ന്യൂദല്‍ഹി: സീതാറാം യെച്ചൂരിയെ ബംഗാളില്‍ നിന്നുമുള്ള രാജ്യസഭാ അംഗമായി നാമനിര്‍ദ്ദേശം ചെയ്താല്‍ പിന്തുണയ്ക്കുമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ നേതൃത്വം. പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ ചൗധരിയാണ് നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാനത്തു നിന്നും അഞ്ച് പേരെയാണ് രാജ്യസഭയിലേക്ക് അയക്കാന്‍ കഴിയുക. സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് നാല് പേരെ അയക്കാന്‍ സാധിക്കും. സംസ്ഥാന നിയമസഭയിലെ പ്രാതിനിധ്യം കണക്കിലെടുത്താണിത്. അഞ്ചാമത്തെ സീറ്റിലേയ്ക്കാണ് കോണ്‍ഗ്രസിനും സി പി എമ്മിനോ പ്രാതിനിധ്യം കിട്ടുക. മാര്‍ച്ച് 23നാണ് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പുള്ളത്.

‘സീതാറാം യെച്ചൂരിയ്ക്കുള്ള അനുഭവസമ്പത്ത് കണക്കിലെടുത്ത് അദ്ദേഹത്തെ വീണ്ടും രാജ്യസഭയിലേയ്ക്ക് അയക്കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം അതിനെ എതിര്‍ത്തു. ഇത്തവണയും അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്താല്‍ ഞങ്ങള്‍ പിന്തുണയ്ക്കും.’ കോണ്‍ഗ്രസ് പശ്ചിമബംഗാള്‍ അധ്യക്ഷന്‍ അധീര്‍ ചൗധരി പറയുന്നു.

‘2016 ല്‍ സിപിഎമ്മുമായി തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ചെന്ന് പറയുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടില്ല. പക്ഷെ അവരുടെ നേതൃത്വം അതില്‍ നിന്നും പിന്മാറുകയായിരുന്നു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യെച്ചൂരിയെ നാമനിര്‍ദ്ദേശം ചെയ്തില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടി വരുമെന്നും ചൗധരി പറഞ്ഞു. ‘ സിപിഎമ്മുമായുള്ള സഖ്യം അവസാനിച്ചതിന് ശേഷം സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ബംഗാളിലെ വര്‍ഗ്ഗീയ ശക്തികളെ തടയാന്‍ ഒരു തെരഞ്ഞെടുപ്പ് സഖ്യം അത്യാവശ്യമാണ്. കോണ്‍ഗ്രസും സിപിഎമ്മും ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനത്തിലെത്തണം. അതൊരു പോസിറ്റീവ് സന്ദേശമാകും.’ അദ്ദേഹം പറയുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി അനൗപചാരികമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സംസ്ഥാനത്തിന്റെ നന്മയ്ക്കായി കേവല രാഷ്രീയം മറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ