പട്‌ന: ബീഹാർ മുഖ്യമന്ത്രി പദം രാജിവച്ച നിതീഷ് കുമാർ മഹാസഖ്യത്തിന്റെ ആണിക്കല്ല് ഇളക്കുക മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ദിശാവ്യതിയാനം സൃഷ്ടിക്കുന്ന നീക്കമാണ് നടത്തിയിരിക്കുന്നത്. ഇതിന്റെ ഭാവിയെ കുറിച്ച് ആരും തീർപ്പുകളിലെത്തുന്നില്ലെങ്കിലും വർത്തമാനകാലത്ത് തന്‍റെ രാജിയെകുറിച്ച് നിതീഷ് വിശദീകരിച്ചത് കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ്. ആര്‍ ജെ ഡിയുടെ കൂടെ പ്രവര്‍ത്തിക്കുകയെന്നത് ഏറെ ബുദ്ധിമുട്ട്, ആര്‍ജെഡിയുടെ അത്യാഗ്രഹം സഹിക്കാന്‍ പ്രയാസം, രാജി ബീഹാറിന്‍റെ താത്പര്യം കാത്തുസൂക്ഷിക്കുവാന്‍, രാഹുല്‍ ഗാന്ധിയോട്‌ സംസാരിച്ചുവെങ്കിലും പ്രശ്നപരിഹാരത്തിലെത്താന്‍ അദ്ദേഹത്തിനു സാധിച്ചില്ല,തേജസ്വിക്ക് അഴിമതി ആരോപണങ്ങള്‍ വിശധീകരിക്കാന്‍ സാധിച്ചില്ല എന്നിവയാണ് നിതീഷ്കുമാര്‍ മുന്നോട്ടുവെക്കുന്ന കാരണങ്ങള്‍.

ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ജനതാദള്‍ യുണൈറ്റഡ് മുഖ്യനുമായ നിതീഷ്‌കുമാറിന്റെ രാജി സംസ്ഥാനത്ത് പുതിയ സംഭവവികാസങ്ങള്‍ക്ക് വഴിവെക്കും. രാജിവെച്ച ജെഡിയു നേതാവ് പ്രഖ്യാപിച്ചത് രാജി ബിഹാറിന്‍റെ താത്പര്യങ്ങള്‍ കാത്തുസൂക്ഷിക്കാനാണ് എന്നാണ്. ” ആര്‍ജെഡി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നതുമുതല്‍ അവരോടു വിശദീകരണം ആരാഞ്ഞിരുന്നു. കുറഞ്ഞത് ആരോപണങ്ങള്‍ വിശദീകരിക്കുകയെങ്കിലും വേണം എന്നാണു തേജസ്വിനിയോട് പറഞ്ഞത്. പക്ഷെ അത് നടന്നില്ല. നടന്നില്ല എന്ന് മാത്രമല്ല കാര്യങ്ങള്‍ കുറച്ചുകൂടി മോശമാവുകയും ചെയ്തു. ഞങ്ങള്‍ വാക്കിലുറച്ചു നിന്നുകൊണ്ട് മഹാസഖ്യത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ എൻറെ മനസ്സാക്ഷി എന്നെ അതില്‍ തുടരാൻ അനുവദിക്കുന്നില്ല” നിതീഷ് പറഞ്ഞു.

ആര്‍ ജെ ഡിയുടെ കൂടെ പ്രവര്‍ത്തിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് പറഞ്ഞ നിതീഷ്‌കുമാർ. ആര്‍ജെഡി യുടെ അത്യാഗ്രഹം സഹിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ് എന്നും പറഞ്ഞു. പ്രശ്നത്തില്‍ സംയമനത്തിലെത്തുവാനായി കോണ്‍ഗ്രസ് ഇടപെടലുകള്‍ക്കും ശ്രമിച്ചതായി പറയുന്ന നിതീഷ് . രാഹുലിനോട്‌ സംസാരിച്ചുവെങ്കിലും പ്രശ്നപരിഹാരത്തിലെത്താന്‍ സാധിച്ചില്ല എന്നും പറയുഞ്ഞു. ” ബീഹാറില്‍ ധാരാളം കോണ്‍ഗ്രസ് നേതാക്കളുണ്ട്. അവരോടൊക്കെ അടിയന്തിരമായി പ്രശ്നപരിഹാരത്തിലെത്തിച്ചേരുവാന്‍ ഇടപെടാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ” ഗവര്‍ണര്‍ രാജി സ്ഥിരീകരിച്ചശേഷം മാധ്യമങ്ങളെ കണ്ട നിതീഷ് പറഞ്ഞു. ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിനെതിരെ അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനോട് ആരോപണങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും. അതിനുതകുന്ന ഒരു മറുപടി നല്‍കാന്‍ പോലും തേജസ്വിക്കു കഴിഞ്ഞില്ലായെന്നും നിതീഷ് ആരോപിക്കുന്നു.

Read More: കൊലപാതകത്തിന്റെ കറയാണ് നിതീഷ് കുമാറിന്റെ കൈകള്‍ക്ക് ആരോപിക്കപെടുന്നത്: ലാലുപ്രസാദ് യാദവ്

ബീഹാര്‍ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയജനതാദള്‍ മുഖ്യന്‍ ലാലുപ്രസാദ് യാദവിന്‍റെ മകന്‍ തേജസ്വി യാദവും രാജിവെക്കില്ല എന്ന് ലാലുപ്രസാദ് യാദവ് അറിയിച്ചതിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് നിതീഷ്‌കുമാറിന്റെ രാജി നടക്കുന്നത്. “തേജസ്വിനി യാദവ് രാജി വെയ്ക്കില്ല. നിതീഷ് കുമാര്‍ തേജസ്വിനിയുടെ രാജിയാവശ്യപ്പെട്ടിട്ടില്ല” എന്നായിരുന്നു ലാലു പ്രസാദ് യാദവ് പത്രസമ്മേളനത്തില്‍ പറഞ്ഞത്. “ഞാനും നിതീഷും തമ്മില്‍ യാതൊരു പ്രശ്നവുമില്ല. ഇന്നലെകൂടി ഞങ്ങള്‍ സംസാരിച്ചതാണ്. മാധ്യമങ്ങള്‍ ഞങ്ങളുടെ സഖ്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്” എന്നും ലാലു പ്രസാദ് യാദവ് കൂട്ടിചേര്‍ത്തിരുന്നു.

നിതീഷിന്റെ രാജി ഉറപ്പിച്ചത്തിനു പിന്നാലെ തന്നെ “അഴിമതിക്കെതിരെ പോരാടുന്ന നിതീഷിനെ സ്വാഗതം ചെയ്തു”കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ് വരികയുണ്ടായി. നോട്ടുനിരോധനത്തെ പരസ്യമായി പിന്തുണച്ചതും, പ്രതിപക്ഷകക്ഷികള്‍ ഒന്നായി മീരാകുമാറിനെ പിന്തുണച്ചപ്പോള്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി രാമനാഥ് കോവിന്ദിനു പിന്തുണ പ്രഖ്യാപിച്ചതും. ബിജെപിയുമായി തുടരുന്ന ഊഷ്മളബന്ധവുമൊക്കെ ചേര്‍ത്തുവെക്കുമ്പോള്‍ എന്‍ഡിഎ പിന്തുണയോടെ ജെഡിയു ഭരണം തുടര്‍ന്നേക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, ബിഎസ്‌പിയെയും മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ രാം മഞ്ജിയേയും കൂടെ നിര്‍ത്തിക്കൊണ്ട് മറ്റൊരു വിശാലസഖ്യത്തിനുള്ള ചരടുവലികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതാണ് ലാലുപ്രസാദ് യാദവിന്‍റെ നീക്കം. ആര്‍ജെഡിയുടെ യാദവ സമുദായ വോട്ടുകള്‍ക്ക് പുറമേ ബിഎസ്‌പിയുടെ ജാദവ വോട്ടുകളും ഗോത്രനേതാവായ ജിതന്‍ റാം മഞ്ജിയുടെ പിന്തുണയും കോണ്‍ഗ്രസ് വോട്ടുകളും ചേര്‍ന്നാല്‍ ഒരു തിരഞ്ഞെടുപ്പ് ഉണ്ടാവുകയാണെങ്കില്‍ ജെഡിയു- എന്‍ഡിഎ സഖ്യത്തിനു കടുത്ത വെല്ലുവിളി ഉയര്‍ത്താം എന്നാണ് ലാലുപ്രസാദ് യാദവിന്‍റെ കണക്കുകൂട്ടല്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ