ന്യൂഡല്‍ഹി: പ്രളയബാധിതമായ കേരളത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്ന് തുടങ്ങിയപ്പോള്‍ എങ്ങനെ കേരളത്തെ സഹായിക്കാം എന്ന ചിന്തയിലായിരുന്നു ഡല്‍ഹിയിലെ നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് (എന്‍ജിഎംഎ) ഡയറക്ടര്‍ അദ്വൈത ഗാഡനായിക്. ” ഒരു ദേശീയ സ്ഥാപനത്തിന്റെ ഉന്നതാധികാരി എന്ന നിലയില്‍ കലാകാരന്മാരെ ഒന്നിച്ച് കൊണ്ടുവരികയും കേരളത്തിന് വേണ്ടി ഫണ്ട് സ്വരൂപിക്കുകയും ചെയ്യുക എന്നത് എന്റെ ഉത്തരവാദിത്തമാണ് എന്ന് എനിക്ക് അനുഭവപ്പെട്ടു,” ഗാഡനായക് പറഞ്ഞു. പിന്നീടുള്ള കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ അദ്ദേഹം പല കലാകാരന്മാരെയും ബന്ധപ്പെട്ടു. ഇതേ ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ജതിന്‍ ദാസിനെയും അദ്ദേഹം ബന്ധപ്പെടുകയുണ്ടായി. ഇരുവരും ചേര്‍ന്ന് രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള ഇരുന്നൂറോളം കലാകാരന്മാരെയാണ് ബന്ധപ്പെട്ടത്. ഇതിന്റെ ഫലമായാണ് കേരളത്തിലെ പ്രളയവുമായി ബന്ധപ്പെടുത്തി ‘ആര്‍ട്ട് ഫോര്‍ കേരളാ ഫ്ലഡ് ഡിസാസ്റ്റര്‍ 2018’ എന്ന എക്സിബിഷന്‍ ഒരുക്കിയിരിക്കുന്നത്.

സെപ്റ്റംബര്‍ 21 മുതല്‍ എന്‍ജിഎംഎയില്‍ നടക്കുന്നതായ മൂന്ന് ദിവസത്തെ ശില്‍പശാലയില്‍ 200 മുതല്‍ 300 വരെയുള്ള കലാകാരന്മാര്‍ അവരുടെ സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്. അത് വിറ്റ് ലഭിക്കുന്ന തുക പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പോവുക. ” വളരെ സുതാര്യമായൊരു പ്രക്രിയ ആയിരിക്കണം ഇത് എന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്‍ജിഎംഎ എന്നത് ഇതിന്റെ സംഘാടകര്‍ മാത്രമാണ്. പദ്ധതിയുണ്ടാക്കുക, സംഘടിപ്പിക്കുക, സാങ്കേതിക സഹായം നല്‍കുക എന്നത് മാത്രമാണ് ഞങ്ങളുടെ ജോലി,” ഗാഡനായക് പറഞ്ഞു.
ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഹാളില്‍ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും എത്തിച്ചേര്‍ന്ന ചിത്രങ്ങള്‍ പുറത്തെടുക്കുകയായിരുന്നു ഡെപ്യൂട്ടി ക്യൂറേറ്ററായ സുഷ്മിത് ശര്‍മ. ” ഹൃദ്യമായൊരു പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്,” അദ്ദേഹം പറഞ്ഞു. എ രാമചന്ദ്രന്‍ രണ്ട് സൃഷ്ടികള്‍ പ്രദര്‍ശനത്തിനുണ്ട്. ജോഗന്‍ ചൗധരി, രഘു റായ്, ശുവപ്രസന്ന, രാമേശ്വര്‍ ബ്രൂട്ട, പരേഷ് മൈതി എന്നിവരുടെ സൃഷ്ടികളും ഇതിലുണ്ട്. ചിത്രങ്ങള്‍, ഫൊട്ടൊഗ്രാഫ്, പ്രതിമകള്‍ തുടങ്ങി വിവിധ മീഡിയത്തിലുല്ല സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്. “കലാകാരന്മാര്‍ തന്നെയാണ് അവരുടെ സൃഷ്ടികള്‍ക്ക് വില നല്‍കുന്നത്.” ഗാഡനായക് പറഞ്ഞു.
ജതിന്‍ ദാസ് നല്‍കിയത് ഒരു ചിത്രമാണ്. വിവാന്‍ സുന്ദരം നല്‍കിയിരിക്കുന്നത് അമൃതാ ഷേര്‍- ഗിലിന്റെ ഒരു സൃഷ്ടിയാണ്. മനു പരേഖ് നല്‍കുന്നത് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ബനാറസ് സിരീസില്‍ നിന്നുള്ള ഒരു സൃഷ്ടിയാണ്. അദ്ദേഹത്തിന്റെ ഭാര്യ കൂടിയായ മാധ്വി പരേഖ് ചാര്‍കോളില്‍ തീര്‍ത്ത ഒരു തലയാണ് നല്‍കിയത്. അൻജോലീ ഇള മേനോന്‍ ഒരു ഛായാചിത്രം നല്‍കിയപ്പോള്‍ തന്റെ ഇമ്പ്രഷനിസ്റ്റ് ശൈലിയില്‍ നിന്ന് ഏറെ വിഭിന്നമായ ഒരു ലാന്‍ഡ്‌സ്കേപ്പ് സൃട്ഷ്ടിയാണ് പരംജിത് സിങ്ങിന്റെ സംഭാവന. അര്‍പണ കൗര്‍ പേസ്റ്റലില്‍ തീര്‍ത്ത സൃഷ്ടിക്ക് നല്‍കിയിരിക്കുന്ന പേര് ദൈവത്തിന്റെ സ്വന്തം നാട് എന്നാണു. കണ്ണീരിനെ അനുസ്മരിപ്പിക്കുന്ന ഭീമാകാരമായ ഒരു മഴത്തുള്ളിക്ക് കീഴില്‍ നില്‍ക്കുന്ന ഒരു സ്ത്രീയുടെ ചിത്രമാണത്.
” നമ്മളൊക്കെയും പല കാരണങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാറുണ്ട്. പക്ഷെ അത് പലപ്പോഴും വ്യക്തിപരമായൊരു ഇടത്തില്‍ നിന്നുകൊണ്ടാണ്. കലാകാരന്മാരെ ഒരുമിപ്പിക്കാൻ എന്‍ജിഎംഎ ശ്രമിക്കുന്നു എന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. ” ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അപര്‍ണ കൗര്‍ പറഞ്ഞു.

കലാസൃഷ്ടികള്‍ വാങ്ങിച്ചുകൊണ്ട് ഒരു കാരണത്തിന്റെ ഭാഗമാകാനുള്ള അവസരമാണ് ഇതെന്ന് ചിത്രകലാ നിരൂപകയും ക്യൂറേറ്ററുമായ ഉമാ നായര്‍ പറയുന്നത്. തന്റെ ശേഖരത്തില്‍ നിന്നുമുള്ള 11 സൃഷ്ടികളാണ് അവര്‍ പ്രദര്‍ശനത്തിനായി നല്‍കിയിരിക്കുന്നത്. ജ്യോത്സനാ ഭട്ടിന്റെ സെറാമിക്, ജ്യോതി ഭട്ടിന്റെ ഇങ്ക്ജെറ്റ്, എംഎഫ് ഹുസൈന്‍ 1996ല്‍ വരച്ച ഗജ ഗാമിനി തുടങ്ങിയ സൃഷ്ടികളും ഇതില്‍ പെടും. എംഎഫ് ഹുസൈന്റെ ചിത്രത്തിന് രണ്ട് ലക്ഷം രൂപയാണ് അവര്‍ കണക്കാക്കിയിരിക്കുന്നത്.

” ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴാണ് നമ്മള്‍ എത്ര നല്ല സാഹചര്യത്തിലാണ് ജീവിക്കുന്നത് എന്ന കാര്യം നമ്മള്‍ മനസ്സിലാക്കുന്നത്. ഇന്റര്‍നെറ്റിലൂടെ ഇങ്ങനെയൊരു സംഭവം അറിഞ്ഞപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു ഞാന്‍. ഹുസൈനിന്റെ ഒഴികെ മറ്റ് സൃഷ്ടികള്‍ക്ക് 5,000 മുതല്‍ 10,000 വരെ രൂപയാണ് ഞാന്‍ കണക്കാക്കിയിരിക്കുന്നത്, ” ഉമാ നായര്‍ പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന പ്രദര്‍ശനത്തെ 1999ല്‍ നടത്തിയ മറ്റൊരു പ്രദര്‍ശനവുമായി ഗാഡനായക് താരതമ്യപെടുത്തുന്നു. പ്രളയക്കെടുതി നേരിട്ട ഒറീസയ്ക്ക് വേണ്ടിയായിരുന്നു അത്. ” ഒട്ടനവധി കലാകാരന്മാര്‍ ചേര്‍ന്നാണ് അന്ന് രവീന്ദ്ര ഭവനില്‍ നടന്ന പ്രദര്‍ശനത്തിന്റെ ഭാഗമായത്. സൃഷ്ടികളുടെ വില മാത്രം ചര്‍ച്ചയാകുന്ന ഈ കാലത്ത് കലാകാരന്മാര്‍ സംഭാവനയുമായി മുന്നോട്ട് വന്നു എന്നുള്ളത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. ” ഗാഡനായക് പറഞ്ഞു.