ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പിന്നാലെ ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്ശനവുമായി വിമത നേതാക്കളും ശിവസേനയും രംഗത്ത്. ജനങ്ങള്‍ക്ക് വേണ്ടത് ബിജെപി മുക്ത ഭാരതമാണെന്നായിരുന്നു ശിവസനേയുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയായിരുന്നു വിമത നേതാവും മുന്‍കാല സിനിമാ താരവുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ വിമര്‍ശനം. ട്വീറ്റുകളിലൂടെ അദ്ദേഹം മോദിയ്‌ക്കെതിരെ രംഗത്തെത്തി. ഇനി പറയൂ ആരാണ് യഥാര്‍ത്ഥ പപ്പുവെന്നും ആരാണ് ഫേക്കു എന്നും എന്നായിരുന്നു സിന്‍ഹയുടെ ട്വീറ്റ്. രാഹുല്‍ ഗാന്ധി തന്റെ കരിസ്മ തെളിയിച്ചെന്നും സിന്‍ഹ പറയുന്നു. കയ്യടിയും തെറിയും ക്യാപ്റ്റനെന്നും സിന്‍ഹ കൂട്ടിച്ചേര്‍ക്കുന്നു.

നേതാക്കളുടെ അഹങ്കാരവും മോശം പ്രകടനവും അമിത ആഗ്രഹവുമാണ് തോല്‍വിക്ക് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചു. പരാജയപ്പെട്ട സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്ക് ഹൃദയം നിറഞ്ഞ അനുശോചനം നേരുന്നതായും ഉടനെ തന്നെ അവര്‍ക്ക് നല്ല ബുദ്ധി തോന്നാന്‍ പ്രാർത്ഥിക്കാമെന്നും സിന്‍ഹ പറഞ്ഞു.

മോദി മാജിക് ഇല്ലാതായെന്നായിരുന്നു യശ്വന്ത് സിന്‍ഹയുടെ പ്രതികരണം. സിന്‍ഹ നേരത്തെ ബിജെപി വിട്ടിരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 2019 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഒരുമിക്കാനുള്ള അവസരമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അത് ദുരന്തമായി മാറുമെന്നും ജനാധിപത്യമില്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായി ഉലച്ചിലുള്ള സഖ്യ കക്ഷിയായ ശിവസേനയുടെ പ്രതികരണവും രൂക്ഷമായിരുന്നു. രാജ്യത്തെ കോണ്‍ഗ്രസ് മുക്തമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും സ്വപ്നം നിലംപൊത്തിയെന്നും ബിജെപി മുക്ത ഭരണമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ശിവസേന പറഞ്ഞു. പ്രധാനമന്ത്രിയുടെ പക്വതയില്ലാത്ത വൈകാരിക പ്രകടനങ്ങളും തിരിച്ചടിച്ചെന്ന് ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook