scorecardresearch
Latest News

വിമത എംഎല്‍എമാര്‍ കര്‍ണാടകയിലേക്ക്; സ്പീക്കര്‍ സുപ്രീം കോടതിയില്‍

രാജിക്കത്തില്‍ തീരുമാനം എടുക്കാന്‍ സമയം ആവശ്യമാണെന്ന് പറഞ്ഞ് സ്പീക്കറും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്

Karnatak Crisis MLAs Resignation Congress JDS

ബെംഗളൂരു: കര്‍ണാടകയില്‍ അടിമുടി അനിശ്ചിതാവസ്ഥ. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന് അധികാരം നഷ്ടമാകാന്‍ സാധ്യത. കര്‍ണാടകയിലെ രാഷ്ട്രീയ നാടകത്തില്‍ സുപ്രീം കോടതിയും ഇടപെട്ടിരിക്കുകയാണ്. വിമത എംഎല്‍എമാരോട് കര്‍ണാടക സ്പീക്കറെ നേരിട്ട് കണ്ട് രാജിക്കാര്യം അറിയിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. മുംബൈയിലുള്ള വിമത എംഎല്‍എമാര്‍ ഇതേ തുടര്‍ന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. സുപ്രീം കോടതി നിര്‍ദേശത്തെ ബഹുമാനിക്കുന്നു എന്ന് വിമത എംഎല്‍എമാര്‍ പറഞ്ഞു.

സ്പീക്കര്‍ രമേശ് കുമാര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ല എന്ന് ആരോപിച്ച് വിമത എംഎല്‍എമാരാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസില്‍ സുപ്രധാന നിര്‍ദേശം നല്‍കിയത്. വിമത എംഎല്‍എമാര്‍ ഇന്ന് വൈകീട്ട് ആറിന് സ്പീക്കറെ നേരിട്ട് കണ്ട് രാജിവയ്ക്കാനുള്ള കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശം നല്‍കിയത്. രാജിക്കത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ സ്പീക്കര്‍ക്കും സുപ്രീം കോടതി നിര്‍ദേശം നല്‍കി.

എന്നാല്‍, രാജിക്കത്തില്‍ തീരുമാനം എടുക്കാന്‍ സമയം ആവശ്യമാണെന്ന് പറഞ്ഞ് സ്പീക്കറും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ ഇനിയും സമയം ആവശ്യമാണെന്ന് സ്പീക്കര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, അടിയന്തരമായി വിഷയം പരിഗണിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നാളെയായിരിക്കും സ്പീക്കറുടെ ആവശ്യം കോടതി പരിഗണനയ്‌ക്കെടുക്കുക.

കോൺഗ്രസ്-ജെഡിഎസ് സർക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അവകാശപ്പെട്ടു. മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ എന്തിന് രാജി വയ്ക്കണം. രാജിവയ്ക്കേണ്ട അടിയന്തര സാഹചര്യമില്ല. 2008ൽ സമാന സാഹചര്യം ഉണ്ടായപ്പോൾ യെഡിയൂരപ്പ രാജിവച്ചിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rebel mlas and speaker approaches supreme court karnataka political drama