മധുര: എഐഎഡിഎംകെ വിമത നേതാവ് ടി.ടി.വി.ദിനകരൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ എന്നാണ് പുതിയ പാർട്ടിയുടെ പേര്. മധുരയിലെ മേലൂരിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ദിനകരൻ പാർട്ടി പ്രഖ്യാപനം നടത്തിയത്.
ചിന്നമ്മ (ജയലളിത) ഇന്നില്ല. അവരുടെ അനുവാദത്തോടെയും അനുഗ്രഹത്തോടെയുമാണ് ഞാൻ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിക്കുന്നതെന്ന് ദിനകരൻ പറഞ്ഞു. ജനങ്ങൾക്കുവേണ്ടിയാണ് ഞാൻ മൽസരിക്കുന്നത്. എംജിആറിന്റെയും ജയലളിതയുടെയും അനുയായികളാണ് അമ്മ മക്കൾ മുന്നേറ്റ കഴകത്തിലെ പ്രവർത്തകരെന്നും ദിനകരൻ പറഞ്ഞു.
ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിലെ ഇപ്പോഴത്തെ എംഎൽഎയാണ് ദിനകരൻ. എഐഎഡിഎംകെയിൽ നിന്നും പുറത്തായശേഷം സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ദിനകരൻ ആർകെ നഗറിൽ മൽസരിച്ചത്. ജയലളിതയുടെ മരണത്തിനുപിന്നാലെ അണ്ണാ ഡിഎംകെയിലുണ്ടായ പ്രതിസന്ധികളാണ് പുതിയ പാർട്ടി പ്രഖ്യാപനത്തിലേക്ക് ദിനകരനെ നയിച്ചത്.