ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് വീണ്ടും തിരിച്ചടി. രാജിക്കാര്യം പുനരാലോചിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ വിമത എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ടി.ബി നാഗരാജ് മുംബൈയിലേക്ക് പറന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പയുടെ പിഎയ്‌ക്കൊപ്പമാണ് നാഗരാജ് വീണ്ടും മുംബൈയിലേക്ക് പോയത്.
കോൺഗ്രസ് നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നാഗരാജ് രാജി തീരുമാനത്തിൽ പുനഃപരിശോധന നടത്താമെന്ന് പറഞ്ഞത്. കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിന് പിന്തുണ പിൻവലിച്ച് രാജി സമർപ്പിച്ച 16 എംഎൽഎമാരിൽ ഒരാളാണ് എംടിബി നാഗരാജ്.
ഡി.കെ.ശിവകുമാറും മറ്റു നേതാക്കളും തന്നെ വന്ന് കണ്ടുവെന്നും അവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് രാജികാര്യം പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതെന്നും കെ.സുധാകര്‍ റാവുമായി സംസാരിച്ച ശേഷം താന്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും നാഗരാജ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ഒരു കുടുംബമാകുമ്പോള്‍ അതില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും 40 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുപോരുന്നവരാണ് നമ്മളെന്നും എല്ലാം മറന്ന് നമ്മള്‍ മുന്നോട്ടുപോകണമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു. നേരത്തെ എം.എല്‍.എ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പുനപരിശോധിച്ചേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡിയും പറഞ്ഞിരുന്നു. ജൂലൈ 15 വരെ സമയം ഉണ്ട്. അത് വരെ രാഷ്ട്രീയം സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും സംസാരമെല്ലാം കഴിഞ്ഞെന്നും തന്റെ പ്രശ്‌നങ്ങളെല്ലാം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞിട്ടുണ്ടെന്നും രാമലിംഗ റെഡ്ഡി പറഞ്ഞിരുന്നു. ജൂലൈ ആറിനാണ് രാമലിംഗ റെഡ്ഡി രാജി സമര്‍പ്പിച്ചത്.
വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും എതിരാളികളായ ബിജെപിയും തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. എംഎല്‍എമാരെ ചാക്കിലാക്കുന്നത് തടയാനാണ് ഈ നീക്കം. വിശ്വാസവോട്ടെടുപ്പിൽ വിജയം സ്വന്തമാക്കാൻ സാധിക്കുമെന്നാണ് കുമാരസ്വാമിയുടെ അവകാശവാദം.