/indian-express-malayalam/media/media_files/uploads/2017/07/sharad-yadav-759.jpg)
ന്യൂഡൽഹി: ജെഡിയു വിമത നേതാക്കളും എംപിമാരുമായ ശരത് യാദവിനെയും അലി അൻവറിനെയും എംപി സ്ഥാനത്ത് നിന്നും അയോഗ്യരാക്കി. രാജ്യസഭാ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ഇരുവർക്കും അയോഗ്യത കൽപ്പിച്ചത്. നിതീഷ് കുമാർ പക്ഷത്തിന്റെ പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
ഗുജറാത്ത് തിരഞ്ഞെടുപ്പിനുശേഷം പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ഐക്യജനതാദളിലെ വിമതപക്ഷത്തിനു നേതൃത്വം നൽകുന്ന ശരത് യാദവ് വിഭാഗം പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിൽ കോൺഗ്രസ് സഖ്യത്തിനൊപ്പം നിന്ന് ജനവിധി തേടുകയാണ് ശരത് യാദവ് വിഭാഗം.
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലങ്ങൾകൂടി വിലയിരുത്തിയശേഷമായിരിക്കും പുതിയ പാർട്ടിയെന്നാണ് നേതൃത്വം നൽകുന്ന സൂചന. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിനു പാർട്ടി ചിഹ്നം നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചതോടെ പുതിയ പാർട്ടിയെന്ന ആശയത്തിലേക്ക് ശരത് യാദവും അനുയായികളും തിരിയുകയായിരുന്നു.
ബിഹാറിൽ ലാലു പ്രസാദ് യാദവിന്റെ വെല്ലുവിളി നേരിടാനാണ് നിതീഷ് കുമാറും-ശരത് യാദവും കൈകോർത്തത്. 2013 വരെ ബിജെപിക്കൊപ്പമായിരുന്നു നിതീഷ് കുമാർ. അതുവരെ എതിർത്ത ലാലുവിനെക്കൂടി ഒപ്പംചേർത്ത് 2015 ൽ മഹാസഖ്യം രൂപീകരിച്ചായിരുന്നു നിതീഷ്-ശരത് പക്ഷത്തിന്റെ പരീക്ഷണം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയവും നേടി. പിന്നീട് ബിജെപിക്കൊപ്പം ചേരാൻ നിതീഷ് കുമാർ തീരുമാനിച്ചതോടെ സഖ്യംതകർന്നു. ഭൂരിഭാഗം നേതാക്കളും നിതീഷിനൊപ്പം നിന്നതോടെ ശരദ് യാദവ് വിഭാഗം നിലനിൽപ്പിനായി പുതുവഴികൾ തേടുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.