ലക്നൗ: കുരങ്ങന്റെ ആക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ പോംവഴി ഉപദേശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹനുമാന്‍ ചലിസ (ഹനുമാന്‍ സ്തുതി) ദിനവും ചൊല്ലിയാല്‍ കുരങ്ങന്‍ ഒരിക്കലും കടിക്കുകയോ ആക്രമിക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. കുരങ്ങന്റെ ശല്യം ഏറെയുളള മാധുരയിലെ ജനങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

‘എന്റെ വാക്ക് നിങ്ങള്‍ കേള്‍ക്കണം, ഹനുമാന്‍ സ്വാമിയെ ആരാധിക്കുകയും അദ്ദേഹത്തിന് സ്തുതി ഗീതം ചൊല്ലുന്നതും കുരങ്ങന്‍ കണ്ടാല്‍ അവ നിങ്ങളെ ഉപദ്രവിക്കില്ല. അത്കൊണ്ട് ദിനവും ഹനുമാന്‍ ഗീതം ചൊല്ലി നടക്കണം’, ആദിത്യനാഥ് പറഞ്ഞു.

ഇതിന് തെളിവായി തന്റെ ജീവിതാനുഭവം തന്നെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഗോരഖ്നാഥ് ക്ഷേത്രത്തില്‍ ഞാന്‍ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഒരു കുരങ്ങന്‍ എന്റെ മടിയിലേക്ക് ചാടിക്കേറി ഇരുന്നത്. ഞാന്‍ അതിനൊരു പഴം കൊടുത്തു. ദിനവും ഇത് തന്നെ ആവര്‍ത്തിച്ചു. കുരങ്ങന്‍ വരും, എന്റെ മടിയില്‍ ഇരിക്കും, ഞാന്‍ പഴം കൊടുക്കും, അത് തിരികെ പോകും. ഒരു ദിവസം എന്റെ മടിയിലിരുന്ന കുരങ്ങനെ ഒരു ജീവനക്കാരന്‍ ഓടിച്ചുവിട്ടു. അടുത്ത ദിവസം തന്നെ കുരങ്ങന്‍ അയാളെ ആക്രമിച്ചു’, ആദിത്യനാഥ് പറഞ്ഞു.

തുടര്‍ന്ന് കഥയിലെ സാരോപദേശവും അദ്ദേഹം വെളിപ്പെടുത്തി, ‘ഞാന്‍ പറഞ്ഞ് വന്നത് എന്താണെന്ന് വെച്ചാല്‍, നിങ്ങള്‍ അവയെ പേടിപ്പിച്ച് ഓടിക്കരുത്. നിങ്ങള്‍ അതിനെ സ്നേഹിച്ചാല്‍ അത് ഒരിക്കലും നിങ്ങളെ ആക്രമിക്കില്ല. മാധുരയിലെ കുരങ്ങന്‍മാരുടേയും തെരുവുപട്ടികളുടേയും ശല്യം ഇല്ലാതാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്’, അദ്ദേഹം വ്യക്തമാക്കി. ഗോസേവയ്ക്കും പശുക്കളുടെ രക്ഷയ്ക്കും വേണ്ടി ജനങ്ങള്‍ പ്രതിദിനം ഒരു രൂപ വെച്ച് സര്‍ക്കാരിന് സഹായമായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook