കൊച്ചി: ലോകത്തെ തന്നെ ഏറ്റവും ഉയരമേറിയ പ്രതിമയായ, സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ (സ്റ്റാച്യു ഓഫ് യൂണിറ്റി) കാണാൻ വൻ ജനത്തിരക്ക്. നർമ്മദ ജില്ലയിൽ പണിതുയർത്തിയ പ്രതിമ കാണാൻ ശനിയാഴ്ച മാത്രം 27000 പേരാണ് എത്തിയത്. പ്രതിമ ഉദ്ഘാടനം ചെയ്യപ്പെട്ട ശേഷം ഏറ്റവും കൂടുതൽ പേർ പ്രതിമ കാണാനെത്തിയ ദിവസമെന്ന റെക്കോർഡും നവംബർ പത്തിന് സ്വന്തമായി.

എന്നാൽ ഈ ജനത്തിരക്ക് ഗുജറാത്ത് സർക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പ്രതിമയ്ക്ക് അകത്ത് സ്ഥാപിച്ചിരിക്കുന്ന ഹൈസ്പീഡ് ലിഫ്റ്റിന് ഒരു ദിവസം 5000 പേരെ മാത്രമേ പ്രതിമയുടെ മുകളിലെ വ്യൂവേർസ് ഗാലറിയിലേക്ക് കൊണ്ടുപോകാൻ പറ്റൂ. ശനിയാഴ്ചയെത്തിയ 22000 പേരും വ്യൂവേഴ്സ് ഗാലറിയിൽ കയറാൻ സാധിക്കാതെ മടങ്ങി.

ഈ കാര്യം പരിഗണിച്ച് പ്രതിമ കാണാൻ ആഗ്രഹിക്കുന്നവർ യാത്ര പ്ലാൻ ചെയ്യണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ 27000 പേരെത്തിയ സാഹചര്യത്തിൽ ഇന്ന് ഇതിലും കൂടുതൽ പേർ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിക്കുമെന്നാണ് പ്രതീക്ഷ. എല്ലാ തിങ്കളാഴ്ചയും ഇവിടെ സന്ദർശനത്തിന് അവധിയാണ്.

കേവദിയയിൽ സർദാർ സരോവർ അണക്കെട്ടിന് സമീപത്താണ് 182 മീറ്റർ ഉയരമുളള പ്രതിമ പണിതുയർത്തിയത്. മൂന്ന് വയസുവരെയുളള കുട്ടികൾക്ക് ഇവിടെ പ്രവേശനം സൗജന്യമാണ്. 15 വയസ് വരെ 200 രൂപയാണ് ടിക്കറ്റ് ചാർജ്. മുതിർന്നവർക്ക് പ്രവേശനത്തിന് 350 രൂപ നൽകണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ