദിലീപ് പാണ്ഡേ പറഞ്ഞു. നോട്ടിസ് ലഭിക്കാതെ ഈ വിഷയത്തിൽ മറുപടി പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത പുറത്തുവന്നതിനുപിന്നലെ എഎപിയെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തി. രാഷ്ട്രീയത്തെ ശുദ്ധീകരിക്കുമെന്നും ധർമ്മിഷ്ടനാണെന്നും അവകാശപ്പെട്ട് അധികാരത്തിലെത്തിയ ഒരാൾ പൊതുജനങ്ങളുടെ പണത്തെ ഇത്തരത്തിൽ ദുർവിനിയോഗം ചെയ്യുന്നത് ദുഃഖകരമായ കാര്യമാണെന്ന് ഡൽഹിയിലെ ബിജെപി പ്രസിഡന്റ് മനോജ് തിവാരി പറഞ്ഞു. കേജ്‌രിവാൾ അല്ലാതെ മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇതിനകം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരസ്യങ്ങൾക്കായി എഎപി 29 കോടി രൂപ ചെലവിട്ടതായുളള സിഎജി റിപ്പോർട്ട് ഈ മാസമാദ്യം പുറത്തുവന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook