ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകാനിരിക്കുന്നതേയുള്ളൂ എന്ന് മുന്നറിയിപ്പ്. രാജ്യത്തെ ഏറ്റവും ഉയർന്ന രോഗനിരക്ക് ഇനിയും അടയാളപ്പെടുത്തിയിട്ടില്ലെന്നും രോഗവ്യാപനതോത് വർധിക്കാൻ പോകുന്നതേയുള്ളൂ എന്നും എയിംസ് (ആൾ ഇന്ത്യ ഇൻസ്‌റ്റിറ്റ‌്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) ഡയറക്‌ടർ ഡോ.രൺദീപ് ഗുലേരിയ പറഞ്ഞു. ഇന്ത്യ ടുഡെയിലെ പ്രത്യേക പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്നും ഡോ.ഗുലേരിയ പറഞ്ഞു.

“ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്‌ത കാലയളവിലാകും കോവിഡ് വ്യാപനം രൂക്ഷമാകുക. രാജ്യത്ത് നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടൽ വിജയകരമായിരുന്നു. പക്ഷേ, രോഗികളുടെ എണ്ണം കുറയ്‌ക്കാൻ സാധിച്ചില്ല. രോഗവ്യാപനം മൂർധന്യാവസ്ഥയിൽ എത്താൻ പോകുന്നതേയുള്ളൂ. രാജ്യത്തെ ജനസംഖ്യ അനുസരിച്ച് രോഗികളുടെ എണ്ണം വലിയ തോതിൽ വർധിക്കുമെന്ന് നമുക്ക് നേരത്തെ തന്നെ ഉറപ്പായിരുന്നു. നമ്മൾ ഇത് പ്രതീക്ഷിച്ചതാണ്. യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ജനസംഖ്യ വളരെ കൂടുതലാണ്. എന്നാൽ, നമുക്ക് മരണനിരക്ക് കുറയ്‌ക്കാൻ സാധിച്ചു. ഡൽഹിയിലും മുംബെെയിലും സാമൂഹ്യവ്യാപനം നടന്നിട്ടുണ്ട്.” ഡോ.രൺദീപ് ഗുലേരിയ പറഞ്ഞു.

Read Also: ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും നാളെ തുറക്കും; ആശങ്ക

അതേസമയം, രാജ്യത്ത് അതിവേഗമാണ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,971 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകേ കോവിഡ് ബാധിതരുടെ എണ്ണം 2,46,628 ആയി ഉയർന്നു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ള അഞ്ചാമത്തെ രാജ്യം ഇന്ത്യയെന്ന് ജോൺ ഹോപ്‌കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള കണക്കുകൾ. ഇതോടെ രോഗികളുടെ എണ്ണത്തിൽ സ്‌പെയിനിനെ ഇന്ത്യ മറികടന്നതായും ജോൺ ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സർവകലാശാലയുടെ കണക്ക് പ്രകാരം സ്‌പെയിനിൽ 2,41,310 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി നാല് ദിവസം ഇന്ത്യയിൽ രോഗികളുടെ എണ്ണം 9,000 കടന്നത് ആശങ്ക വർധിപ്പിക്കുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ രോഗബാധിതരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 287 ആണ്. ആകെ മരണസംഖ്യ 9,971 ആയി.

ആഗോളതലത്തിൽ കോവിഡ് മരണസംഖ്യ കുതിച്ചുയരുന്നു. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണവും അതിവേഗം ഉയരുന്നു. വേൾഡോ മീറ്റർ കണക്കുപ്രകാരം 4,01,607 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. രോഗബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുക്കുന്നു. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് അമേരിക്കയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook